Connect with us

Malappuram

വൃക്കരോഗികള്‍ക്ക് ജനകീയ വിഭവ സമാഹരണ ക്യാമ്പയിന്‍

Published

|

Last Updated

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏറ്റവും പാവപ്പെട്ട വൃക്ക രോഗികളെ സഹായിക്കുന്നതിന് വേണ്ടിയുള്ള സംരംഭത്തിലേക്ക് ജനകീയ പങ്കാളിത്തത്തോടെയുള്ള വിഭവ സമാഹരണം ഏപ്രില്‍ 2,3 തിയ്യതികളില്‍ നടക്കുന്നതാണ്. 5 കോടി രൂപയാണ് സമാഹരണ ലക്ഷ്യം. നിലവില്‍ സഹായം കൊടുത്ത് കൊണ്ടിരിക്കുന്ന രോഗികള്‍ക്കുള്ള സഹായം തുടരുവാന്‍ മാത്രം 4.15 കോടി രൂപ വേണം.
പുതിയ ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് 85 ലക്ഷം രൂപ വേണം. 1387 രോഗികള്‍ക്കാണ് ഫെബ്രുവരിയില്‍ സഹായം നല്‍കിയത്. ഇതില്‍ 1018 രോഗികള്‍ ഡയാലിസിസ് നടത്തുന്നവരാണ്. ഇവര്‍ക്ക് മാസം തോറും 2000 രൂപയാണ് ധന സഹായം നല്‍കുന്നത്. ഇതിന് മാത്രം 2.44 കോടി രൂപ വേണം. 369 വൃക്കമാറ്റി വെച്ച രോഗികള്‍ക്ക് മരുന്ന് നല്‍കിയാണ് സഹായിക്കുന്നത്. ഇതിന് ഒരു വര്‍ഷം 1.71 കോടി രൂപയും ആവശ്യമാണ്. രോഗികളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുകയാണ്.
മാര്‍ച്ച് മാസത്തില്‍ മാത്രം പുതിയ നാല്‍പതോളം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരമൊരു സഹാചര്യത്തില്‍ ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിച്ചെങ്കില്‍ മാത്രമെ ഈ ജീവ കാരുണ്യ പ്രവര്‍ത്തനം മുന്നോട്ട് പോവുകയുള്ളു. ഈ വര്‍ഷം പൊതു ജനങ്ങളില്‍ നിന്ന് വീടുകളും കടകളും കയറി കൊണ്ടുള്ള സംഭാവന ശേഖരണം നടത്തിയിട്ടില്ല. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരില്‍ നിന്നും പള്ളികളില്‍ നിന്നും മാത്രമെ വിഭവ സമാഹരണം നടത്തിയിട്ടുള്ളു. ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറിയിറങ്ങി സംഭാവന ശേഖരിക്കുന്നതിനാണ് ഏപ്രില്‍ 2,3 തിയ്യതികളില്‍ നിശ്ചയിച്ചിട്ടുള്ളത്.
അതിന് മുമ്പായി പഞ്ചായത്ത്, മുനിസിപ്പല്‍ തലത്തില്‍ വിപുലമായ യോഗങ്ങള്‍ വിളിച്ച് കൂട്ടി വിഭവ സമാഹരണം വിജയിപ്പിക്കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡണ്ടുമാരോടും മുനിസിപ്പല്‍ അധ്യക്ഷരോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സുഹ്‌റ മമ്പാട് അഭ്യര്‍ത്ഥിച്ചു.