Connect with us

Malappuram

കൊണ്ടോട്ടി എസ് ഐയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവം: അഞ്ച് സി പി എമ്മുകാര്‍ അറസ്റ്റില്‍

Published

|

Last Updated

കൊണ്ടോട്ടി: മൊറയൂരില്‍ കഴിഞ്ഞയാഴ്ചയുണ്ടായ മുസ്ലിം – ലിഗ് സി പി എം സംഘര്‍ഷം തടയാനെത്തിയ കൊണ്ടോട്ടി എസ് ഐ. കെ ശ്രീകുമാറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ അഞ്ച് സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഒഴുകൂര്‍ കാരാട്ടുചാലിന്‍ സൈതലവി (29), മൊറയൂര്‍ പാണാലി ഹബീബ് റഹ്മാന്‍ (30), അരിമ്പ്ര സ്വദേശി ശ്രീകുമാര്‍ (27), മൊറയൂര്‍ സ്വദേശി അനീഷ് (32), ഒഴുകൂര്‍ സ്വദേശി ഷാഹുല്‍ ഹമീദ് അലി (30) എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ മാസം 12ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. മൊറയൂര്‍ പഞ്ചായത്ത് വികസന ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സി പി എം നടത്തിയ പ്രകടനത്തിനെതിരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. നാളുകളായി ഇരുവിഭാഗവും തമ്മില്‍ നടത്തിയ പോര്‍വിളികളുടെ തുടര്‍ച്ചയായിരുന്നു പ്രകടനം. ഇത് നിയന്ത്രിക്കാന്‍ എത്തിയ കൊണ്ടോട്ടി എസ് ഐ ശ്രികുമാറിനെ ഒരുസംഘം സി പി എമ്മുകാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും 12 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവരില്‍ അഞ്ച് പേരാണ് അറസ്റ്റിലായത്.

മൊറയൂര്‍ പഞ്ചായത്ത് വികസന ഫണ്ട് ചെലവഴിച്ചതില്‍ കുറവുവരുത്തിയെന്ന് ആരോപിച്ച് ഭരണകക്ഷിയായ മുസ്ലിം ലീഗിനെതിരെ സി പി എം രംഗത്ത് വന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ സി പി എം അംഗം സുര്‍ജിത്തിനെതിരെ കേസെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് 12ന് സി പി എം പ്രകടനം നടത്തയത്.

Latest