Connect with us

International

തിരഞ്ഞെടുപ്പിനിടെ ബോകോ ഹറാം ആക്രമണം: നൈജീരിയയില്‍ 41 മരണം

Published

|

Last Updated

മിറിംഗ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ ബോകോ ഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം അരങ്ങേറിയത്. കൊല്ലപ്പെട്ടവരില്‍ ഒരു നിയമസഭാംഗവും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താനുള്ള തീവ്രവാദികളുടെ ശ്രമമാണ് ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. നേരത്തെ തന്നെ തിരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിക്കുമെന്ന് ബോകോ ഹറാം തീവ്രവാദികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്ലാ ആക്രമണങ്ങളും അരങ്ങേറിയത് രാജ്യത്തെ വടക്കുകിഴക്കന്‍ മേഖലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തീവ്രവാദികളെ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളില്‍ നിന്ന് മുഴുവന്‍ തുടച്ചുമാറ്റിയെന്ന് നേരത്തെ അധികൃതര്‍ അവകാശപ്പെട്ടിരുന്നു. ഇന്നലെ രാവിലെ ചില തീവ്രവാദികള്‍ ഇവിടുത്തെ ചില വീടുകള്‍ക്ക് തീവെച്ചിരുന്നെന്ന് മിറിംഗ നഗരത്തിലെ ചിലര്‍ മാധ്യമപ്രവര്‍ത്തകരോട് ചൂണ്ടിക്കാട്ടി. ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനിടെ ചിലരെ തീവ്രവാദികള്‍ വെടിവെച്ചുകൊലപ്പെടുത്തിയെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ഗോംബെ സ്റ്റേറ്റ് നിയമസസഭാംഗമായ ഉമറു അലി ആണ് ബിരി നഗരത്തിലുണ്ടായ ബോകോ ഹറാം തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും അവര്‍ പറഞ്ഞു.

Latest