Connect with us

Kerala

നിര്‍മാണ മേഖലയില്‍ വിലക്കയറ്റം: സര്‍ക്കാര്‍ നോക്കുകുത്തി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍മാണ സാമഗ്രികളുടെ കുതിച്ചുയരുന്ന വില പിടിച്ചുനിര്‍ത്തുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച ന്യായവില ഷോപ്പുകളായ കലവറകള്‍ നോക്കുകുത്തികളാകുന്നു. പദ്ധതിക്കാവശ്യമായ ഗ്രാന്റ് സംസ്ഥാന നിര്‍മിതി കേന്ദ്രങ്ങള്‍ ജില്ലാ നിര്‍മിതി കേന്ദ്രങ്ങള്‍ക്ക് നല്‍കാത്തതിനാല്‍ പദ്ധതി കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് എത്താതെ പോകുകയായിരുന്നു.

ന്യായവിലക്ക് ഗുണമേന്മയുള്ള നിര്‍മാണ സാമഗ്രികള്‍ നല്‍കാനായി തിരുവനന്തപുരം, കല്ലുവാതുക്കല്‍, അടൂര്‍, എറണാകുളം, ചിറ്റൂര്‍, കാരോട്, കോഴിക്കോട്, പാലാ, പാലക്കാട് എന്നിവിടങ്ങളിലായി ഒമ്പത് ന്യായവില ഷോപ്പുകളാണ് സര്‍ക്കാര്‍ ആരംഭിച്ചത്. ന്യായവില ഷോപ്പുകള്‍ ആരംഭിച്ചെങ്കിലും ഒരു വര്‍ഷം കൈവശമുള്ള തുകയുടെ പകുതി പോലും ചെലവഴിക്കാന്‍ ഇവക്കായില്ല. 2009 മുതല്‍ 14 വരെയായി 2624 ഗുണഭോക്താക്കള്‍ മാത്രമാണ് നിര്‍മാണ സാധനങ്ങള്‍ വാങ്ങിയത്. 2009 ലാണ് ന്യായവില ഷോപ്പുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എ പി എല്‍/ ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് കലവറകള്‍ വഴി നിര്‍മാണ സാമഗ്രികള്‍ വില്‍ക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ 2009ല്‍ പുറത്തിറക്കിയത്. 2009-10ല്‍ സര്‍ക്കാര്‍ ഗ്രാന്റുള്‍പ്പെടെ 1.50 കോടിയുടെ ഫണ്ടാണ് പദ്ധതിക്ക് കിട്ടിയത്. ഇതില്‍ 79.79 ലക്ഷം രൂപയും ഉപയോഗിച്ചില്ല. 2010-11 കാലയളവില്‍ 141.66 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഇതിന്റെ 49.04 ശതമാനം, അതായത് 72.18 ലക്ഷം രൂപ ഉപയോഗിച്ചില്ല.
2011-12ല്‍ 1.29 കോടി രൂപ അനുവദിച്ചതില്‍ 71.93 ലക്ഷം രൂപയും 2012-13ല്‍ 3.20 കോടി രൂപ അനുവദിച്ചതില്‍ 2.58 കോടി രൂപയും ഉപയോഗിച്ചില്ല. തുടര്‍ന്ന് 2013-14ല്‍ മുന്‍ നീക്കിയിരിപ്പ് തുകയായ 2.58 കോടി രൂപയാണ് ഫണ്ടായി ലഭിച്ചത്. ഇതില്‍ 1.51 കോടിയും ഉപയോഗിച്ചിട്ടില്ല.
തുടര്‍ന്ന് 2012-13 മുതല്‍ സിമെന്റും കമ്പിയും വാങ്ങുന്നവരുടെ എണ്ണത്തിന് സര്‍ക്കാര്‍ ലക്ഷ്യം നിശ്ചയിച്ചു. 2012-13ല്‍ 3000 പേരെയും 2013-14ല്‍ 4800 പേരെയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍, യഥാക്രമം 761ഉം 1141ഉം പേര്‍ മാത്രമാണ് രണ്ട് കാലയളവുകളിലും എത്തിയത്. 600 ചതുരശ്ര അടിവരെ തറ വിസ്താരമുള്ള ബി പി എല്‍- എ പി എല്‍ കുടുംബങ്ങള്‍ക്ക് കമ്പിയും സിമന്റും കുറഞ്ഞ വിലയ്ക്ക് നല്‍കാനാണ് ഉദ്ദേശിച്ചിരുന്നത്.
