മുസ്‌ലിംലീഗ് നിയന്ത്രണത്തിലുള്ള കോളജ് ആര്‍ എസ് എസിന്റെ ട്രസ്റ്റിന് കൈമാറി

Posted on: March 28, 2015 5:13 am | Last updated: March 27, 2015 at 11:14 pm
SHARE

കാസര്‍കോട്: ഗ്രാമീണ പ്രദേശത്തെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി മുസ്‌ലിം ലീഗ് രൂപവത്കരിച്ച സി എച്ച് മുഹമ്മദ് കോയ ട്രസ്റ്റിന്റെ അധീനതയിലുള്ള പെര്‍ള നളന്ദ കോളജ് ആര്‍ എസ് എസ് നിയന്ത്രത്തിലുള്ള പുത്തൂര്‍ വിവേകാനന്ദ ട്രസ്റ്റിനു കൈമാറി. മൂന്നര കോടി രൂപക്കാണ് കൈമാറ്റം. നളന്ദ കോളജ് വിവേകാനന്ദ ട്രസ്റ്റ് ഏറ്റെടുത്തതോടെ നവീനവും തൊഴില്‍ സാധ്യതയേറിയതുമായ കോഴ്‌സുകള്‍ തുടങ്ങുമെന്ന് ട്രസ്റ്റംഗം ഡോ. ജയഗോവിന്ദ പറഞ്ഞു.
2002ല്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല മുന്‍കൈയെടുത്താണ് സി എച്ച് മുഹമ്മദ്‌കോയ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ട്രസ്റ്റ് രൂപവത്കരിച്ചത്.
ഇന്നലെ കോളജില്‍ നടന്ന കൈമാറ്റച്ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, മക്കളായ നാസര്‍ ചെര്‍ക്കള, അഹമ്മദ് കബീര്‍ എന്നിവരും വിവേകാനന്ദ ട്രസ്റ്റിനെ പ്രതിനിധീകരിച്ച് ആര്‍ എസ് എസ് നേതാക്കളായ ആനമജല്‍ വിഷ്ണുഭട്ട്, കജമ്പാടി സുഹ്മ്രഹ്മണ്യ ഭട്ട്, ഡോ. കല്ലടുക്ക പ്രഭാകര എന്നിവരും സംബന്ധിച്ചു.
വിദ്യാഭ്യാസരംഗത്ത് നിരവധി സ്ഥാപനങ്ങള്‍ വിവേകാനന്ദ ട്രസ്റ്റ് നടത്തുന്നുണ്ട്. പെര്‍ള നളന്ദ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് വിവേകാനന്ദ ട്രസ്റ്റ് ഏറ്റെടുത്തതോടെ കോളജിലെ ഇരുപതോളം വരുന്ന അധ്യാപകര്‍ ജോലി നഷ്ടമാകുമെന്ന ആശങ്കയിലാണ്.
വിവേകാനന്ദ ട്രസ്റ്റിന്റെ പ്രവര്‍ത്തനം കേരളത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നളന്ദ കോളജ് ഏറ്റെടുത്തത്.