അര്‍ബുദത്തെ അതിജീവിച്ചവര്‍ തീര്‍ത്ത കരകൗശലമേള ശ്രദ്ധേയമായി

Posted on: April 2, 2015 10:01 am | Last updated: April 2, 2015 at 10:01 am

കോഴിക്കോട്: ക്യാന്‍സറിന് മുമ്പില്‍ കീഴടങ്ങാത്ത മനസ്സുകള്‍ തീര്‍ത്ത വര്‍ണ വിസ്മയങ്ങളുമായി പോലീസ് ക്ലബ്ബില്‍ ആരംഭിച്ച വസത്ര- കരകൗശല മേള ശ്രദ്ധേയമാകുന്നു. മനസ്സിന്റെ ഇച്ഛശാക്തികൊണ്ട് അര്‍ബുദത്തെ അതിജീവിച്ചവരും അവരുടെ കുടുംബാംഗങ്ങളും നിര്‍മിക്കുന്ന വിവിധ ഉത്പന്നങ്ങളാണ് മേളയിലുള്ളത്. അര്‍ബുദ പ്രതിരോധവും ബോധവത്കരണവും മുഖ്യലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പുനര്‍ജനി ക്യാന്‍സര്‍ ക്രൂഡൈസര്‍ സൊസൈറ്റിയും നര്‍മദ എലിഗന്‍സ് ഓണ്‍ ഫാബ്രികും സംയുക്തമായാണ് രണ്ടാഴ്ചത്തെ മേള സംഘടിപ്പിക്കുന്നത്.
വര്‍ണാഭമായ ഡിസൈനുകളിലുള്ള കോട്ടണ്‍സാരികളും ചുരിദാര്‍ തുണിത്തരങ്ങളും മേളയിലെ പ്രധാന ആകര്‍ഷണമാണ്. ബലുച്ചരി, ജാംന്താനി, കലംകാരി, മീനാ പ്രിന്റഡ്, ബംഗാള്‍, ആപ്ലിക് വര്‍ക്ക്, ഗഡ്‌വാള്‍ തുടങ്ങിയ ജനപ്രിയ സാരി ഇനങ്ങള്‍ മേളയില്‍ ലഭിക്കും. 100 മുതല്‍ 4,000 രൂപവരെയാണ് വില. ക്യാന്‍സര്‍ സംബന്ധിച്ച പുനര്‍ജനി പ്രസിദ്ധീകരിച്ച ബോധവത്കരണ ലഘുലേഖയും വിതരണം ചെയ്യുന്നുണ്ട്. വിശറികള്‍, ചെറുമണ്‍പാത്രങ്ങള്‍, അലങ്കാരവസ്തുക്കള്‍, സോപ്പ്, മുളയുത്പന്നങ്ങള്‍, അലങ്കാരപുഷ്പങ്ങള്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തിലുണ്ട്.
ക്യാന്‍സറിലൂടെ കടന്നുപോയ ആര്‍ക്കും പുനര്‍ജനിയുമായി സഹകരിക്കാമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇത്തരക്കാര്‍ നിര്‍മിക്കുന്ന കരകൗശല ഉത്പന്നങ്ങളും മറ്റും വില്‍പന നടത്തുന്നതിനുള്ള സൗകര്യം പുനര്‍ജനി ഒരുക്കി നല്‍കും. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയുള്ള പ്രദര്‍ശനം ഈ മാസം 14വരെ നീണ്ടുനില്‍ക്കും.
ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡി സാലി മേള ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സെക്രട്ടറി റോസ്‌ലിന്‍, കോ- ഓര്‍ഡിനേറ്റര്‍ ഇ വികാസ്, നര്‍മദ ബിജു സംബന്ധിച്ചു.