അന്തര്‍സംസ്ഥാന സര്‍വീസ് വ്യാപിപ്പിക്കുന്നു

Posted on: March 20, 2015 6:01 am | Last updated: March 20, 2015 at 11:12 am
SHARE

ksrtcതിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ അന്തര്‍സംസ്ഥാന സര്‍വീസ് ശൃംഖല വ്യാപിപ്പിക്കുന്നു. പോണ്ടിച്ചേരി, ഗോവ, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച് അതതു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളുമായി ചര്‍ച്ച നടത്തിയതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഗോവയിലെ കദംബ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ലിമിറ്റഡുമായി സഹകരിച്ച് കോഴിക്കോട്ട് നിന്ന് പനാജിയിലേക്ക് സര്‍വീസ് നടത്തും. അതോടൊപ്പം കോഴിക്കോട് നിന്ന് മംഗലാപുരം കാര്‍വാര്‍, ഗോവ, പൂനെ വഴി മുംബൈക്ക് സര്‍വീസ് നടത്തുന്നതിന് മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുമായി ധാരണയിലെത്തിയിട്ടുണ്ട്. ഈ സര്‍വീസ് ഗോവ വഴി നടത്തുന്നതിനുള്ള അനുവാദം കദംബ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ലിമിറ്റഡും നല്‍കിയിട്ടുണ്ട്. കൂടാതെ കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് ഹൈദരാബാദ്, തിരുപ്പതി, പുട്ടപര്‍ത്തി എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താനും ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളുമായി ധാരണയായിട്ടുണ്ട്.
കോട്ടയം- ചെന്നൈ, തിരുവനന്തപുരം – ചെന്നൈ, എറണാകുളം- പോണ്ടിച്ചേരി സര്‍വീസുകള്‍ ആരംഭിക്കുന്നതിനും ധാരണയായി. മള്‍ട്ടി ആക്‌സില്‍ ബസുകളായിരിക്കും ഇതിനായി ഉപയോഗിക്കുക. 15-20 പുതിയ ബസുകള്‍ ഇതിനായി വാങ്ങും. ഓരോ സംസ്ഥാനങ്ങളിലും പ്രവേശിക്കുമ്പോള്‍ അവിടങ്ങളിലെ യാത്രാ നിരക്കായിരിക്കും ഈടാക്കുക. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഉത്സവ സീസണിലും അവധിക്കാലത്തും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതു സംബന്ധിച്ചും കരാറില്‍ സൂചിപ്പിച്ചിട്ടുണ്ട്. നിലവില്‍ പല അന്തര്‍സംസ്ഥാന സര്‍വീസുകളും ലാഭത്തിലല്ല ഓടുന്നത്. ഇത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
കെ എസ് ആര്‍ ടിസി എന്ന ചുരുക്കപ്പേര് ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷനിലൂടെ കര്‍ണാടക ഉപയോഗിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അവര്‍ നല്‍കിയ പരാതിക്കെതിരെ കെ എസ് ആര്‍ ടി സിയും പരാതി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് രണ്ട് തവണ കര്‍ണാടക ആര്‍ ടി സിയുമായി ചര്‍ച്ച നടത്തിയിരുന്നതായും ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നഷ്ടത്തിലായിരുന്ന കെ എസ് ആര്‍ ടി സിയുടെ വരുമാനം പ്രതിദിനം നാലരക്കോടിയില്‍ നിന്ന് അഞ്ചരക്കോടിയായി വര്‍ധിച്ചിട്ടുണ്ട്.
തമ്പാനൂര്‍. തിരുവല്ല, അങ്കമാലി, കോഴിക്കോട് ബസ് ടെര്‍മിനലുകള്‍ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കും. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരം കാണുന്നതിനായി ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു തൊഴിലാളി പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സേവന മികവിനുള്ള രണ്ട് അവാര്‍ഡുകള്‍ കെ എസ് ആര്‍ ടി സി സ്വന്തമാക്കി. അസോസിയേഷന്‍ ഓഫ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അണ്ടര്‍ടേക്കിന്റെ ഹൈയെസ്റ്റ് ടയര്‍ പെര്‍ഫോമന്‍സ്- മൊഫുസില്‍ സര്‍വീസസ്, മാക്‌സിമം കോണ്‍ട്രിബ്യൂഷന്‍ ടുവേര്‍ഡ്ട്‌സ് ദി സെക്രട്ടേറിയല്‍ റിബേറ്റ് എന്നീ അവാര്‍ഡുകളാണ് കെ എസ് ആര്‍ ടി സിക്ക് ലഭിച്ചത്. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം.