Connect with us

Sports

ദ.ആഫ്രിക്കക്കും ന്യൂസിലാന്‍ഡിനും ലക്ഷ്യം കന്നി ഫൈനല്‍

Published

|

Last Updated

ഓക്‌ലാന്‍ഡ്: 2015 ലോകകപ്പിലെ ആദ്യ സെമിഫൈനലില്‍ ഇന്ന് ആതിഥേയരായ ന്യൂസിലാന്‍ഡ് ദക്ഷിണാഫ്രിക്കയെ നേരിടും. രണ്ട് പേരും കന്നിഫൈനല്‍ ലക്ഷ്യമിടുന്നു. രണ്ട് ടീമുകളും കൂടി ഒമ്പത് തവണയാണ് ലോകകപ്പ് സെമി കളിച്ചത്. ഒരിക്കല്‍ പോലും സെമിക്കപ്പുറത്തൊരു ലോകമുണ്ടെന്ന് അറിയാന്‍ സാധിച്ചിട്ടില്ല ! ഇത്തവണ പക്ഷേ, ചരിത്രം തിരുത്തപ്പെടും. ഒരു ടീമെന്തായാലും ആദ്യ ഫൈനലിന് യോഗ്യത നേടും. അതാരാകും? ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ് നവാഗതരെ.
ആറ് മാസങ്ങള്‍ക്ക് മുമ്പാണ് ഈ ചോദ്യമെങ്കില്‍ ദക്ഷിണാഫ്രിക്ക എന്ന് നിസ്സംശയം പറയാമായിരുന്നു. ഇന്നതല്ല സ്ഥിതി. ന്യൂസിലാന്‍ഡ് ഒരു കളി പോലും തോല്‍ക്കാതെയാണ് സെമിയില്‍ നില്‍ക്കുന്നത്. വിസ്മയിപ്പിക്കുന്ന മാച്ച് വിന്നേഴ്‌സുമാരുടെ ഒരു പട തന്നെയാണ് കിവീസ് എന്ന് ഇതിനകം ബോധ്യപ്പെട്ടിരിക്കുന്നു.
ഏകദിന ക്രിക്കറ്റില്‍ സമീപകാലത്ത് ഏറ്റവും മികച്ച ഫോമിലാണ് ബ്രെണ്ടന്‍ മെക്കല്ലം നയിക്കുന്ന ബ്ലാക് ക്യാപ്‌സ്. മുന്നില്‍ നിന്ന് നയിക്കുകയാണ് മെക്കല്ലം. ഓപണറായെത്തി അതിവേഗം റണ്ണടിച്ചു കൂട്ടുന്ന മെക്കല്ലം ഫോമിലേക്കുയര്‍ന്നാല്‍ ബൗളര്‍മാര്‍ക്ക് കാഴ്ചക്കാരാകാം. കോറി ആന്‍ഡേഴ്‌സന്‍, ടിം സൗത്തി, കാന്‍വില്യംസണ്‍, ഡാനിയല്‍ വെറ്റോറി, മാര്‍ട്ടിന്‍ ഗുപ്ടില്‍ എന്നീ സൂപ്പര്‍ സിക്‌സ് പാക്കാണ് ന്യൂസിലാന്‍ഡിന്റെ കരുത്ത്.
എ ബി ഡിവില്ലേഴ്‌സ് മുന്നില്‍ നിന്ന് പട നയിക്കുന്ന ദക്ഷിണാഫ്രിക്ക തികഞ്ഞ ഫോമിലാണ്. പൂള്‍ മത്സരത്തില്‍ ഇന്ത്യയോടും പാക്കിസ്ഥാനോടുമേറ്റ തോല്‍വി അവരെ കൂടുതല്‍ ശക്തരാക്കിയെന്ന് പറയാം. ലക്ഷ്യം പിന്തുടരുമ്പോഴുള്ള പതറിച്ച് നോക്കൗട്ട് റൗണ്ടില്‍ ശ്രീലങ്കക്കെതിരെ അവര്‍ മാറ്റിയെടുത്തത് ഉത്തമദൃഷ്ടാന്തം. വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കാന്‍ കെല്‍പ്പില്ലാത്തവര്‍ എന്ന പേരുദോഷം മാറ്റാനാണ് ദക്ഷിണാഫ്രിക്കയുടെ പരിശ്രമം. മാനസികമായി ഉദ്ദീപിപ്പിക്കാന്‍ സാഹസിക സ്‌പോര്‍ട്‌സ്മാന്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ ടീമിനൊപ്പമുണ്ട്. പോരാത്തതിന് മൈക് ഹസി, ഗാരി കേര്‍സ്റ്റന്‍ എന്നീ പരിചയ സമ്പന്നരുടെ സാന്നിധ്യവും.
നാല് വര്‍ഷം മുമ്പ് നോക്കൗട്ടില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ന്യൂസിലാന്‍ഡിനായിരുന്നു ജയം. ധാക്കയില്‍ 49 റണ്‍സിന് ദക്ഷിണാഫ്രിക്ക പരാജയപ്പെടാന്‍ പ്രധാന കാരണം എ ബി ഡിവില്ലേഴ്‌സ് റണ്ണൗട്ടായതാണ്. ഈ ലോകകപ്പില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക പതറിയതും ഡിവില്ലേഴ്‌സ് റണ്ണൗട്ടായതോടെയാണ്. ഏകദിനത്തിലെ അതിവേഗ അര്‍ധസെഞ്ച്വറി, സെഞ്ച്വറി, 150 എന്നിവയെല്ലാം സ്വന്തം പേരിലാക്കിയ ഡിവില്ലേഴ്‌സ് ഫോമിലേക്കുയര്‍ന്നാല്‍ എതിരാളികള്‍ക്ക് മുന്നില്‍ റണ്‍മല ഉയരും. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച ഫീല്‍ഡിംഗ് പുറത്തെടുക്കാന്‍ കൂടി ന്യൂസിലാന്‍ഡ് ഇന്ന് ശ്രമിക്കും.
ആതിഥേയര്‍ എന്ന നിലക്ക് ന്യൂസിലാന്‍ഡ് അവരുടെ നാട്ടില്‍ അവസാന മത്സരത്തിനിറങ്ങുകയാണ്. ജയിച്ചാല്‍, ഫൈനലിന് ആസ്‌ത്രേലിയയിലെ മെല്‍ബണിലേക്ക് യാത്ര തിരിക്കാം. ബ്രെണ്ടന്‍ മെക്കല്ലം, ട്രെന്‍ഡ് ബൗള്‍ട്ട് എന്നിവരായിരുന്നു വെസ്റ്റിന്‍ഡീസിനെതിരായ ക്വാര്‍ട്ടര്‍ വരെ ന്യൂസിലാന്‍ഡിന്റെ ഹീറോസ്. വെല്ലിംഗ്ടണില്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ എന്ന സൂപ്പര്‍ ഹീറോ ഉദയം ചെയ്തതോടെ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് നിലത്തൊന്നുമല്ല. പുറത്താകാതെ 237 റണ്‍സടിച്ച ഗുപ്ടിലാണ് ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമ. ഗുപ്ടില്‍ മികവ് ആവര്‍ത്തിച്ചാല്‍ ന്യൂസിലാന്‍ഡിന് ചരിത്ര ഫൈനലിന് കളമൊരുങ്ങും.
എന്നാല്‍, ദക്ഷിണാഫ്രിക്കക്കെതിരെ ഗുപ്ടിലിന്റെ റെക്കോര്‍ഡ് അത്ര പോരാ. പതിനൊന്ന് ഏകദിനങ്ങളില്‍ നിന്ന് 11.50 ശരാശരിയാണ് ഗുപ്ടിലിനുള്ളത്. രണ്ട് തവണ ഡക്ക് ആയപ്പോള്‍ ഏഴ് തവണ രണ്ടക്കം കടന്നില്ല.
ഏഴ് ബാറ്റ്‌സ്മാന്‍മാര്‍, നാല് മുന്‍നിര ബൗളര്‍മാര്‍. ദക്ഷിണാഫ്രിക്കയുടെ വിജയഫോര്‍മുലയാണിത്. ജെ പി ഡുമിനി സ്‌കോര്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന ഓവറുമായി രംഗപ്രവേശം ചെയ്യുന്നത് കിവീസിന് പ്രശ്‌നമാകും. ശ്രീലങ്കക്കെതിരെ ഹാട്രിക്ക് നേടിയാണ് ഡുമിനി ഫോമിന്റെ പാരമ്യതയിലെത്തിയത്.
ഇതിനിടെ, ആദം മില്‍നെ ഉപ്പൂറ്റിക്കേറ്റ പരുക്കുമായി പുറത്തായി. മാറ്റ് ഹെന്റിയോ കൈല്‍ മില്‍സോ പകരക്കാരനാകും. ദക്ഷിണാഫ്രിക്കക്ക് ഫിറ്റ്‌നെസ് പ്രശ്‌നങ്ങളില്ല. ആകെയുള്ള പ്രശ്‌നം ടീം സെലക്ഷനിലാണ്. ആദ്യ ഇലവനില്‍ വെര്‍നോന്‍ ഫിലാണ്ടര്‍ വേണോ കൈല്‍ അബോട്ട് വേണോ എന്ന ചര്‍ച്ചയിലാണ് ടീം മാനേജ്‌മെന്റ്.
ശ്രീലങ്കക്കെതിരെ അബോട്ട് തിളങ്ങിയിരുന്നു. എന്നാല്‍, ബാറ്റിംഗ് കൂടി പരിഗണിക്കുമ്പോള്‍ ഫിലാണ്ടര്‍ക്ക് മുന്‍തൂക്കം വരുന്നു.

