Connect with us

Articles

ചില അവധിക്കാല ചിന്തകള്‍

Published

|

Last Updated

അവധിക്കാലത്ത് അമ്മ വീട്ടിലേക്കുള്ള ഓരോ യാത്രയും നമുക്ക് തീവ്രമായൊരു ഹൃദയാനുഭവമാണ്. ആ യാത്രകളുടെ ഓര്‍മകള്‍ എപ്പോഴും മനസ്സിന്റെ മൃദുല ഭാഗങ്ങളെ തട്ടിയുണര്‍ത്തികൊണ്ടിരിക്കും. മുഷിപ്പന്‍ പഠനത്തിനിടയിലെ അവധിക്കാല യാത്രകളുടെ മാധുര്യമാകാം നമ്മെ ഇത്രയധികം തീവ്രമായി സ്പര്‍ശിക്കാന്‍ കാരണമാകുന്നത്
(ബെന്യാമിന്‍)

വീണ്ടും ഒരു അവധിക്കാലം കുടി കടന്നുവരുന്നു. ആഹ്ലാദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പടിവാതില്‍ തുറക്കുന്ന സന്തോഷത്തിലാകും കുരുന്നുകള്‍. ഇനി രണ്ട് മാസം കഷ്ടമാണല്ലോ എന്ന് പരാതി പറയുന്നു അമ്മമാരില്‍ ചിലര്‍. വെക്കേഷനാകട്ടെ, പത്തുറുപ്പിക ഉണ്ടാക്കണമെന്ന് കാത്തിരിക്കുന്ന കോച്ചിംഗ് സെന്ററുകാര്‍. നാട്ടിലേക്കും കുട്ടുകുടുംബങ്ങളിലേക്കും വിരുന്നുപോകാലോ എന്നാശിക്കുന്ന കുടുംബങ്ങള്‍. സ്‌കൂള്‍ അവധിക്കാലം ഓരോരുത്തര്‍ക്കും ഓരോരോ പ്രതീക്ഷകളാണ്.
അവധിക്കാലത്തെ കുറിച്ച് ഗൃഹാതുരത്വമുള്ള ഇത്തരം ഓര്‍മകള്‍ ഉള്ളവരായിരിക്കും അധിക പേരും. നമ്മുടെ കുട്ടികള്‍ക്ക് അവധിക്കാലം ലഭിക്കുന്നുണ്ടോ?
സ്‌കൂള്‍ രണ്ട് മാസം പൂട്ടുകയാണെന്ന് അറിയിച്ചപ്പോള്‍ ആ ദിവസം അല്‍പം കുറച്ചുകൂടേ മാഷേ… എന്ന് ചോദിച്ച രക്ഷിതാക്കള്‍ നമുക്കിടയില്‍ ധാരാളമില്ലേ? എന്തുകൊണ്ടാണ് നമ്മുടെ കുട്ടികളെ നമ്മള്‍ അകറ്റിനിര്‍ത്തുന്നത്? നമ്മുടെ മക്കളെ ഉള്‍ക്കൊള്ളാനാകാത്തത്? രാവിലെ വെളുപ്പിനിറങ്ങി രാത്രി വൈകി ട്യൂഷനും കഴിഞ്ഞ് വരുന്ന കുട്ടിക്ക് സ്‌നേഹം നല്‍കാന്‍ ജോലികഴിഞ്ഞ് വൈകിയെത്തുന്ന രക്ഷിതാവിനെവിടെ സമയം? അവധിക്കാലത്തെങ്കിലും അവര്‍ക്ക് അല്‍പം സ്‌നേഹം നല്‍കികൂടേ? പിന്നീടെപ്പോഴാണ് അവര്‍ക്ക് ഇതൊക്കെ ലഭിക്കുക.

