Connect with us

Malappuram

കുട്ടികളെ പിടിക്കാന്‍ മോഹന വാഗ്ദാനങ്ങളുമായി തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍

Published

|

Last Updated

കോട്ടക്കല്‍: അവധിക്കാലം മുതലെടുത്ത് വിവിധ തെഴില്‍പരിശീലന കേന്ദ്രങ്ങള്‍ മോഹന വാഗ്ദാനങ്ങളുമായി കുട്ടികളിലെ വലവീശുന്നു.

ഹൃസ്വകാലത്തേക്ക് നല്‍കുന്ന പരിശീലത്തിലേക്കാണ് വിദ്യാര്‍ഥികളെ വിവിധ വാഗ്ദാനങ്ങളുമായി സ്ഥാപന നടത്തിപ്പുകാര്‍ സമീപിക്കുന്നത്. തൊഴില്‍ പരിശീലന കേന്ദ്രങ്ങളുടെ ആധിക്യമാണ് പൊലിപ്പിച്ച വാഗ്ദാനങ്ങള്‍ നല്‍കി കുട്ടികളെ പിടിക്കുന്നതിന് ഇവരെ പ്രേരിപ്പിക്കുന്നത്. കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രങ്ങളാണ് ഇക്കാര്യത്തില്‍ മുമ്പില്‍. മിക്ക ടൗണുകളിലും ഡസന്‍ കണക്കിന് കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രങ്ങളാണുള്ളത്. ഇവിടെക്കെല്ലാം കുട്ടികളെ ലഭിക്കാനാണ് സ്ഥാപന നടത്തിപ്പുകാരുടെ നെട്ടോട്ടം.
“സര്‍ക്കാര്‍ സ്ഥാപനം”, “കേന്ദ്രസര്‍ക്കാറിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ്” തുടങ്ങിയവക്ക് പുറമെ സമ്മാനങ്ങളുടെ ഒരുകൂട്ടം വാഗ്ദാനങ്ങളാണ് സ്ഥാപനങ്ങള്‍ മുന്നോട്ട് വെക്കുന്നത്. കുറഞ്ഞ കാലത്തേക്ക് പരമാവധി കുട്ടികളെ ചേര്‍ത്ത് ലാഭം കൊയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് ഇത്തരം വാഗ്ദാനങ്ങള്‍ക്ക് മുമ്പില്‍. മത്സരം മുറുകിയതോടെ സത്യസന്ധമായി സ്ഥാപനങ്ങള്‍ നടത്തുന്നവരും ഇല്ലാത്ത കാര്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് നടത്തിപ്പുകാരായ ചിലര്‍ പറയുന്നു.
പലസ്ഥാപനങ്ങള്‍ക്കും ചില കോഴ്‌സുകളിലെങ്കിലും സര്‍ക്കാര്‍ അംഗീകരാം നല്‍കിയിട്ടുണ്ട്. പി എസ് സിക്ക് വേണ്ടിമാത്രമുള്ളവയാണിത്. എന്നാല്‍ ഇതിനെ ചിലര്‍ ദുരുപയോഗംചെയ് പരസ്യപ്പെടുത്തിയാണ് കുട്ടികളെ ആകര്‍ഷിക്കുന്നത്. “കേരള സര്‍ക്കാര്‍ സ്ഥാപനം” എന്ന് വരെ പരസ്യത്തിലെഴുതുന്നുണ്ട് ചിലര്‍. കേന്ദ്രസര്‍ക്കാറിന്റെ എന്‍ സി വി ടി കോഴ്‌സിന്റെ എം ഇ എസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു എന്ന പരസ്യവും ചില സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ട്. ഈ അംഗീകാരം ലഭിക്കാത്തവര്‍ പോലും സ്‌കൂള്‍ ഒഴിവുകാലത്തെ ഹൃസ്വപഠന കേഴ്‌സുകള്‍ക്കായി ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. സൗജന്യമായി ലഭിക്കുന്ന ഇത്തരം കേഴ്‌സുകള്‍ക്കാവട്ടെ ചില സ്ഥാപനങ്ങള്‍ വന്‍തുകയും ഈടാക്കുന്നുണ്ട്. തൊഴില്‍ അന്വേഷകര്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതാണ് ഇത്തരം കോഴ്‌സുകള്‍. ഇതിനായി കഴിഞ്ഞ സര്‍ക്കാരും പുതിയ സര്‍ക്കാറും കേന്ദ്രനടത്തിപ്പുകാര്‍ക്ക് ഫണ്ട് നല്‍കുന്നുണ്ട്. പഠിതാക്കളുടെ എണ്ണത്തിന് അനുസരിച്ചാണ് ഇവര്‍ക്ക് തുക നല്‍കുക.
പഠിച്ചിറങ്ങുന്നവരുടെ രേഖസമര്‍പ്പിച്ചാല്‍ ഇവര്‍ക്ക് ഇതിന്റെ വിഹിതം ലഭിക്കും. എന്നാല്‍ ഇതിന് പോലും 19,000 രൂപ വരെ ചിലര്‍ ഈടാക്കുന്നുണ്ടെന്നാണ് വിവരം. വീടുകള്‍ കയറി ഇറങ്ങിയുള്ള കുട്ടികളെ പിടിത്തവും നടക്കുന്നുണ്ട്. ഇവയിലെല്ലാം ഇത്തരം മോഹന വാഗാദാനങ്ങള്‍ നല്‍കുന്നത് കാരണം പലരും വഞ്ചിതരാവുകയാണ്. മൊബൈല്‍ ഫോണ്‍, ടാബ്‌ലെറ്റ്, ബൈക്ക്, വിനോദയാത്ര തുടങ്ങിയ പ്രലോഭനങ്ങളല്ലാം പലരും പയറ്റുന്നുണ്ട്.
ഇത് കാരണം കുട്ടികള്‍ ഇത്തരം വാഗ്ദാന സ്ഥാപനങ്ങളില്‍ ചേരാന്‍ രക്ഷിതാക്കളെ നിര്‍ബന്ധിക്കുകയാണ്. കുട്ടികളുടെ നിര്‍ബന്ധത്തിന് വഴങ്ങുന്നതിനാല്‍ രക്ഷിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവാത്ത അവസ്ഥയും നിലവിലുണ്ട്. അതെ സമയം ഇത്തരം കാര്യങ്ങള്‍ ഒന്നുമില്ലാതെ തന്നെ സത്യസന്ധമായി സ്ഥാപനം നടത്തുന്നവരും ഏറെയുണ്ട്. എങ്കിലും പ്രലോഭനങ്ങളും മോഹനവാഗ്ദാനങ്ങളും നല്‍കുന്നവരോട് മത്സരിക്കാനാവാതെ സത്യസന്ധമായി സ്ഥാപനം നടത്തുവര്‍ വലയുകയാണ്.

Latest