അഅ്‌സം ഖാനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; ഒമ്പതാം ക്ലാസുകാരന് ജാമ്യം ലഭിച്ചു

Posted on: March 19, 2015 1:40 pm | Last updated: March 19, 2015 at 1:46 pm
SHARE

ലക്‌നോ: ഉത്തര്‍ പ്രദേശ് നഗരവികസന മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഅ്‌സം ഖാനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്ക് കമന്റ് ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കോടതി ജാമ്യത്തില്‍ വിട്ടു.  ഉത്തര്‍ പ്രദേശിലെ ബറേലി ജില്ലയിലെ വുഡ്‌റോ സ്‌കൂളില്‍ പഠിക്കുന്ന വിക്കിഖാന്‍ എന്ന വിദ്യാര്‍ഥിയെയാണ് പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. അഅ്‌സം ഖാന്റെ മാധ്യമവിഭാഗം ചുമതലയുള്ള ഫസാഹത് അലി ഔദ്യോഗികമായി പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

തിങ്കളാഴ്ച വിദ്യാര്‍ഥിയുടെ വീട്ടില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. ചൊവ്വാഴ്ച്ച കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട വിദ്യാര്‍ഥി ഇപ്പോള്‍ രാംപൂര്‍ ജില്ലാ ജയിലിലാണുള്ളത്. വിവരസാങ്കേതിക വിദ്യയിലെ 66 എ വകുപ്പും ഐ പി സിയിലെ മറ്റു വകുപ്പുകളും പ്രകാരമാണ് വിദ്യാര്‍ഥിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഫേസ്ബുക് പോസ്റ്റ് വളരെ തരംതാഴ്ത്തുന്നതരത്തിലുള്ളതും തെറ്റായതുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
രാംപൂര്‍ എം എല്‍ എയാണ് അഅ്‌സംഖാന്‍. ദിവസങ്ങള്‍ക്കു മുമ്പ് ആക്ഷേപാര്‍ഹമായ പോസ്റ്റര്‍ അപ്‌ലോഡ് ചെയ്തതിന്റെ പേരില്‍ വാരാണസി ടൂറിസം ഓഫീസര്‍ രവീന്ദര്‍ കുമാര്‍ മിശ്രക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
അഅ്‌സം ഖാനെയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെയും അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റിലൂടെ പുറത്തുവിട്ടതിന്റെ പേരിലായിരുന്നു കേസ് ഫയല്‍ ചെയ്തത്.

അഖിലേഷ് യാദവ് സര്‍ക്കാര്‍ ഐ എ എസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടതിനെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ കാരണാല്‍ 2013ല്‍ സംസ്ഥാനത്ത് ദളിത് എഴുത്തുകാരനെ അറസ്റ്റ് ചെയ്തിരുന്നു.