സ്ഥലമെടുപ്പ് തടസ്സപ്പെടുത്തുന്നതിനെതിരെ കെ എസ് യു പ്രക്ഷോഭത്തിലേക്ക്

Posted on: March 24, 2015 9:21 am | Last updated: March 24, 2015 at 9:21 am
SHARE

മുക്കം: ചേന്ദമംഗലൂരിലെ ഗവ. പോളിടെക്‌നിക്കിന്റെ സ്ഥലമെടുപ്പ് അട്ടിമറിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ നടക്കുന്ന നീക്കത്തിനെതിരെ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ എസ് യു നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മംഗലശേരി തോട്ടത്തിലെ ചില ഭൂമാഫിയകളെ സഹായിക്കാനും വികസനം തടസ്സപ്പെടുത്തി രാഷ്ട്രീയ ലാഭം കൊയ്യാനുമുള്ള നീക്കം അപലപനീയമാണ്. അടുത്ത മാസത്തോടെ ഭൂമി ഏറ്റെടുത്ത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കൈമാറിയെങ്കില്‍ മാത്രമേ പോളിടെക്‌നിക് ആരംഭിക്കാന്‍ സാധിക്കൂ. പോളിടെക്‌നിക്കിന് മംഗലശ്ശേരി തോട്ടത്തിലെ 27 ഏക്കറില്‍ ഉള്‍പ്പെടുന്ന അഞ്ച് ഏക്കര്‍ ഭൂമിയാണ് കണ്ടെത്തിയിരിക്കുന്നത്. സ്ഥാപനം ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിനെതിരെ സമാന ചിന്താഗതിക്കാരായ സംഘടനകളെ ഉള്‍പ്പെടുത്തി യോജിച്ച പ്രക്ഷോഭം നടത്തുമെന്നും അവര്‍ വ്യക്തമാക്കി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ പി സൂഫിയാന്‍, മുഹമ്മദ് ദിഷാല്‍, ജാസിര്‍ പുതുപ്പാടി, കെ പി നിസാമുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.