Connect with us

Kerala

രാജ്യസഭയിലേക്ക് വയലാര്‍ രവിയെത്തന്നെ കോണ്‍ഗ്രസ് ശിപാര്‍ശ ചെയ്യും

Published

|

Last Updated

തിരുവനന്തപുരം: ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് വയലാര്‍ രവിയെത്തന്നെ ശിപാര്‍ശ ചെയ്യാന്‍ കോണ്‍ഗ്രസില്‍ ധാരണ. തീരുമാനം സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ആശയവിനിമയം നടത്തി. അതേസമയം അരുവിക്കരയില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന കാര്യത്തില്‍ ചര്‍ച്ച തുടരും. കെപിസിസി തിരഞ്ഞെടുപ്പ് സമിതി ഇക്കാര്യം തീരുമാനിക്കാനായി നാളെ യോഗം ചേര്‍ന്നേക്കും.

മൂന്ന് രാജ്യസഭാ സീറ്റുകളിലാണ് ഒഴിവുവരുന്നത്. എം പി അച്യുതന്‍, പി രാജീവ്, വയലാര്‍ രവി എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ഇതില്‍ രണ്ട് സീറ്റ് ഇത്തവണ യുഡിഎഫിന് സ്വന്തമാക്കാനാകും.  രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും പങ്കിട്ടെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്നാണ് ഒഴിവുവരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കാലാവധി അവസാനിക്കുന്ന വയലാര്‍ രവിയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹൈക്കമാന്‍ഡിന് വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിലേ ഇനി മറ്റുപേരുകള്‍ പരിഗണിക്കൂ.

കേരളത്തില്‍ നിന്ന് ഒഴിവുവരുന്ന മൂന്ന് സീറ്റുകളിലേക്ക് ഏപ്രില്‍ 16നാണ് വോട്ടെടുപ്പ്. സ്ഥാനാര്‍ത്ഥിയാകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എഐസിസിയുടേതാണെന്ന് വയലാര്‍ രവി പറഞ്ഞു.

Latest