യമനില്‍ കുടുങ്ങിയത് ഇരുനൂറിലേറെ മലയാളികള്‍

Posted on: March 27, 2015 10:48 pm | Last updated: March 29, 2015 at 10:21 am
SHARE

map-of-yemenതിരുവനന്തപുരം: ആഭ്യന്തരയുദ്ധം രൂക്ഷമായ യമനില്‍ കുടുങ്ങിക്കിടക്കുന്നത് ഇരുനൂറിലേറെ മലയാളികള്‍. കൂടുതല്‍ പേരും നഴ്‌സുമാരാണ്. 228 പേരാണ് ഇതുവരെ സഹായം അഭ്യര്‍ഥിച്ച് നോര്‍ക്ക റൂട്ട്‌സിന്റെ ഹെല്‍പ്പ് ഡെസ്‌ക്കില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഇതില്‍ കൂടുതല്‍ പേര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നോര്‍ക്ക അറിയിച്ചു. ഇവിടെ രജിസ്‌ട്രേഷന്‍ നടത്തുന്നവരുടെ വിശദാംശങ്ങള്‍ അപ്പപ്പോള്‍ യമനിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറുന്നുണ്ട്. നില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്ന് തത്കാലം പുറത്തിറങ്ങരുതെന്ന നിര്‍ദേശമാണ് നല്‍കുന്നത്.

സഊദി അറേബ്യയുെട യുദ്ധവിമാനങ്ങള്‍ കടുത്ത വ്യോമാക്രമണം നടത്തുന്ന യമന്‍ തലസ്ഥാനമായ സന്‍ആയിലാണ് കൂടുതല്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നത്. വിളിക്കുന്നവരില്‍ ഭൂരിഭാഗം പേരും തങ്ങളെ നാട്ടിലെത്തിക്കുന്നതിന് സഹായം ചെയ്യണമെന്നാണ് അഭ്യര്‍ഥിച്ചിരിക്കുന്നത്. യമനില്‍ തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്ന് അഭ്യര്‍ഥിക്കുന്നവരുമുണ്ട്. കുടുങ്ങിക്കിടക്കുന്നവരുടെ ബന്ധുക്കളും നോര്‍ക്കയിലേക്ക് വിളിച്ച് വിവരങ്ങള്‍ കൈമാറുന്നുണ്ട്.
കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടപടി തുടങ്ങിയിട്ടുണ്ടെങ്കിലും ഇതിന്റെ രൂപരേഖ ഇനിയും ആയിട്ടില്ല. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരെ സഹായിക്കാന്‍ വിദേശകാര്യ മന്ത്രാലയം സന്‍ആയിലെ ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക ഹെല്‍പ്പ് ലൈന്‍ തുടങ്ങിയിട്ടുണ്ട്. യമനിലേക്ക് രണ്ട് കപ്പലുകള്‍ അയക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും പുറപ്പെട്ടിട്ടില്ല. യമനിലെ വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ അയല്‍ രാജ്യമായ ജിബൂട്ടിയിലേക്ക് കപ്പലില്‍ ആളുകളെ എത്തിച്ച് നാട്ടിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അവിടെ നിന്ന് വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും. കപ്പല്‍ മാര്‍ഗം കൊണ്ടുവരാന്‍ കഴിയാത്തവരെ റോഡ് മാര്‍ഗം സഊദിയിലെത്തിച്ച് അവിടെ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനും വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
ആശുപത്രിയില്‍ ജോലി ചെയ്യുന്നവരുടെ പാസ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും നല്‍കാതെ അവരുടെ യാത്രക്ക് തടസ്സം സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇത് മറികടക്കാനുള്ള നിര്‍ദേശം അംബാസിഡര്‍ക്ക് നല്‍കിയിട്ടുണ്ട്. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കി ഇവരെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. ആഭ്യന്തര കലാപം രൂക്ഷമായ യമനിലെ സുരക്ഷാ സ്ഥിതി അതീവ ഗുരുതരമായതോടെയാണ് ഇന്ത്യക്കാരെ സഹായിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം നടപടി തുടങ്ങിയത്.