Connect with us

Articles

ചീഫ് വെപ്പുകാര്‍ ജോര്‍...

Published

|

Last Updated

കല്യാണത്തിന് സദ്യ കഴിച്ചിറങ്ങുമ്പോള്‍ ഏതൊരാളും വെപ്പുകാരനെ ഓര്‍ക്കും. നന്നായി, നല്ല ഭക്ഷണം. അല്ലെങ്കില്‍ സാമ്പാറ് പോരാ, കാളന്‍ പ്രതീക്ഷിച്ചത് പോലെ നന്നായില്ല, ബിരിയാണിയില്‍ മസാല ഏറി എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍. ആരാണ് വെപ്പുകാരന്‍ എന്നാകും അടുത്ത ചോദ്യം. അത് നമ്മുടെ രാഘവന്‍ തന്നെയാ, അല്ലെങ്കില്‍ മമ്മദ്ക്കയാ ഇവിടുത്തെ പാചകക്കാരന്‍…
കേരള കോണ്‍ഗ്രസിലെ ചീഫ് വെപ്പുകാരന്‍ എങ്ങനെ? നല്ല ജോറ്. ഓരൊ ദിവസവും എന്തൊക്കെയാ മൂപ്പര്‍ വെച്ചുണ്ടാക്കുന്നത്! അവിയല്‍, സാമ്പാര്‍, കാളന്‍, പച്ചടി, കിച്ചടി, ബിരിയാണി വേണേല്‍ അതും. എല്ലാത്തിലും കഷണങ്ങള്‍ ആവോളമുണ്ട്. മസാലയുടെ കാര്യം പിന്നെ പറയാനില്ല. സരിതയായാലും കോഴയായാലും മൂപ്പര്‍ നാട്ടുകാര്‍ക്കായി ഓരോന്ന് വെച്ചുണ്ടാക്കും. പിന്നെ ഇയാള്‍ക്കെന്ത് പണി. തീരെ മുഷിയില്ല, ഇന്നുണ്ടാക്കിയത് നാളെ കാണില്ല, മടുപ്പില്ലാതെ, മനം മടുക്കാതെ ഓരോ വിഭവങ്ങള്‍. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ഇയാളെ പുറത്താക്കണമെന്നാണ് മാണി പറയുന്നത്. ചീഫ് വിപ്പാക്കിയതും മാണി, ഇല്ലാതാക്കാന്‍ പോകുന്നതും മാണി.
ഇത് ചീഫ് കെണിയാണെന്ന് ഉമ്മന്‍ ചാണ്ടിക്കാറിയാം. തിടുക്കപ്പെടേണ്ട. ചീഫ് വെപ്പുകാരന്‍ പോകുന്നത് ചീഫ് കെണിയായി മാറുമോ എന്ന ആധിയിലാണ് മുഖ്യന്‍. അതിനാല്‍ ഗള്‍ഫിലൊക്കെ പോയി വരട്ടെ എന്നാണ് നിലപാട്.
സി പി എമ്മില്‍ ഒരുപാട് കാലമായി വി എസ് വെപ്പ് തുടങ്ങിയിട്ട്. ചീഫ് വെപ്പാണ്. നല്ല പാചകം. സമയാസമയം വേണ്ടത് വെച്ചുണ്ടാക്കി രസിപ്പിക്കാന്‍ അച്യുതാനന്ദനറിയാം. ഓരോ ദിനവും പുലരുന്നത് വി എസ് വിഭവങ്ങളുമായാണ്. കൂടെ നില്‍ക്കുന്നവര്‍ നന്നായി രസിക്കുന്നുണ്ട്. ടി പി കേസും വെട്ടിനിരത്തലും ഔദ്യോഗിക പക്ഷക്കാരുടെ കളിയുമെല്ലാം നന്നായി പാകം ചെയ്ത് ഉപ്പും മുളകും ചേര്‍ത്ത് വിളമ്പാന്‍ ഒത്തിരി കഴിവ് തന്നെ വേണം.
ഓരോ വിഭവം വരുമ്പോഴും പിണറായിക്കാരുടെയും കോടിയേരിക്കാരുടെയും മുഖം ഇഞ്ചി കടിച്ചതു പോലെ! മുളക് കൂടുതലാണെന്ന് കണ്ണ് കണ്ടാലറിയാം. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന മട്ടില്‍ കാരാട്ടും കൂട്ടരും!
ഒടുവില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടും കേന്ദ്ര കമ്മിറ്റി തുണക്കാതിരുന്നിട്ടും വി എസ് വെപ്പ് നിര്‍ത്തിയിട്ടില്ല. പാര്‍ട്ടി എതിര്‍ത്തിട്ടും കുടുംബസഹായ പരിപാടിക്ക് പോയി. പറഞ്ഞതെന്താണെന്നോ, എല്ലാവര്‍ക്കും കാരുണ്യം ഉണ്ടാകണമെന്ന്!
നമ്മുടെ പിള്ളയും ഗണേശനും അവര്‍ക്ക് അറിയാവുന്നത് പോലെ വെക്കുകയും വിളമ്പുകയും ചെയ്യുന്നുണ്ട്.
ഡല്‍ഹിയില്‍ ആപ്പ് ഭരണത്തിലേറിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. അപ്പോള്‍ തന്നെ ആപ്പുകാര്‍ അടി തുടങ്ങി. യോഗേന്ദ്ര യാദവും ശാന്തി ഭൂഷണുമാണ് അവിടുത്തെ ചീഫ് വെപ്പുകാര്‍. ഇപ്പോള്‍ രണ്ടു പേരും പുറത്താണ്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കുറ്റം. ഒന്നാന്തരം പാരവെപ്പ്! ചീഫ് ആപ്പ് വെപ്പുകാര്‍.
ഇത്തരം വെപ്പുകാരില്ലെങ്കില്‍ നാടിന്റെ അവസ്ഥ ഓര്‍ത്തു നോക്കൂ. ചാനലുകളില്‍ ഫഌഷ് കാണില്ല, പത്രങ്ങള്‍ വെണ്ടക്ക നിരത്തില്ല. ആകെ മൂടിക്കെട്ടിയ സ്ഥിതി.
അതിനാല്‍ വെപ്പുകാരേ നിങ്ങള്‍ വെപ്പുകള്‍ തുടരുക. ചാനലുകളുടെ കഞ്ഞികുടി മുട്ടാതിരിക്കാന്‍… ഗൗരവാനന്ദന്‍ പറഞ്ഞു.

Latest