കരളലിയിക്കുന്ന കാഴ്ചയായ വൃദ്ധന്‍ ഓര്‍മയായി

Posted on: April 1, 2015 12:38 pm | Last updated: April 1, 2015 at 12:38 pm

പാലക്കാട്: നഗരത്തിലെ തിരക്കേറിയ കോര്‍ട്ട ് റോഡില്‍ എന്നും എല്ലാവരുടെയും കരളലിയിക്കുന്ന കാഴ്ചയായി ഉണ്ടായിരുന്ന ആ വൃദ്ധന്‍ ഓര്‍മയായി. കുട-ചെരുപ്പ് നന്നാക്കുന്ന ചിദംബരന്‍ (82) ആണ് യാത്രയായത്.
ജില്ലാ ആശപത്രിക്ക് സമീപത്ത് ബംഗ്ലാതെരുവിന് മുന്‍വശം പൂട്ടിക്കിടക്കുന്ന കടകളുടെ പലകകള്‍ക്ക് മുന്നില്‍ സുമാര്‍ നാലുവര്‍ഷമായി ഈ ചെരുപ്പുകുത്തി ഉണ്ടായിരുന്നു.
ആരെന്നോ എവിടെനിന്ന് വന്നെന്നോ അറിയാത്ത ഇയാളെക്കുറിച്ച് നാട്ടുകാരും അന്വേഷിച്ചില്ല. ചെരുപ്പുനന്നാക്കാന്‍ വന്നവര്‍ അവ നന്നാക്കി കാശും നല്‍കി പോകുമെന്ന് മാത്രം. എന്നും നിസ്സംഗ ഭാവമായിരുന്നു ആ മുഖത്ത്. ആരോടും സംസാരിക്കുന്ന പതിവുമില്ല. ഒരു ഓട്ടോയില്‍ കൊള്ളാവുന്നത്ര പഴയ ചെരുപ്പുകളും പത്രങ്ങളുംഇയാളുടെ കൂട്ടിനുണ്ടാവും.
പതിവായി പത്രവായനയുമുണ്ടായിരുന്നു. മഴയത്തും വെയിലത്തും പഴയ കുടതന്നെയായിരുന്നു ആശ്രയം. പല വിധ ആവശ്യങ്ങളുമായി ജാഥ നടത്തുന്ന സമരക്കാരുടെയും കാഴ്ചവസ്തുവായിരുന്നു ഈ വയോവൃദ്ധന്‍. ഇന്നലെ മരിച്ചുകിടക്കുന്ന നിലയിലാണ് സമീപവാസികള്‍ ഇയാളെ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു ആ അന്ത്യം.
സൗത്ത് പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി ജില്ലാ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പൊലീസ് വിവരമറിയിച്ചതനുസരിച്ച് കൊടുമ്പ് കരിങ്കരപ്പുള്ളിയില്‍ നിന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തി.