ഫോം കപ്പിന് നിരോധവും പിഴയുമില്ലെന്ന് അധികൃതര്‍

Posted on: March 18, 2015 6:00 pm | Last updated: March 18, 2015 at 6:16 pm
SHARE

അബുദാബി: തെര്‍മോകോള്‍ നിര്‍മിത കപ്പുകളുടെ ഉപയോഗം സംബന്ധിച്ച് സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ടു സാമ്പത്തിക മന്ത്രാലയത്തിന്റെ അറിയിപ്പ് നിര്‍മാതാക്കള്‍ക്ക് ലഭിച്ചു.
തെര്‍മോകോള്‍ കപ്പുകളില്‍ ചൂടുള്ളതും പുളിപ്പ് രസമുള്ളതുമായ പാനീയങ്ങള്‍ നല്‍കുന്നത് സാമ്പത്തിക മന്ത്രാലയം നിരോധിച്ചതായുള്ള വാര്‍ത്ത ചില പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അബുദാബി, ദുബൈ, ഷാര്‍ജ അടക്കമുള്ള നഗരസഭകള്‍ ഇതിനെ നിരോധിച്ചിട്ടില്ലെന്നും സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. ഇങ്ങിനെ ഒരു തീരുമാനം എടുക്കാനുള്ള അധികാരം സാമ്പത്തിക മന്ത്രാലയത്തിന് ഇല്ലെന്നും ഇതിനെകുറിച്ച് ചില പ്രാദേശിക പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ തെറ്റായ വാര്‍ത്തമൂലം നഷ്ടം അനുഭവിക്കുന്ന ഫാക്ടറികളുടെ താല്‍പര്യം സംരക്ഷിക്കപ്പെടുമെന്നും മന്ത്രാലയം കപ്പിന്റെ നിര്‍മാതാക്കള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
ദുബൈ നഗരസഭ ഫോം കപ്പുകളില്‍ ചൂട് പാനീയങ്ങള്‍ നല്‍കുന്നത് നിരോധിച്ചിട്ടില്ലെന്ന് നേരത്തെ തന്നെ വാര്‍ത്ത നല്‍കിയിരുന്നു. മറിച്ചുള്ള ഒരു അറിയിപ്പ് രാജ്യാന്തര ആരോഗ്യ സംഘടനയില്‍നിന്നും ലഭിച്ചിട്ടില്ലെന്നും ദുബൈ നഗരസഭയുടെ ഔദ്യോഗിക വക്താവ് ഖാലിദ് അലി ബിന്‍ സഈദ് അറിയിച്ചു.
യു എ ഇ ഗവര്‍മെന്റിന്റെ അംഗീകാരമുള്ള അന്താരാഷ്ട്ര പരിശോധന ഏജന്‍സി 95 ഡിഗ്രി താപനിലയിലുള്ള വെള്ളം, അസിഡിക് ആസിഡ്, ഒലിവ് ഓയില്‍ എന്നിവ ഒഴിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ ഈ കപ്പുകളില്‍ ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാത്രമല്ല അമേരിക്കന്‍ ഫുഡ് അതോറിറ്റി തെര്‍മോകാള്‍ കപ്പ് ഉപയോഗിക്കുന്നത് ശരീരത്തിന് ഹാനികരമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി, യൂറോപ്യന്‍ യൂണിയന്‍ ഫുഡ് സേഫ്റ്റി എന്നിവയില്‍ നിന്നും ഇതിനെകുറിച്ച് ഒരു മുന്നറിയിപ്പും ലഭിച്ചിട്ടില്ല.
തെര്‍മോകോള്‍ കപ്പുകളില്‍ ചൂട് പാനീയങ്ങള്‍ കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഒരു അന്താരാഷ്ട്ര പഠനവും ഇതുവരെ തെളിയിച്ചിട്ടില്ല. ഇതോടുകൂടി ഫോം കപ്പുകളെ ക്കുറിച്ച് നിലവിലുണ്ടായിരുന്ന സംശയങ്ങള്‍ക്ക് അവസാനമായിരിക്കുകയാണ്.