Connect with us

International

നൈജീരിയയില്‍ മുഹമ്മദ് ബുഹാരിക്ക് ചരിത്ര വിജയം

Published

|

Last Updated

അബുജ: നൈജീരിയയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി മുഹമ്മദ് ബുഹാരിക്ക് ചരിത്ര വിജയം. 27 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബുഹാരി നിലവിലെ പ്രസിഡന്റായ ഗുഡ്‌ലക്ക് ജൊനാഥനെ തോല്‍പ്പിച്ചത്. ഇതാദ്യമായാണ് നൈജീരിയയില്‍ നിലവിലെ പ്രഡിസന്റ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത്.
മുന്‍ പട്ടാള ജനറലായ ബുഹാരി മൂന്ന് ദശാബ്ദം മുമ്പ് പട്ടാള അട്ടിമറിയിലൂടെ ആദ്യമായി അധികാരത്തിലെത്തിയയാള്‍കൂടിയാണ്. നൈജീരിയയിലെ 36 സംസ്ഥാനങ്ങളില്‍ 24 എണ്ണത്തില്‍ 25 ശതമാനത്തിലധികം വോട്ടുകള്‍ 72കാരനായ ബുഹാരി നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സ്ഥാനാര്‍ഥി ദേശീയ തലത്തില്‍ അമ്പത് ശതമാനത്തിലധികം വോട്ടും മൂന്നില്‍ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നായി 25 ശതമാനത്തോളം വോട്ടും നേടണം.

BUHARI WIN
നിലവിലെ പ്രസിഡന്റ് ഗുഡ്‌ലക് ജൊനാഥന്റെ അഞ്ച് വര്‍ഷക്കാലത്തെ ഭരണകാലം അഴിമതിയും വിവാദങ്ങളും ബോക്കോ ഹറാം തീവ്രവാദികളുടെ അക്രമങ്ങളാലും നിറഞ്ഞതായിരുന്നു. തോല്‍വി സമ്മതിക്കുന്നതായും പുതിയ പ്രസിഡന്റിന് എല്ലാവിധ ആശംസകള്‍ നേരുന്നതായും ജൊനാഥന്‍ പറഞ്ഞു. 2011ല്‍ ബുഹാരിയെ തോല്‍പ്പിച്ചാണ് അദ്ദേഹം പ്രസിഡന്റായത്.

പഴയ പട്ടാളക്കാരനായ ബുഹാരിക്ക് അഴിമതി വിരുദ്ധ പ്രതിച്ഛായയാണ് ഉള്ളത്. നേരത്തെ പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ 1983-85 കാലത്ത് നിരവധി രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥരേയും അദ്ദേഹം ജയിലിലടച്ചിട്ടുണ്ട്. 1985 ഓഗസ്റ്റില്‍ ബുഹാരിയെ ഇബ്രാഹിം ബുബന്‍ഗിദ അട്ടിമറിക്കുകയും 40 മാസം ജയിലലടക്കുകയും ചെയ്തിരുന്നു. ജയില്‍ മോചിതനായ ശേഷമാണ് രാഷ്ട്രീയത്തില്‍ സജീവമായത്.