പഞ്ചായത്ത് തിരഞ്ഞെടുപ്പ്

Posted on: March 18, 2015 9:46 am | Last updated: March 18, 2015 at 9:46 am
SHARE

പൊന്മുണ്ടത്ത് കോണ്‍ഗ്രസ് വിമതരും ഇടതുപക്ഷവും ചേര്‍ന്ന് മത്സരിക്കാന്‍ തീരുമാനം
കല്‍പകഞ്ചേരി: അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പൊന്മുണ്ടത്ത് കോണ്‍ഗ്രസ് വിമതരും ഇടതുപക്ഷവും ചേര്‍ന്ന് മത്സര രംഗത്തിറങ്ങാന്‍ ധാരണയായി. ഇന്നലെ വൈലത്തൂരിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ പൊന്മുണ്ടം കോണ്‍ഗ്രസ് നേതാക്കളുടെയും സി പി എം ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരും സംബന്ധിച്ച യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
വിമത കോണ്‍ഗ്രസിന്റെ നേത്യത്തില്‍ സി പി എം ഉള്‍പ്പെട്ടവര്‍ സംഘടിക്കാന്‍ ജനകീയ മുന്നണി എന്ന പേരില്‍ ബദല്‍ കൂട്ടായ് മക്ക് യോഗത്തില്‍ രൂപം നല്‍കി.മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ കോമുക്കുട്ടി ചെയര്‍ മാനും സി പി എം ബ്രാഞ്ച് കമ്മറ്റിയംഗം കെ പി ബീരാന്‍ കണ്‍വീനറും മുസ്‌ലീം ലീഗ് മുന്‍ പഞ്ചായത്ത് നേതാവായിരുന്ന എ സി മുഹമ്മദ് കുട്ടി ട്രഷററുമായ കമ്മറ്റിയാ ജനകീയ മുന്നണിയെ നയിക്കുക. പഞ്ചായത്ത് ഭരണ സമിതിയുടെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ യോചിച്ച് സമര പരിപാടികളുമായി രംഗത്തിറങ്ങാനും തീരുമാനമുണ്ട്. ഏപ്രില്‍ മൂന്നിന് വിപുലമായ കണ്‍വെന്‍ഷനും നടത്തും.
ഇക്കഴിഞ്ഞ പാര്‍ലമന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവര്‍ പ്രാദേശികമായി രൂപവത്കരിച്ചതാണ് പൊന്മുണ്ടം കോണ്‍ഗ്രസ് കമ്മറ്റി. യോഗം സി പി എം താനൂര്‍ ഏരിയ സെക്രട്ടറി ഇ ജയന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ കോമുക്കുട്ടി അധ്യക്ഷത വഹിച്ചു. എന്‍ ആര്‍ ബാവു, കെ ബിജു, പറമ്പാട്ട് മൊയ്തുീന്‍ കുട്ടി, ഒ അലവി, ഇ ആലി യാമു പ്രസംഗിച്ചു.