കുട്ടികളുടെ അവധിക്കാലം
അവധിക്കാലം കുട്ടികള്‍ ചെലവഴിക്കുന്നത് എങ്ങനെയൊക്കെയാണ്? ഓരോ പ്രദേശത്തെയും കുട്ടികള്‍ക്ക് വ്യത്യസ്തമായ രീതികളുണ്ടെങ്കിലും പൊതുവായി കാണുന്ന ചില കാര്യങ്ങളുണ്ട്.
ഉറക്കം ആയിരിക്കും അതിലൊന്ന്. വേണ്ടതുമാണ്. കുറേ മാസങ്ങളായി നിരന്തരമായുള്ള പഠനത്തിരക്കിനിടയില്‍ കിട്ടുന്ന വിശ്രമം എന്ന നിലക്ക് പരിഗണിച്ചാല്‍ മതിയാകും. കളിയാണ് രണ്ടാമത്തെ ഏറ്റവും പ്രധാനം. കളികള്‍ എന്ന് പറയുമ്പോള്‍ മൊബൈല്‍ ഗെയിം, കമ്പ്യൂട്ടര്‍ ഗെയിം മുതല്‍ കായികാധ്വാനം ഏറെ ആവശ്യമായ ഫുട്‌ബോള്‍, ക്രിക്കറ്റ്, ഓടിക്കളി എന്നിങ്ങനെ കളികള്‍ പലതാണ്. ഇതിനൊക്കെയിടയില്‍ കുട്ടികള്‍ക്ക് വിരുന്നുപോകാനും മറ്റു യാത്രകള്‍ നടത്താനും അവധിക്കാലത്ത് അവസരം ലഭിക്കേണ്ടതുണ്ട്. ഈ യാത്രകളെല്ലാം വലിയ പഠനാനുഭവങ്ങളാണെന്ന് പില്‍ക്കാലത്ത് നമുക്ക് ബോധ്യമാകും. അതോടൊപ്പം നിര്‍ബന്ധിതമല്ലാത്ത രീതിയില്‍ വായന സജീവമാക്കാനും പറ്റിയ മികച്ച അവസരമാണ് അവധിക്കാലം.
ചില കുട്ടികള്‍ അവധിക്കാലം മുഴുവന്‍ ടിവി ക്കു മുന്നില്‍ ചെലവഴിക്കുന്ന രീതിയും കാണാറുണ്ട്. കുട്ടികളില്‍ ഒട്ടേറെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം രീതികള്‍ ഒഴിവാക്കി അവധിക്കാലത്തും ടി വി കാണുന്നതില്‍ അല്‍പം നിയന്ത്രണങ്ങള്‍ ഉണ്ടാകുന്നതു തന്നെയാണ് നല്ലത്. അവ, വീട്ടുകാര്‍ അടിച്ചേല്‍പ്പിക്കാതെയുള്ള സ്വയം നിയന്ത്രണങ്ങളാകണം.
പത്ത്, പ്ലസ് ടു ക്ലാസുകള്‍ കഴിയുന്ന കുട്ടികള്‍ക്ക് കോച്ചിംഗ് സെന്ററിലാണ് അവധിക്കാലം ചെലവഴിക്കേണ്ടിവരുന്നത്. വെക്കേഷന്‍ കോച്ചിംഗ് ക്ലാസുകള്‍. നീന്തല്‍, കരാട്ടെ, സംഗീതം. ചിത്രരചന, റോളര്‍ സ്‌കേറ്റിംഗ്… അങ്ങനെ എല്ലാ വിഷയങ്ങളും ഇപ്പോള്‍ അവധിക്കാലത്താണ് നല്‍കപ്പെടുന്നത്. സ്‌കൂളിന് അവധി കിട്ടുന്നുണ്ടെങ്കിലും ഫലത്തില്‍ സ്‌കൂളില്‍ തന്നെ പലവിധ പരിപാടികള്‍ നടത്തുക വഴി അവധിക്കാലം പൂര്‍ണമായി ആസ്വദിക്കാനാകുന്നുണ്ടോ? സ്വയം വിമര്‍ശത്തിന് തയ്യാറാകേണ്ടതല്ലേ?

