നാട്ടില്‍ പോകണമെങ്കില്‍ പിഴ അടക്കണമെന്ന് എംബസി; സന്‍അയിലെ മലയാളി നഴ്‌സുമാര്‍ ദുരിതത്തില്‍

Posted on: April 2, 2015 6:14 pm | Last updated: April 2, 2015 at 6:14 pm

jiboothiമസ്‌കത്ത് : മൂന്ന്് മാസമായി ശമ്പളമില്ലാതെ ദുരിതത്തിലായ യമനിലെ മലയാളി നഴ്‌സുമാര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ പ്രഹരം. ആഭ്യന്തര പ്രശ്‌നവും വ്യോമാക്രമണവും രൂക്ഷമായ സന്‍അയില്‍ കഴിയുന്ന മലയാളി നഴ്‌സുമാര്‍ക്കാണ് ഈ ദുരനുഭവം. എന്‍ട്രി വിസയില്‍ യമനിലെത്തിയ ഇവര്‍ സന്‍അക്ക് സമീപത്തെ ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാല്‍, ആശുപത്രി അധികൃതര്‍ ഇവര്‍ക്ക് വിസയോ മാസങ്ങളോളമായി ശമ്പളവും നല്‍കിയിരുന്നില്ല. എന്നാല്‍ പ്രശ്‌നം രൂക്ഷമായതോടെ യമനില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ പുറപ്പെട്ട നഴ്‌സുമാരോട് പിഴ അടക്കണമെന്ന് യമനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ വാശിപിടിക്കുന്നതായി തിരുവനന്തപുരം സ്വദേശിയായ ഷിബിന്‍ ഡാനിയല്‍ സിറാജിനോട് പറഞ്ഞു.
സംഘര്‍ഷം രൂക്ഷമായ ബനി മാതറില്‍ ജോലി ചെയ്യുകയായിരുന്ന ഷിബിന്‍ കഴിഞ്ഞ ദിവസമാണ് സന്‍അയിലെത്തിയത്. സന്‍അയിലെ ഒരു ആശുപത്രിയിലാണ് ഷിബിന്‍ ഇപ്പോള്‍ കഴിയുന്നത്. നൂറ് കണക്കിന് മലയാളി നഴ്‌സുമാര്‍ തന്നോടൊപ്പമുണ്ടെന്നും ഇതുവരെയായിയിട്ടും തങ്ങള്‍ക്കാര്‍ക്കും എന്‍ട്രി വിസയല്ലാതെ മറ്റൊന്നും ലഭിച്ചിരുന്നില്ലെന്നും ഷിബിന്‍ പറഞ്ഞു. വിസയില്ലാത്തതിന്റെ പേരില്‍ യമനില്‍ നിന്ന് പുറപ്പെടാന്‍ കഴിയില്ലെന്ന ആശങ്കയാണ് തങ്ങള്‍ക്കുള്ളതെന്ന് അവര്‍ വ്യക്തമാക്കി.
30,000 മുതല്‍ 40,000 യമനി റിയാല്‍വരെ നല്‍കിയാല്‍ മാത്രമെ നാട്ടിലെത്തിക്കുകയുള്ളുവെന്നുമാണ് ഇന്ത്യന്‍ എംബസി പറയുന്നതെന്ന് നഴ്‌സുമാരില്‍ ചിലര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ആശുപത്രിയില്‍ നിന്ന് തങ്ങള്‍ക്ക് കിട്ടാനുള്ള ശമ്പളം വാങ്ങിക്കാനാണ് നഴ്‌സുമാരില്‍ പലരും തീരുമാനിച്ചിരിക്കുന്നത്. ശമ്പളം ലഭിച്ചില്ലെങ്കിലും എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നാണ് കരുതിയിരുന്നതെന്നും എങ്കില്‍ പിഴ നല്‍കേണ്ട സാഹചര്യത്തില്‍ ശമ്പളം വാങ്ങിക്കുകയല്ലാതെ നഴ്‌സുമാരുടെ മുന്നില്‍ മറ്റൊരു മാര്‍ഗവുമില്ല. എന്നാല്‍, ശമ്പളം നല്‍കാന്‍ ആശുപത്രി ആധികൃതരും സന്നദ്ധമാകുന്നില്ലത്രെ. ആക്രമണം കാരണം ബേങ്കുകള്‍ അടച്ചിട്ടിരിക്കുകയാണെന്നും പണം ഇപ്പോള്‍ നല്‍കാന്‍ സാധിക്കില്ലെന്നും പറഞ്ഞ് ആശുപത്രി അധികൃതര്‍ കൈമലര്‍ത്തുകയാണ്. സന്‍അയിലെയും സമീപത്തെയും സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയുന്നവര്‍ക്ക് തൊഴില്‍ വിസ നല്‍കാറില്ലെന്നും അവധിക്ക് പോകുമ്പോള്‍ എക്‌സിറ്റ് അടിക്കാറാണ് പതിവെന്നും നഴ്‌സുമാര്‍ പറയുന്നു.
രണ്ട് വര്‍ഷമായ മലയാളി നഴ്‌സുമാരില്‍ ചിലരോട് 1,200 ഡോളര്‍ (75000 രൂപയോളം) അടക്കണമെന്നാണ് എംബസി ഉദ്യോഗസ്ഥര്‍ പറയുന്നത്. ജോലിയുമായി ബന്ധപ്പെട്ട് ഷിബിന് പ്രയാസമുണ്ടായിരുന്നുവെന്നും എന്നാല്‍ ഇതേകുറിച്ച് കൂടുതലൊന്നും അവന്‍ പറഞ്ഞിരുന്നില്ലെന്നും ബര്‍കയില്‍ ജോലി ചെയ്യുന്ന ഷിബിന്റെ സഹോദരന്‍ വിജയ് കുമര്‍ പറഞ്ഞു.
അതിനിടെ, ആഭ്യന്തര പ്രശ്‌നവും സഊദിയുടെ സൈനിക നടപടിയും രൂക്ഷമായ യമനില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനായി അയച്ച എയര്‍ ഇന്ത്യ വിമാനം സന്‍അയിലേക്ക് പുറപ്പെട്ടു. സഊദി അറേബ്യയുടെ അനുമതി കാത്ത് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായിരുന്ന രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളാണ് ചൊവ്വാഴ്ച രാത്രി 11.55ന് മസ്‌കത്തില്‍ നിന്ന് ഉയര്‍ന്നത്.
മസ്‌കത്തില്‍ നിന്ന് നേരിട്ട് സന്‍അയിലേക്ക് പോകുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സഊദി അറിയിച്ചതിനെ തുടര്‍ന്ന് യമന്റെ അയല്‍രാജ്യമായ വടക്കന്‍ ആഫ്രിക്കയിലെ ജിബൂത്തി വഴിയാണ് വിമാനം സന്‍അയിലെത്തിയതെന്നും സഊദിയില്‍ നിന്ന് അനുമതി ലഭിച്ച ഉടനെ തന്നെ വിമാനം മസ്‌കത്തില്‍ നിന്ന് ഉയര്‍ന്നെന്നും ഒമാനിലെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
180 സീറ്റുകളുള്ള എ 320 എന്ന രണ്ട് വിമാനമാണ് മസ്‌കത്തില്‍ നിന്ന് സന്‍അയിലേക്ക് പുറപ്പെട്ടത്. ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് തൊട്ടുപിന്നാലെയാണ് മസ്‌കത്തിലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ദിബൂത്തി വഴി സന്‍അയിലേക്ക് പോകാനുള്ള അനുമതി ലഭിച്ചതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
മലയാളികളടക്കം 3,700 ഇന്ത്യക്കാരാണ് യമനിലുള്ളത്. ഇവരില്‍ കൂടുതലും സംഘര്‍ഷ പ്രദേശത്താണ് ജീവിക്കുന്നത്. സംഘര്‍ഷം ശക്തമായ ഏതനില്‍ നിന്ന് കഴിഞ്ഞ ദിവസം മലയാളി നഴ്‌സുമാരുള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ജിബൂത്തിയിലെത്തിച്ചിരുന്നു. ജിബൂത്തി വഴിയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നത്. അതിനിടെ, ജിബൂത്തിയിലുള്ള ഇന്ത്യക്കാരെ നേരിട്ട് ചെന്ന് ആശ്വസിപ്പിക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രി വി കെ സിംഗിന് നേതൃത്വത്തിലുള്ള സംഘം ജിബൂത്തിയിലെത്തിയിട്ടുണ്ട്. യമനിലെ ഇന്ത്യക്കാര്‍ പൂര്‍ണമായും സുരക്ഷിതരാണെന്നും എല്ലാവരെയും രാജ്യത്തെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, മസ്‌കത്തില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ സന്‍അയിലേക്ക് പുറപ്പെട്ടതോടെ യമനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ ബന്ധുക്കള്‍ക്ക് ആശ്വാസമായി. സന്‍അയില്‍ നിന്ന് നാട്ടിലേക്കോ ജിബൂത്തിയിലേക്കോ എത്തിയാല്‍ മതിയെന്ന ആഗ്രമാണ് യമനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്കുള്ളത്.
ഇന്നലെ ജിബൂത്തിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് തിരിച്ച വിമാനത്തില്‍ 350 ഇന്ത്യക്കാരെ കയറ്റിയിട്ടുണ്ടെന്നും ഇവരില്‍ 206 പേരും മലയാളികളാണെന്നും വിദേശകാര്യ മന്ത്രാലയം വക്താക്കള്‍ അറിയിച്ചു.