സാധ്യതാ ഇലവന്‍:
ന്യൂസിലാന്‍ഡ് : മാര്‍ട്ടിന്‍ ഗുപ്ടില്‍, ബ്രെണ്ടന്‍ മെക്കല്ലം (ക്യാപ്റ്റന്‍), കാന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍, ഗ്രാന്റ് എലിയറ്റ്, കോറി ആന്‍ഡേഴ്‌സന്‍, ലൂക് റോഞ്ചി (വിക്കറ്റ് കീപ്പര്‍), ഡാനിയല്‍ വെറ്റോറി, ടിം സൗത്തി, മാറ്റ് ഹെന്റി/കൈല്‍ മില്‍സ്, ട്രെന്‍ട് ബൗള്‍ട്ട്.

ദ.ആഫ്രിക്ക : ഹാഷിം അംല, ക്വുന്റന്‍ ഡി കോക് (വിക്കറ്റ് കീപ്പര്‍), ഫാഫ് ഡു പ്ലെസിസ്, എ ബി ഡിവില്ലേഴ്‌സ് (ക്യാപ്റ്റന്‍), റിലീ റുസോവ്, ഡേവിഡ് മില്ലര്‍, ജെ പി ഡുമിനി, ഡെയില്‍ സ്റ്റെയിന്‍, വെര്‍നോന്‍ ഫിലാണ്ടര്‍/കൈല്‍ അബോട്ട്, മോര്‍നി മോര്‍ക്കല്‍, ഇമ്രാന്‍ താഹിര്‍.