Connect with us

Kerala

എല്‍ ഡി ക്ലാര്‍ക്ക് നിയമനത്തിന് സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കും

Published

|

Last Updated

തിരുവനന്തപുരം: കാലാവധി തീരുന്ന എല്‍ ഡി ക്ലാര്‍ക്ക് റാങ്ക് പട്ടികയില്‍ ഇടം നേടിയവര്‍ക്ക് കൂടുതല്‍ അവസരം ഉറപ്പുവരുത്താന്‍ ജൂണ്‍ 30 വരെയുണ്ടാകുന്ന ഒഴിവുകള്‍ കണക്കാക്കി സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് ജൂണ്‍ 30 വരെയുണ്ടാകുന്ന ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് പി എസ് സി നിയമന ശിപാര്‍ശ നല്‍കുമെങ്കിലും ഒഴിവുകള്‍ ഉണ്ടാകുന്ന മുറക്കേ നിയമനം ലഭിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ ഡി സിയുടെ കഴിഞ്ഞ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയത് മൂലം കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചിരുന്നു. മാര്‍ച്ച് 31ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതോടെ നിലവിലെ ലിസ്റ്റിന്റെ കാലാവധി അവസാനിക്കും. പുതിയ ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കുന്നതിനാല്‍ കാലാവധി നീട്ടിനല്‍കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് നിലവിലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്ന വിധത്തില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചത്. ഒഴിവ് റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ പി എസ് സിക്ക് നിയമന ശിപാര്‍ശ നല്‍കാന്‍ കഴിയുകയുള്ളു. ഇതുമൂലം സര്‍ക്കാറിന് അധികച്ചെലവ് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി മെട്രോ പദ്ധതിക്ക് ഭൂമി ഏറ്റെടുത്ത അതേ രീതിയില്‍ എറണാകുളം ജില്ലയിലെ ആമ്പല്ലൂരില്‍ ഇല്ക്‌ട്രോണിക് ഹാര്‍ഡ്‌വെയര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള 100 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. കൊച്ചി മെട്രോക്ക് നെഗോഷ്യേറ്റഡ് പര്‍ച്ചേസ് പ്രകാരം ഭൂമി വാങ്ങുന്നതിന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശ പ്രകാരം ഈ പദ്ധതിക്കും ഭൂമി വാങ്ങാന്‍ ജില്ലാ കലക്ടര്‍ നടപടികള്‍ സ്വീകരിക്കണം. ഇത് സംബന്ധിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കും. നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം, തീരദേശ മേഖലാ സംരക്ഷണ നിയമം, പരിസ്ഥിതി നിയമം എന്നിവ അനുശാസിക്കുന്ന അനുമതികള്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ ഇതോടൊപ്പം കെ എസ് ഐ ഡി സി സ്വീകരിക്കേണ്ടതാണ്.
രാജ്യത്തെ ഒന്നാമത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കും. ഡിജിറ്റല്‍ കേരള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് അനുമതി നല്‍കിയ സേവനദാതാക്കള്‍ക്ക് ഒപ്ടിക്കല്‍ ഫൈബര്‍ സ്ഥാപിക്കുന്നതിനും സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലങ്ങളിലും ഓഫീസുകളിലും മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കുന്നതിലും കാലതാമസം വരാതെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും വകുപ്പ് അധ്യക്ഷന്മാര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ക്കും നിര്‍ദേശം നല്‍കും.
ഫിഷറീസ് വകുപ്പ് നടപ്പാക്കി വരുന്ന മത്സ്യസമൃദ്ധി പദ്ധതി-1 ഈ മാസം 31ന് ലക്ഷ്യം പൂര്‍ത്തിയാകുകയാണ്. പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച പ്രോജക്ട് അസിസ്റ്റന്റുമാരുടെയും അക്വാകള്‍ച്ചര്‍ കോ ഓര്‍ഡിനേറ്റര്‍മാരുടെയും കാലാവാധി അന്ന് അവസാനിക്കും. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ആവശ്യമായ വിളവെടുപ്പ്, ഡോക്യുമെന്റേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ജീവനക്കാരുടെ സേവനം മൂന്നു മാസം കൂടി നീട്ടി മെയ് 31 വരെയാക്കാനും ഇതിന് ആവശ്യമായ 67.50 ലക്ഷം രൂപ പദ്ധതിയുടെ നിലവിലുള്ള ഫണ്ടില്‍ നിന്ന് അനുവദിക്കാനും തീരുമാനിച്ചു. മലയാള ഭാഷാ നിയമം യോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റിവെച്ചു.

---- facebook comment plugin here -----

Latest