ഐ ടി വിധിയിലെ ആശ്വാസവും ആശങ്കയും

Posted on: March 26, 2015 6:00 am | Last updated: March 25, 2015 at 10:50 pm
SHARE

SIRAJ.......വിമര്‍ശങ്ങളെയും എതിരഭിപ്രായങ്ങളെയും നേരിടാന്‍ കരിനിയമങ്ങള്‍ സൃഷ്ടിക്കുന്ന ഭരണകൂട ഭീകരതക്കുള്ള കനത്ത തിരിച്ചടിയാണ് ഐ ടി ആക്ട് (2000)ലെ 66 എ വകുപ്പും കേരള പോലീസ് ആക്ടിലെ 118 ഡി വകുപ്പും റദ്ദാക്കിയ സുപ്രീം കോടതി വിധി. ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ കുറ്റകരമോ സ്പര്‍ധ ഉളവാക്കുന്നതോ ആയ അഭിപ്രായങ്ങളും വിവരങ്ങളും പ്രചരിപ്പിക്കുന്നത് തടയാനാണ് കേന്ദ്ര സര്‍ക്കാര്‍ ഐ ടി ആക്ട് കൊണ്ടുവന്നത്. മൂന്ന് വര്‍ഷം വരെ തടവും പിഴയുമാണ് ഇതിന് നിര്‍ദേശിക്കുന്ന ശിക്ഷ. ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് അനിഷ്ടകരമായ വിഷയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരം നല്‍കുന്നതാണ് 118 ഡി വകുപ്പ്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണ് ഈ രണ്ട് വകുപ്പുകളുമെന്നാണ് ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രോഹിന്റന്‍, എഫ് നരിമാന്‍ എന്നിവരടങ്ങിയ കോടതി ബെഞ്ചിന്റെ നിരീക്ഷണം.
യുവസമൂഹത്തില്‍ വന്‍ സ്വാധീനമുണ്ട് സോഷ്യല്‍ മീഡിയക്ക്. പൊതുസമൂഹത്തില്‍ നിന്നും വേദികളില്‍ നിന്നും അകന്നുനില്‍ക്കുന്ന ജനവിഭാഗങ്ങളില്‍ വലിയൊരളവില്‍ പ്രതികരണ ബോധമുയര്‍ത്താന്‍ ഈ നവമാധ്യമങ്ങള്‍ക്കാകും. ആശയങ്ങള്‍ പ്രചരിപ്പിക്കാനും കൂട്ടായ അഭിപ്രായ രൂപവത്കരണത്തിനുമുള്ള വേദികളായി ഇവ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ചില ഘട്ടങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങളെ കവച്ചു വെക്കുന്ന ചലനങ്ങള്‍ ഇവ സൃഷ്ടിക്കാറുണ്ട്. ഇന്ത്യയില്‍ അഴിമതിക്കെതിരെയും മറ്റും നടക്കുന്ന പോരാട്ടങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും സൈബര്‍ സമൂഹം നല്‍കുന്ന പിന്തുണയും കരുത്തും അനിഷേധ്യമാണ്. ഈ നവമാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിതമായതും ഇതുകൊണ്ടാണ്.
