അവധിക്കാലം ആഘോഷിക്കാന്‍ അനാഥശാലയിലെ കുട്ടികള്‍ നാട്ടിലേക്ക്

Posted on: April 2, 2015 10:07 am | Last updated: April 2, 2015 at 10:07 am

മഞ്ചേരി: മനുഷ്യക്കടത്ത് വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷക്കാലം മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ അനാഥ ശാലയിലേക്ക് കൊണ്ടുവന്ന 23 കുട്ടികള്‍ അവധിക്കാലം ചെലവഴിക്കാന്‍ ഇന്ന് നാട്ടിലേക്ക് തിരിക്കും.
പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് നാട്ടിലേക്ക് പോകാന്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അനുമതി നല്‍കിയത്. ചെയര്‍മാന്‍ അഡ്വ. ശരീഫ് ഉള്ളത്ത്, മെമ്പര്‍ അഡ്വ. കൊരമ്പയില്‍ നജ്മല്‍ ബാബു, ഡി സി പി യു ഉദ്യോഗസ്ഥരായ സമീര്‍ മച്ചിങ്ങല്‍, എ കെ സാലി എന്നിവരടങ്ങുന്ന സംഘം കുട്ടികളെ സന്ദര്‍ശിച്ച് അനാഥശാല അധികൃതര്‍ക്ക് ഉത്തരവ് കൈമാറി. വ്യക്തമായ രേഖകളില്ലാതെ പശ്ചിമ ബംഗാളില്‍ നിന്നും അനാഥ ശാലയിലേക്ക് കൊണ്ടുവന്ന കുട്ടികളെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ അധികൃതര്‍ കണ്ടെത്തി കേസെടുക്കുകയായിരുന്നു. ഏറെ വിവാദമായ ഈ സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഇടപെട്ട് കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.
നാട്ടിലേക്ക് യാത്രയാകുന്ന കുട്ടികള്‍ക്ക് മധുരവും സമ്മാനപ്പൊതികളും പുത്തന്‍ ഉടുപ്പുകളും സമ്മാനിച്ച ചൈല്‍ഡ് വെല്‍ഫെയര്‍ ടീം അവര്‍ക്ക് ഊഷ്മളമായ യാത്രയയപ്പ് നല്‍കി. അനാഥശാല അധികൃതര്‍, നാട്ടുകാര്‍, ബാലക്ഷേമ ഉദ്യോഗസ്ഥര്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.