ഡല്‍ഹിയില്‍ വന്‍ കോണ്‍ഗ്രസ് കര്‍ഷക റാലി; രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് സൂചന

Posted on: April 3, 2015 6:00 am | Last updated: April 3, 2015 at 11:36 pm

rahul_gandhi_ന്യൂഡല്‍ഹി: ഏപ്രില്‍ 19 ന് ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ് റാലിയില്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തേക്കും. അദ്ദേഹം അവധി പൂര്‍ത്തിയാക്കി 12 ന് എത്തുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. മോദി സര്‍ക്കാറിന്റെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ കോണ്‍ഗ്രസ് നയിക്കുന്ന കിസാന്‍ റാലിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് കര്‍ഷകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാംലീലാ മൈതാനിയിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.
മുമ്പ് ഏപ്രില്‍ 12നാണ് കിസാന്‍ റാലി സംഘടിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടിത് മാറ്റുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പുറമെ പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളും റാലിയെ അഭിസംബോധന ചെയ്യും.
സഭയില്‍ സുപ്രധാന ബില്ലുകള്‍ ചര്‍ച്ചക്ക് എത്തിയ സാഹചര്യത്തിലാണ് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തത്. രാഹുലിന്റെ ഈ നടപടിക്ക് എതിരെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പലരും രംഗത്തെത്തിയിരുന്നു. പിന്നീട് രാഹുല്‍ മാര്‍ച്ച് ആദ്യം ഡല്‍ഹിയില്‍ തിരികെയെത്തുമെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ രാഹുല്‍ മാര്‍ച്ച് അവസാനം മാത്രമേ അവധി പൂര്‍ത്തിയാക്കി തിരികെ എത്തുകയുള്ളുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പിന്നീട് സൂചിപ്പിച്ചു. ഇതിന് ശേഷമാണ് രാഹുലിന്റെ മടക്കം വീണ്ടും മാറ്റിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധി ഏപ്രില്‍ 19 ന് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക റാലിയില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ ബി ജെ പി പരിഹസിച്ചു. നിങ്ങള്‍ പറയുന്നത് കാര്യമാണോ, അദ്ദേഹത്തിന്റെ അവധി കഴിഞ്ഞോ എന്നൊക്കെയായിരുന്നു പാര്‍ട്ടി വക്താവ് ഷാനവാസ് ഹുസൈന്റെ പ്രതികരണം. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം തേടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. അദ്ദേഹം പരിപാടിക്കെത്തുമെന്ന റിപ്പോര്‍ട്ട് ശരിയാണെന്ന് താന്‍ കരുതുന്നില്ല. ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ ഒരു വക്താവും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. രാഹുല്‍ എപ്പോള്‍ തിരിച്ചെത്തുമെന്ന ചോദ്യങ്ങള്‍ പാര്‍ട്ടിയില്‍ അലോസരമുണ്ടാക്കിത്തുടങ്ങിയിരിക്കുന്നു. എന്ത് പദ്ധതിയുമായിട്ടാണ് അദ്ദേഹം വരുന്നതെന്നറിയില്ല. അദ്ദേഹം തിരിച്ചുവരുമ്പോള്‍ അക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നതാണുചിതമെന്നും അദ്ദേഹം പറഞ്ഞു.