ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ എഞ്ചിനീയറിംഗ് പരീക്ഷാ സെന്റര്‍ അനുവദിച്ചു

Posted on: April 2, 2015 9:26 pm | Last updated: April 2, 2015 at 9:26 pm

ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ സി ബി എസ് ഇ എഞ്ചിനീയറിംഗ് എന്‍ട്രന്‍സുള്‍പെടെയുള്ള പരീക്ഷകളുടെ (ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍) സെന്റര്‍ അനുവദിച്ചു. ഗള്‍ഫ് മേഖലയില്‍ സി ബി എസ് ഇ അനുവദിക്കുന്ന അഞ്ചാമത്തെ സെന്ററാണിത്.

സഊദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, ദുബൈ എന്നിവയാണ് മറ്റു കേന്ദ്രങ്ങള്‍. എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സന്ദര്‍ശിച്ച് സ്‌കൂളിലെ സൗകര്യവും മറ്റും വിലയിരുത്തിയ ശേഷമാണ് സെന്റര്‍ അനുവദിച്ചത്. ദിവസങ്ങള്‍ നീണ്ടതായിരുന്നു സൗകര്യങ്ങളുടെ വിലയിരുത്തല്‍ എഞ്ചിനീയറിംഗ് അടക്കമുള്ള പരീക്ഷകള്‍ക്ക് ഏറ്റവും അനുയോജ്യമായ കേന്ദ്രമെന്നായിരുന്നു സ്‌കൂളിനെക്കുറിച്ചുള്ള ഡയറക്ടറുടെ വിലയിരുത്തല്‍. ഈ വര്‍ഷത്തെ എഞ്ചിനീയറിംഗ് പരീക്ഷകള്‍ ഈ മാസം നാലിന് നടക്കും. രാവിലെ ബി ടെക്കും, ഉച്ചക്ക് ആര്‍ക്കിടെക്ടച്ചര്‍ പ്ലാനിംഗ് പരീക്ഷയും നടക്കും. യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 125 പേര്‍ പരീക്ഷ എഴുതും. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തിലായിരിക്കും പരീക്ഷ. ദുബൈയിലെ പരീക്ഷ കേന്ദ്രത്തിലെത്താന്‍ പ്രയാസം നേരിടുന്ന പരീക്ഷാര്‍ഥികള്‍ക്കു ഷാര്‍ജയിലെ സെന്റര്‍ ഏറെ പ്രയോജനകരമാവും.
പരീക്ഷക്കുള്ള മുഴുവന്‍ സജ്ജീകരണങ്ങളും സെന്ററില്‍ ഒരുക്കിയിട്ടുണ്ടെന്നു പ്രിന്‍സിപ്പല്‍ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. സി ബി എസ് ഇ 10ഉം, 12ഉം ക്ലാസ് പരീക്ഷകളുടെ സെന്റര്‍ നിലവില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളാണ്. ഈ വര്‍ഷത്തെ പന്ത്രണ്ടാം തരം പരീക്ഷ അവസാനിച്ചിട്ടില്ല. ഈ മാസം 24നേ കഴിയുകയുള്ളു. അതേ സമയം, 10-ാം തരം പരീക്ഷ ഇതിനകം അവസാനിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി പ്രസ്തുത പരീക്ഷകളുടെ സെന്റര്‍ ഈ സ്‌കൂളാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുക്കണക്കിനു വിദ്യാര്‍ഥികളാണ് വര്‍ഷം തോറും പരീക്ഷയെഴുതാനെത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിദ്യാലയങ്ങളിലൊന്നായ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ ഏത് തരം പരീക്ഷക്കുമുള്ള സൗകര്യമുണ്ടെന്നതാണ് സവിശേഷത.