സ്റ്റീല്‍ കിലോക്ക് സംഭരണ വിലയില്‍നിന്ന് രണ്ട് ശതമാനവും സിമന്റ് ചാക്കൊന്നിന് അഞ്ച് ശതമാനവും വിലക്കിഴിവില്‍ നല്‍കാനാണ് ഉദ്ദേശിച്ചിരുന്നത്. 2000 ചതുരശ്ര അടിവരെ തറ വിസ്താരമുള്ള വീട് നിര്‍മിക്കുന്ന മറ്റ് ഗുണഭോക്താക്കള്‍ക്ക് സ്റ്റീലും സിമന്റും പത്ത് ശതമാനം സര്‍വീസ് ചാര്‍ജോ കമ്പോള വിലയോ കുറച്ച് നല്‍കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, 50 ചാക്ക് സിമന്റും 500 കിലോ കമ്പിയുമായി പരിമിതപ്പെടുത്തി സംഭരണ വിലയുടെ 15 ശതമാനം വരെ സബ്‌സിഡി നല്‍കി 600 ചതുരശ്ര അടിവരെ തറ വിസ്താരമുള്ള വീട് നിര്‍മിക്കുന്ന ബി പി എല്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമായി 2011 മുതല്‍ സര്‍ക്കാര്‍ ഈ പദ്ധതി ചുരുക്കിയിരുന്നു.
2012-13ല്‍ സംസ്ഥാന സര്‍ക്കാറില്‍നിന്ന് ലഭിച്ചതില്‍ മിച്ചമുള്ള ഗ്രാന്റിന്റെ വിശകലനം വെളിവാക്കിയത് നിര്‍മാണ സാമഗ്രികളുടെ സബ്‌സിഡി നിര ക്കിലുള്ള വില്‍പ്പനക്കായുള്ള 2.24കോടി രൂപയും കലവറകള്‍വഴി ഭരണ നിര്‍വഹണ ചെലവുകള്‍ക്കായുള്ള 36 ലക്ഷം രൂപയും സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന് കിട്ടിയെന്നാണ്. എന്നാല്‍, ജില്ലാ നിര്‍മിതി കേന്ദ്രങ്ങള്‍ക്കുള്ള 1.30 കോടി രൂപ സംസ്ഥാന നിര്‍മിതി കേന്ദ്രം കൊടുക്കാത്തത് തുകയുടെ കുറഞ്ഞ ഉപഭോഗത്തിനിടയാക്കി. സബ്‌സിഡി സഹായത്തിലുള്ള കുറഞ്ഞ ചെലവ് അംഗീകരിച്ചുകൊണ്ട് സംസ്ഥാന നിര്‍മിതി കേന്ദ്രം പറഞ്ഞത് കലവറ വഴിയുള്ള നിര്‍മാണ സാമഗ്രികളുടെ വിതരണം ചില പ്രത്യേക ഗുണഭോക്താക്കള്‍ക്ക് മാത്രമാണെന്നും സര്‍ക്കാര്‍ ഭവന പദ്ധതികള്‍ മിക്കവയും നടപ്പാക്കുന്നത് പുറത്തുള്ള ഏജന്‍സികള്‍ വഴിയാണെന്നുമാണ്.
പട്ടികവര്‍ഗ ഭവന പദ്ധതി പോലുള്ള പദ്ധതിയിന്‍കീഴുള്ള വീടുകള്‍ വളരെ വിദൂരത്താണ് സ്ഥിതി ചെയ്യുന്നതെന്നും കലവറയില്‍നിന്നും ഇത്തരം പ്രദേശങ്ങളിലേക്കള്ള വാഹനക്കൂലി സാമ്പത്തികമായി പ്രയോജനമില്ലാത്തതാണെന്നും സംസ്ഥാന നിര്‍മിതി കേന്ദ്രം പറഞ്ഞു. വാഹനക്കൂലിയുടെ കാര്യം പരിഹരിച്ചാല്‍ പദ്ധതിയുടെ ആനുകൂല്യം നേടാന്‍ ഉപഭോക്താക്കള്‍ മുന്നോട്ടുവരുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും സംസ്ഥാന നിര്‍മിതി കേന്ദ്രം വിശദമാക്കിയിട്ടില്ല. ഇത് കാരണം തുകകള്‍ ഉപയോഗിക്കാതിരുന്നതിന് പുറമെ കുറച്ച് ഉപഭോക്താക്കള്‍ക്ക് മാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുള്ളൂ.