പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജില്‍ പീഡിപ്പിച്ച ബസ് ജീവനക്കാര്‍ അറസ്റ്റില്‍

Posted on: March 19, 2015 5:29 am | Last updated: March 18, 2015 at 11:29 pm
SHARE

rapeകണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചുകൊണ്ടുവന്ന് കണ്ണൂരിലെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവറെയും കണ്ടക്ടറെയും കണ്ണൂര്‍ സി ഐ ആസാദ് അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവര്‍ കൂത്തുപറമ്പ് പടുവിലായിലെ വിജിന്‍ (25), കണ്ടക്ടര്‍ കൂത്തുപറമ്പ് വേങ്ങാട്ടെ ജിതിന്‍ എന്ന കുട്ടന്‍ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് ഇരുവരും. കോഴിക്കോട് മുക്കം സ്വദേശിനിയായ പതിനാറുകാരിയെയാണ് ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചത്. നേരത്തെ പരിചയമുണ്ടായിരുന്ന പെണ്‍കുട്ടിയെ കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസില്‍ കയറ്റി കണ്ണൂരിലെത്തിക്കുകയും താണയിലെ ലോഡ്ജില്‍ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഇതിനു ശേഷം പെണ്‍കുട്ടിയെ ഇവര്‍ കണ്ണൂരില്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തലശ്ശേരി ബസ് സ്റ്റാന്‍ഡില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മുക്കം പോലീസിന് കൈമാറി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ ചൊവ്വാഴ്ച ഉച്ചക്ക് 12.30ഓടെ കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് താമരശ്ശേരി ഡി വൈ എസ് പി ഓഫീസില്‍ ഹാജരാക്കുകയും പെണ്‍കുട്ടി പ്രതികളെ തിരിച്ചറിയുകയും ചെയ്തു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.