Connect with us

Wayanad

പദ്ധതിയില്‍ സുതാര്യത ഉറപ്പുവരുത്തണം: മന്ത്രി ജയലക്ഷ്മി

Published

|

Last Updated

കല്‍പ്പറ്റ: പട്ടകവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ നടത്തുന്ന ആദിവാസി ഭൂവിതരണ പദ്ധിയില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സതാര്യത ഉറപ്പുവരുത്തണമെന്ന് വകുപ്പുമന്ത്രി പി കെ ജയലക്ഷ്മിയുടെ നിര്‍ദേശം.
ആദിവാസി പുനരധിവാസ മിഷനു കീഴിലെ സ്ഥലമെടുപ്പും ഭൂവിതരണവും കാലതാമസം കൂടാതെ ഊര്‍ജ്ജിതമാക്കണമെന്നും ബുധനാഴ്ച കലക്ട്രറേറ്റില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ തീരുമാനമായി. ഇടനിലക്കാരുടെയോ ബാഹ്യ ശക്തികളുടെയോ ഇടപെടലുകളുണ്ടായാല്‍ അതു തടയണമെന്നും അഴിമതിക്കു വഴിവെക്കുന്ന തരത്തില്‍ ആരുടെയെങ്കിലും ഭാഗത്തുനിന്ന് നടപടിയുണ്ടായാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മന്ത്രി കലക്ടര്‍ കേശവേന്ദ്രകുമാറിന് നിര്‍ദേശം നല്‍കി.
ആദിവാസി പുനരധിവാസ മിഷനു കീഴില്‍ നടപ്പിലാക്കുന്ന ഭൂവിതരണത്തിന്റെ മുഴുവന്‍ ചുമതലയും ജില്ലാ കലക്ടര്‍ക്കാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങിയ താലൂക്ക് തല കമ്മിറ്റിയാണ് ഭൂമി വില്‍ക്കാന്‍ താല്‍പ്പര്യമുള്ളവരുടെ സ്ഥലം പരിശോധിച്ച് സ്ഥലമെടുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.
താലൂക്ക് തല കമ്മിറ്റി ശിപാര്‍ശ ചെയ്യുന്ന ഭൂമി കലക്ടറുടെ അധ്യക്ഷതയിലുള്ള ജില്ലാതല കമ്മിറ്റി വീണ്ടും പരിശോധിക്കണം. ഇങ്ങനെ കണ്ടെത്തുന്ന ഭൂമി വിതരണം ചെയ്യുമ്പോള്‍ അരിവാള്‍ രോഗികള്‍ക്ക് പ്രഥമ പരിഗണന നല്‍കണം. അടിയ, പണിയ വിഭാഗങ്ങള്‍ക്കും രോഗികള്‍, വികലാംഗര്‍ എന്നിവര്‍ക്കും മുന്‍ഗണന നല്‍കണം. ഉടന്‍തന്നെ ഇതിനുള്ള താലൂക്ക് സമിതികള്‍ യോഗം ചേരണമെന്നും ഈ മാസം അവസാനം ജില്ലാതല സമിതി വീണ്ടും യോഗം ചേരാനും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ്, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, റവന്യൂ വകുപ്പിലെയും പട്ടികവര്‍ഗ്ഗ വികസന വകുപ്പിലെയും ഉദ്യോഗസ്ഥര്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Latest