സമസ്ത പ്രസിഡന്റിന് സ്വീകരണം: പതിനായിരങ്ങള്‍ പങ്കെടുക്കും

Posted on: April 2, 2015 10:06 am | Last updated: April 2, 2015 at 10:06 am

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ക്ക് നാളെ കൊണ്ടോട്ടിയില്‍ നല്‍കുന്ന സ്വീകരണ മഹാസമ്മേളനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും.
സുന്നി സംഘകുടുബം സുലൈമാന്‍ ഉസ്താദിന് നല്‍കുന്ന സ്വീകരണത്തില്‍ ജില്ലയില്‍ നിന്നും സമീപ ജില്ലയില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ സംബന്ധിക്കും. സ്വീകരണ സമ്മേളനം വന്‍ വിജയമാക്കാന്‍ 501 അംഗം സ്വാഗതസംഘം ഭാരവാഹികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 1926ല്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ പ്രസിഡന്റായി രൂപംകൊണ്ട സമസ്തയുടെ ഒമ്പതാമത്തെ പ്രസിഡന്റാണ് സുലൈമാന്‍ മു സ്‌ലിയാര്‍. കേരളത്തിലെ നിരവധി പണ്ഡിത നേതാക്കളുടെ ഗുരുവര്യനും ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്ന അറബിക് കോളജില്‍ അരനൂറ്റാണ്ടിലധികം കാലം മുദരിസായി സേവനം ചെയ്യുന്ന സുലൈമാന്‍ ഉസ്താദിന് നല്‍കുന്ന സ്വീകരണം ആവേശത്തോടെയാണ് സുന്നി പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത്.
നാളെ ജുമുഅ നിസ്‌കാരം കഴിഞ്ഞ് ഒതുക്കുങ്ങല്‍ ഉസ്താദുല്‍ അസാതീദ് ഒ കെ സൈനുദ്ദീന്‍കുട്ടി മുസ്‌ലിയാരുടെ മഖാം സിയാറത്തോടെ പ്രവര്‍ത്തകര്‍ പ്രസിഡന്റിന്റെ വസതിയുള്ള ചെങ്ങാനി കാരാട്ടാലുങ്ങലില്‍ എത്തിച്ചേരും. തുടര്‍ന്ന് 4.30ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഉസ്താദിനെ കൊണ്ടോട്ടിയിലേക്ക് ആനയിക്കും. തുടര്‍ന്ന് കൊണ്ടോട്ടിയില്‍ എം എ ഉസ്താദ് നഗറില്‍ സ്വീകരണ സമ്മേളനം നടക്കും. വിദേശ പ്രതിനിധികളും സമസ്ത, എസ് വൈ എസ്, എസ് ജെ എം, എസ് എം എ, എസ് എസ് എഫ് സംസ്ഥാന-ജില്ലാ നേതാക്കളും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രതിനിധികളും സമ്മേളനത്തില്‍ സംബന്ധിക്കും.