വനിതാ എംഎല്‍എമാര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം: കെ സി അബു മാപ്പ് പറഞ്ഞു

Posted on: March 20, 2015 7:01 pm | Last updated: March 21, 2015 at 1:05 am

kc abuകോഴിക്കോട്: നിയമസഭയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് എല്‍ ഡി എഫ് വനിതാ എം എല്‍ എമാര്‍ക്കെതിരെ കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ സി അബു നടത്തിയ പ്രസ്താവന വിവാദമായി. ഇതേതുടര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് കെ പി സി സി സി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയതോടെ അദ്ദേഹം പിന്നീട് മാപ്പ് പറഞ്ഞു.
ബജറ്റ് അവതരണ ദിവസമുണ്ടായ സംഘര്‍ഷത്തിനിടെ നിയമസഭയില്‍ നടന്നത് ബിജിമോള്‍ എം എല്‍ എയും മന്ത്രി ഷിബു ബേബിജോണും ശരിക്കും ആസ്വദിച്ചെന്ന് വാര്‍ത്താസമ്മേളനത്തിനിടെ അബു നടത്തിയ പരാമര്‍ശമാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ മ്ലേച്ചമായ ഭാഷയില്‍ പ്രസ്താവന നടത്തിയ അബുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി പി എമ്മും സി പി ഐയും രംഗത്തെത്തി. അബുവിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഇടത് യുവജന, മഹിളാ സംഘടനകള്‍ ഡി സി സി ഓഫീസിലേക്കും അബുവിന്റെ വസതിയിലേക്കും മാര്‍ച്ച് നടത്തി. ഡി സി സി ഓഫീസിലേക്ക് നടന്ന എ ഐ വൈ എഫ് മാര്‍ച്ചില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.
എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ നിയമസഭയില്‍ നടന്ന അതിക്രമങ്ങള്‍ക്കെതിരെ യു ഡി എഫ് നടത്തുന്ന വിശദീകരണ യോഗത്തെക്കുറിച്ച് പറയാന്‍ പ്രസ്‌ക്ലബില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് അബുവിന്റെ പരാമര്‍ശം. ‘ ജമീല പ്രകാശം എന്തിനാണ് വൃദ്ധനായ ശിവദാസന്‍ നായരെ കടിച്ചതെന്ന് എനിക്കറിയില്ല. കരിമ്പുപോലത്തെ ശരീരമുള്ള പി കെ ബഷീര്‍ എം എല്‍ എയെ കടിക്കാമായിരുന്നില്ലേ ?. നിയമസഭയിലെ ദൃശ്യങ്ങള്‍ കണ്ടാല്‍ ഒരു കാര്യം ഉറപ്പാണ്. ഷിബു ബേബി ജോണ്‍ തടഞ്ഞതില്‍ ബിജിമോള്‍ക്ക് പരാതിയുണ്ടാവില്ല. കാരണം ആ സംഭവം ബിജിമോളും ഷിബുവും ശരിക്കും ആസ്വദിച്ചതായാണ് തനിക്ക് മനസ്സിലായത്. എനിക്ക് 62 വയസ്സായി. ഇത്രയും കൊല്ലത്തെ കുടുംബജീവിത പാരമ്പര്യം എനിക്കില്ലേ. അതുകൊണ്ട് എനിക്കതു കണ്ടാല്‍ മനസ്സിലാകും. രണ്ട് പേര്‍ക്കും പരാതിയൊന്നും ഉണ്ടാകാനിടയില്ല. അല്ലേലും എന്തിനാണ് അതിന് ഒരു പരാതിയും പുകിലും. ഡയമണ്ട് നെക്ലൈസ് എന്ന സിനിമയിലെ പാട്ടുസീനിലുള്ള പോലുള്ള മനോഹരമായ ദൃശ്യമായിരുന്നു അത്’- അബു പറഞ്ഞു.
നിയമസഭയില്‍ എല്ലാവര്‍ക്കും ഓരോ സീറ്റുണ്ട്. വനിതാ എം എല്‍ എമാര്‍ക്കും സീറ്റ് അനുവദിച്ചിട്ടുണ്ട്. പിന്നെങ്ങനെയാണ് അവര്‍ മുഖ്യമന്ത്രിയുടെ സീറ്റിന് അരികിലെത്തെിയത്. ധനമന്ത്രി കെ എം മാണിക്ക് സംരക്ഷണം നല്‍കാന്‍ യു ഡി എഫ് കെ എം ഷാജിയും വിഷ്ണുനാഥും ഹൈബി ഈഡനും പി കെ ബഷീറും ഉള്‍പ്പെടെയുള്ള യുവ എം എല്‍ എമാരെയാണ് ഏര്‍പ്പാടാക്കിയത്.
എല്‍ ഡി എഫാണ് കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിക്കുന്നതുപോലെ വനിതാ എം എല്‍ എമാരെ മുന്നില്‍ നിര്‍ത്തി സമരം ചെയ്തതെന്നും അബു പറഞ്ഞു.
അബുവിന്റെ പരാമര്‍ശത്തിനിടെ നിമിഷങ്ങള്‍ക്കകം തന്നെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
അബുവിനെതിരെ സ്ത്രീകളെ അപമാനിച്ച വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കണമെന്ന് സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍ ആവശ്യപ്പെട്ടു.
യു ഡി എഫിലെ സാംസ്‌കാരിക ബോധമുള്ളവര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും മോഹനന്‍ പ്രസ്താവനയില്‍ പറഞ്ഞു. കെ സി അബുവിനെതിരെ സോണിയ ഗാന്ധിക്ക് പരാതി നല്‍കുമെന്ന് കെ കെ ലതിക എം എല്‍ എ പറഞ്ഞു.
അതേസമയം പ്രസ്താവനക്കെതിരെ കെ പി സി സി പ്രസിഡന്റ് വി എം സുധീരനും രംഗത്തെത്തി. അബു നടത്തിയ പരാമര്‍ശം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് സുധീരന്‍ പറഞ്ഞു.
പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന സുധീരന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കെ സി അബു പിന്നീട് മാപ്പ് പറഞ്ഞു.
ഒരു കാരണവശാലും ഇങ്ങനെയൊരു പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. കോണ്‍ഗ്രസ് സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് നിരക്കാത്ത നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നതെന്ന് സുധീരന്‍ പറഞ്ഞു.