അതേസമയം, ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ് സാമൂഹിക മാധ്യമങ്ങളെന്ന കാര്യവും വിസ്മരിച്ചുകൂടാ. നന്മയും പുരോഗതിയുമെന്ന പോലെ തിന്മയും നശീകരണവും ഇവ കൊണ്ട് സാധ്യമാണ്. വ്യക്തിഹത്യക്കും അപകീര്‍ത്തിപ്പെടുത്താനും അനിഷ്ടം തോന്നുന്നവരെ സമൂഹമധ്യേ താറടിക്കാനും ഇത് പലരും ഉപയോഗപ്പെടുത്തുന്നുണ്ട്. വ്യക്തി, സംഘടന, രാഷ്ട്രീയ വിരോധങ്ങളുടെ പേരില്‍ മറ്റുള്ളവരെ മോശമായി ചിത്രീകരിക്കുന്ന കുറിപ്പുകളും ചിത്രങ്ങളും ഇവയിലൂടെ ധാരാളമായി പ്രചരിപ്പിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം അമ്പലപ്പുഴയില്‍ ഒരു യുവതി ആത്മഹത്യ ചെയ്തത്, ബന്ധുവായ യുവാവ് അവര്‍ക്കെതിരെ ഫേസ് ബുക്കിലൂടെ അപവാദം പ്രചരിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു. അഭിപ്രായസ്വാതന്ത്ര്യമെന്നത് എന്തും പ്രചരിപ്പിക്കാനും സീമകളെയെല്ലാം മറികടന്നു അപരനെ വിമര്‍ശിക്കാനുമുള്ള അവകാശമല്ല. വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും നേരെ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പകയുടെയും വിഷവിത്തുകള്‍ പകരുന്ന അപകടകരമായ പ്രവണത ഏതു രംഗത്തും അപകടകരമാണെന്നതിനാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് നിര്‍ദേശിക്കപ്പെട്ട സദാചാര ധാര്‍മിക ചട്ടങ്ങള്‍ സോഷ്യല്‍ മീഡിയക്കും ആവശ്യമാണ്. അതേസമയം ഈ ലക്ഷ്യത്തില്‍ പൗരാവകാശങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും കര്‍ക്കശ നിയന്ത്രണവും ദുരുപയോഗത്തിനു സാധ്യതയുള്ളതുമായ നിയമങ്ങള്‍ കൊണ്ടുവരുന്നത് ന്യായീകരണം അര്‍ഹിക്കുന്നുമില്ല. സുപ്രീം കോടതി ഐ ടി ആക്ട് 66 എ വകുപ്പും കേരള പോലീസ് ആക്ടിലെ 118 ഡി വകുപ്പും റദ്ദാക്കേണ്ടിവന്നത് ഈ സാഹചര്യത്തിലാണ്. ടാഡ, പോട്ട തുടങ്ങിയ കരിനിയമങ്ങളുടെ ദുരുപയോഗം പോലെ ഐ ടി വകുപ്പുകളുടെ പിന്‍ബലത്തില്‍ നിര്‍ദോഷകരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നവരെ പോലും രാജ്യദ്രോഹികളായി മുദ്രയടിച്ചു ജയിലിലടക്കുന്ന സംഭവങ്ങള്‍ വ്യാപകമാണ്. ബാല്‍താക്കറെയുടെ മരണത്തെ തുടര്‍ന്ന് ശിവസേന പ്രഖ്യാപിച്ച ബന്ദിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചതിന് മുംബൈയിലെ ശാഹിന്‍ ദാദയെയും സുഹൃത്ത് രേണുവിനെയും മഹാരാഷ്ട്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത് ഐ ടി ആക്ട് 66 എ വകുപ്പ് ഉപയോഗപ്പെടുത്തിയായിരുന്നു. നഴ്‌സുമാരുടെ സമരത്തിന് ഫേസ് ബുക്കിലൂടെ പിന്തുണ പ്രഖ്യാപിച്ചതിനാണ് കൊടുങ്ങല്ലൂരിലെ അനൂപ്കുമാറിനെ കേരള പോലീസ് 118 ഡി വകുപ്പ് ഉപയോഗപ്പെടുത്തി അറസ്റ്റ്‌ചെയ്തത്.
നിയമത്തിന്റെ ഇത്തരം ദുരുപയോഗങ്ങള്‍ക്കും അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ ഉയരുന്ന ക്രിയാത്മകമായ വിമര്‍ശങ്ങളെ പോലും അസഹിഷ്ണുതയോടെ കാണുന്ന ഭരണവര്‍ഗത്തിന്റെ തെറ്റായ സമീപനങ്ങള്‍ക്കെതിരായ താക്കീതെന്ന നിലയില്‍ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ഒപ്പം സോഷ്യല്‍ മീഡിയക്ക് അതിരില്ലാത്ത അഭിപ്രായ സ്വാതന്ത്ര്യത്തിന് ഈ വിധി അവസമൊരുക്കുമോ എന്ന ആശങ്കയും അവഗണിക്കപ്പെടാവതല്ല. മാധ്യമ മേഖലയിലെ കുറ്റകൃത്യങ്ങളെ തടയാന്‍ ഇന്ത്യന്‍ പീനല്‍ കോഡില്‍ തന്നെ വകുപ്പുകളുണ്ടെങ്കിലും സൈബര്‍ ലോകത്തെ പ്രതിലോമ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ഇവ പര്യാപ്തമല്ലെന്ന് നിയമ വിദഗ്ധര്‍ക്കിടയില്‍ തന്നെ അഭിപ്രായമുള്ളതിനാല്‍ ഇക്കാര്യത്തില്‍ ഗഹനമായ ചര്‍ച്ചയും തുടര്‍നടപടികളും ആവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here