അവധിക്കാലം – രക്ഷിതാക്കള്‍
വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കുട്ടികള്‍ ഉറങ്ങുകയായിരുന്നു. വൈകി തിരിച്ചെത്തിയപ്പോഴും അവര്‍ ഉറങ്ങുകയായിരുന്നു. തങ്ങളുടെ കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ പ്രത്യേകിച്ച് പിതാവിനെ കാണാന്‍ സാധിക്കുന്നുണ്ടോ എന്ന് ജോലിത്തിരക്കില്‍ അമരുന്ന രക്ഷിതാക്കള്‍ പുനര്‍ചിന്ത നടത്തേണ്ടതല്ലേ? കുട്ടികളുടെ അവധിക്കാലം എന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്നവരാണ് രക്ഷിതാക്കളില്‍ പലരും. “മാഷേ…ഈ അവധിക്കാലം ഒരു മാസത്തേക്ക് ചുരുക്കാന്‍ പറ്റുമോ” – രക്ഷിതാക്കള്‍ ചോദിക്കുന്ന കാലം. പ്രത്യേകിച്ച് എല്‍ കെ ജി കുട്ടിയുടെ രക്ഷിതാക്കള്‍ ഈ വിധത്തില്‍ ചോദിക്കുമ്പോള്‍ അത് ഒരുപാട് മറുചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
അവധിക്കാലത്ത് കുട്ടികളുടെ വികൃതിത്തരങ്ങള്‍ കൂടുമെന്നതാണ് അവരെ അലട്ടുന്നത്. കുട്ടികള്‍ക്ക് കുട്ടിത്തം സ്വാഭാവികം. അതിനെ അടിച്ചമര്‍ത്തി ഒതുക്കിനിര്‍ത്തുന്നത് കുട്ടിയുടെ സ്വാഭാവിക പ്രതികരണങ്ങളെ ഇല്ലാതാക്കലാണ്. അവധിക്കാലത്തേക്കെങ്കിലും കുറച്ചു ദിവസം നാം അവര്‍ക്കായി മാറ്റിവെക്കണം. ഈ അവധിക്കാലത്ത് കുട്ടികളേയും കൂട്ടി ബന്ധുവീടുകളിലേക്ക് വിരുന്നാകട്ടെ. വിനോദയാത്രകളേക്കാള്‍ പ്രധാനം ബന്ധുവീടുകളിലേക്കുള്ള യാത്രകളാകട്ടെ. അയല്‍ വീടുകളിലുള്ളവരെ സന്ദര്‍ശിക്കാന്‍, രോഗികളെ കാണാന്‍, വാര്‍ധക്യമെത്തിയവരോട് കുശലം പറയാനൊക്കെ നമ്മുടെ കുട്ടികള്‍ ശീലിക്കട്ടെ. അങ്ങനെ അവധിക്കാലത്ത് സ്വാഭാവികമായി ജീവിതമെന്ന പാഠം പഠിച്ചുതുടങ്ങട്ടെ.
രണ്ട് മാസം വെറുതെ നില്‍ക്കേണ്ടെന്ന് കരുതി പലവിധ ജോലികളില്‍ ഏര്‍പ്പെടാന്‍ താത്പര്യപ്പെടുന്നവരാണ് കൗമാരക്കാരായ കുട്ടികളില്‍ അധികപേരും. ജോലി ചെയ്ത് സമ്പാദ്യശീലമുണ്ടാക്കുന്നത് നല്ലതുമാണ്. ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെ സജീവ ശ്രദ്ധ വേണം. ജോലിക്കായി കൗമാര കാലത്ത് ഇറങ്ങുമ്പോള്‍ അവനില്‍ രൂപപ്പെടുന്ന കൂട്ടുകെട്ടുകളില്‍ നന്മയുള്ളവരാണോയെന്ന് ഉറപ്പുവരുത്തുകയാണെങ്കില്‍ ഈ ജോലിയെല്ലാം ഏറെ ഫലമുണ്ടാക്കിയേക്കും. പ്രസിദ്ധരായ പലരും തങ്ങളുടെ കുട്ടിക്കാലത്ത് ചെറിയ ജോലികള്‍ ചെയ്ത് പഠനം കണ്ടെത്തിയവരാണ്. എ പി ജെ അബ്ദുല്‍കലാം, മഹാത്മാഗാന്ധി എന്നിവരെല്ലാം ഇതിനുദാഹരണമാണല്ലോ.

