ഐ എ എസ് ഉദ്യോഗസ്ഥന്റെ മരണം: സി ബി ഐ അന്വേഷണത്തിന് വിമുഖത പ്രകടിപ്പിച്ച് മുഖ്യമന്ത്രി

Posted on: March 22, 2015 11:09 am | Last updated: March 22, 2015 at 11:09 am
SHARE

-dk-ravi-bangaloreബെംഗളൂരു: അഴിമതിവിരുദ്ധ നിലപാട് വഴി ജനപ്രീതിയാര്‍ജിച്ച ഐ എ എസ് ഉദ്യോഗസ്ഥന്‍ ഡി കെ രവിയുടെ ദുരൂഹ മരണത്തില്‍ സര്‍ക്കാറിന് ഒന്നും ഒളിക്കാനില്ലെന്നും ആരെയും സംരക്ഷിക്കില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രവിയുടെ മരണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് വിവിധ കോണില്‍ നിന്ന് ശക്തമായ മുറവിളി ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. സി ബി ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാറിന്റെ നിലപാട് നാളെ സഭയെ അറിയിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. സംഭവത്തില്‍ സി ഐ ഡി അന്വേഷണം നടക്കുകയാണ്. അത് സി ബി ഐയെ പോലെ സ്വതന്ത്ര അന്വേഷണ സംഘമാണ്. ഒന്നും ഒളിച്ചുവെക്കാന്‍ ആഗ്രഹിക്കുന്നില്ല. ആരെയും സംരക്ഷിക്കുകയും ഇല്ല. സത്യം പുറത്ത് വരണമെന്ന് തന്നെയാണ് സര്‍ക്കാറിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന് സംസ്ഥാന പോലീസ് സംവിധാനത്തിന്റെ മനോവീര്യം തകരാതെ നോക്കാനുള്ള ഉത്തരവാദിത്വം കൂടിയുണ്ട്. അത്‌കൊണ്ട് ഇപ്പോള്‍ ശരിയായ ദിശയില്‍ അന്വേഷണം നടക്കുന്ന വിഷയത്തില്‍ കേന്ദ്ര ഏജന്‍സിയെ വിളിക്കുന്നത് കൂടുതല്‍ ആലോചനക്ക് ശേഷമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭ സമ്മേളിക്കുന്ന സമയമാണ് ഇത്. ഈ ഘട്ടത്തില്‍ സര്‍ക്കാറിന്റെ നിലപാട് സഭയില്‍ വെക്കുന്നതാണ് ഉചിതം. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെ സ്ഥിഗതികള്‍ ധരിപ്പിച്ചിട്ടുണ്ട്. അവര്‍ സി ബി ഐ അന്വേഷണം നിഷ്‌കര്‍ഷിച്ചുവെന്ന വാര്‍ത്ത ശരിയല്ല. എന്ത് വേണമെന്ന് അവര്‍ പറഞ്ഞില്ല. യുക്തമായ അന്വേഷണം നടക്കണമെന്നേ പറഞ്ഞുള്ളൂ. അത് തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം സംസ്ഥാനത്തിനാണെന്ന് വ്യക്തമാക്കുകയും ചെയ്തു- സിദ്ധരാമയ്യ വിശദീകരിച്ചു.
മണല്‍മാഫിയയില്‍ നിന്നും ഭീഷണി നേരിട്ടിരുന്ന രവിയെ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ബംഗളൂരുവിലെ സ്വന്തം ഫഌറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ ഒരു വന്‍കിട കമ്പനിയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു രവി. കമ്പനിക്കെതിരെയുള്ള തെളിവുകള്‍ ശേഖരിച്ചു വന്ന അദ്ദേഹം തന്റെ പദ്ധതി സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.