അധ്യാപകരുടെ അവധിക്കാലം
ഏപ്രില്‍ മുതല്‍ ആരംഭിക്കുന്ന വെക്കേഷന്‍ അധ്യാപകരില്‍ പലര്‍ക്കും വൊക്കേഷന്‍ ആയി മാറുന്നതാണ് ഇപ്പോഴത്തെ കാഴ്ച. അധ്യാപകരില്‍ ചിലര്‍ക്ക് കോച്ചിംഗ് സെന്ററുകളിലെ കൊയ്ത്തുകാലമാണ് ഈ രണ്ട് മാസം. കാര്യമായ ജോലിയൊന്നുമില്ലാതെ രണ്ട് മാസം ശമ്പളം ലഭിക്കുന്നതിന് പുറമെയാണ് ഈ മറ്റുജോലികള്‍ എന്നോര്‍ക്കണം. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് രണ്ട് മാസത്തെ അവധി നാട്ടിലേക്കുള്ള യാത്രയായും മാറുന്നു. നേരത്തെ ചില സര്‍വേ ജോലികള്‍ ഏല്‍പ്പിച്ചതൊഴിച്ചാല്‍ അധ്യാപകര്‍ക്ക് അവധിക്കാലത്ത് വേണ്ടത്ര ജോലികളുണ്ടോ? ഈ സമയം ഫലപ്രദമായി വിനിയോഗിക്കാന്‍ അധ്യാപക സുഹൃത്തുക്കള്‍ക്ക് സാധിക്കേണ്ടതുണ്ട്. തങ്ങളുടെ മുമ്പില്‍ ഓരോ വര്‍ഷവും കടന്നുവരുന്ന കുട്ടികള്‍ ദിനംപ്രതി പുതുക്കലുകള്‍ക്ക് വിധേയമാക്കപ്പെടുന്നവരാണ്. അതിനാനുപാതികമായി അധ്യാപകരും സ്വയം നവീകരണ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ അത്തരം പദ്ധതികള്‍ അധികം നടക്കാറില്ല. അധ്യാപകര്‍ക്കായി നടത്തിയ പല പരിശീലന പരിപാടികളിലും പ്രാതിനിധ്യം ശുഷ്‌കമായിരുന്നു. ബിരുദമോ ബിരുദാനന്തര ബിരുദത്തോടൊപ്പം അധ്യാപക പരിശീലന കോഴ്‌സ്‌കൂടി ചേര്‍ത്ത് യോഗ്യരാകുന്നതോടെ സ്വയം പഠനവും നവീകരണവും എന്ന പ്രക്രിയ ഭൂരിഭാഗം പേരിലും കാണാറില്ല. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പ് ഇക്കാലത്ത് നടക്കേണ്ടതുണ്ട്. പുതിയ കാലത്തിനനുസരിച്ച് പുതിയ ബോധന സാങ്കേതികവിദ്യകള്‍ നവീകരിക്കുകയും പുതിയ അധ്യാപന രീതികളെ കുറിച്ച് മനസ്സിലാക്കാനും പരിശീലിക്കാനും ഉതകുന്നതാകട്ടെ ഈ രണ്ട് മാസക്കാലം.
ഒന്നും ചെയ്യാനില്ലാത്ത, ശൂന്യമായ സമയമല്ല അവധിക്കാലം. അതങ്ങനെ ശൂന്യമായി കിടക്കുമ്പോഴാണ് അശുഭകരമായ കാര്യങ്ങള്‍ നമ്മുടെ സമയം അപഹരിക്കുക. അവധിക്കാലത്ത് ക്രിയാത്മക കാര്യങ്ങള്‍ ചെയ്തുകൊണ്ടുതന്നെ സമയം ചെലവഴിക്കുക. ചെയ്യുന്ന കാര്യങ്ങള്‍ സന്തോഷകരവും മനസ്സിനും ശരീരത്തിനും ഉല്ലാസം നല്‍കുന്നതും കൂടിയായാല്‍ നന്നായി. വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ അവധിക്കാല പ്രവര്‍ത്തനങ്ങള്‍പോലെ നമ്മുടെ ജീവിതത്തിനും ചില പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് മുന്നേറട്ടെ.

Latest