Connect with us

Sports

ഇനി നോക്കൗട്ട്

Published

|

Last Updated

സിഡ്‌നി: പടിക്കല്‍ കലമുടക്കുന്നവര്‍. ദക്ഷിണാഫ്രിക്കന്‍ ടീം മുന്‍ ലോകകപ്പുകളില്ലാം തന്നെ അന്വര്‍ഥമാക്കിയ വിശേഷണമാണിത്. ഇത്തവണ ഒരു മാറ്റം അവരാഗ്രഹിക്കുന്നുണ്ട്. ശ്രീലങ്കയാകട്ടെ, പതിയെ ചാര്‍ജായി വന്ന്, കത്തിക്കയറുന്ന സ്വഭാവക്കാരാണ്. ഈ ലോകകപ്പിലും അതു കാണുന്നുണ്ട്. കഴിഞ്ഞ രണ്ട് ലോകകപ്പിലും ഫൈനലില്‍ പരാജയപ്പെട്ട ശ്രീലങ്ക കപ്പുയര്‍ത്താന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റില്‍ ഇത്തവണ ഇല്ലായിരുന്നു. പക്ഷേ, ഇപ്പോഴുണ്ട്. കുമാര സങ്കക്കാര തുടരെ നാല് സെഞ്ച്വറികള്‍ നേടി ഏകദിന ക്രിക്കറ്റിലെ വിസ്മയമായി നില്‍ക്കുകയാണ്. പവിഴപ്പുറ്റുകളുടെ നാട്ടുക്കാര്‍ ഇത്തരം അത്ഭുതങ്ങള്‍ ഒളിപ്പിച്ചാണ് നോക്കൗട്ട് റൗണ്ടിന് തയ്യാറെടുക്കുന്നത്. ആവേശകരമായ മുഹൂര്‍ത്തങ്ങള്‍ക്ക് കണ്ണും കാതും കൂര്‍പ്പിക്കാം…
ദ.ആഫ്രിക്ക-ശ്രീലങ്ക മാച്ച് ഫാക്ട്‌സ്
– ഇരുടീമുകളും തമ്മിലുള്ള അവസാന എട്ട് മത്സരങ്ങളിലും ഏഴിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ്.

– ഇരുടീമുകളും അവസാനം കളിച്ച പതിനാറ് മത്സരങ്ങളിലും എട്ട് വീതം ജയം പങ്കിടുന്നു.

– ദക്ഷിണാഫ്രിക്കക്കെതിരെ മഹേല ജയവര്‍ധനെയുടെ ബാറ്റിംഗ് ശരാശരി 22.9. 42 ഇന്നിംഗ്‌സില്‍ നിന്നാണിത്. നേരിട്ട പതിനെട്ട് ടീമുകളില്‍ ജയവര്‍ധനെയുടെ രണ്ടാമത്തെ മോശം പ്രകടനമാണിത്

– ലോകകപ്പില്‍ ഒരേയൊരിക്കല്‍ മാത്രമാണ് ഒരു ബൗളര്‍ നാല് പന്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. 2007 ല്‍ ദ.ആഫ്രിക്ക-ലങ്ക മത്സരത്തില്‍ ലസിത് മലിംഗയാണ് ചരിത്ര നേട്ടം കൊയ്തത്. മത്സരം, ഒരു വിക്കറ്റിന് ദ.ആഫ്രിക്ക ജയിച്ചു.

– മലിംഗ ഏകദിനത്തില്‍ നേടിയ 92 വിക്കറ്റുകള്‍ ക്ലീന്‍ ബൗള്‍ഡിലൂടെ. ഈ നേട്ടപ്പട്ടികയില്‍ അനില്‍ കുംബ്ലെക്കൊപ്പം അഞ്ചാംസ്ഥാനം. വസീം അക്രമാണ് (176) മുന്നില്‍.

– ഒരാളെ കൂടി സ്റ്റംപ് ചെയ്ത് പുറത്താക്കിയാല്‍ നൂറ് പേരെ ഇത്തരത്തില്‍ പുറത്താക്കിയ ആദ്യ വിക്കറ്റ് കീപ്പറാകും കുമാര സങ്കക്കാര.

– ലോകകപ്പില്‍ 500 റണ്‍സിലെത്താന്‍ സങ്കക്കാരക്ക് വേണ്ടത് നാല് റണ്‍സ് കൂടി. തുടരെ നാല് സെഞ്ച്വറികളാണ് സങ്ക നേടിയത്. ഇതും റെക്കോര്‍ഡാണ്.

– ഡി വില്ലേഴ്‌സിന് (21 ഇന്നിംഗ്‌സില്‍ 1142) ഏഴ് റണ്‍സ് കൂടി നേടിയാല്‍ ലോകകപ്പില്‍ കൂടുതല്‍ റണ്‍സെടുത്ത ദക്ഷിണാഫ്രിക്കന്‍ താരമാകാം. ജാക്വിസ് കാലിസിന്റെ (32 ഇന്നിംഗ്‌സില്‍ 1148) റെക്കോര്‍ഡ് തിരുത്താം.
മുത്തയ്യ മുരളീധരന്റെ ഉപദേശം
ടോസ് നേടിയാല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുക, എ ബി ഡിവില്ലേഴ്‌സിനെ പേടിക്കാതിരിക്കുക – ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്ന ശ്രീലങ്കന്‍ ടീമിന് അവരുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യമുരളീധരന്‍ നല്‍കുന്ന നിര്‍ദേശമിതാണ്. 2007 ലും 2011 ലും ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ട ശ്രീലങ്കന്‍ ടീമംഗമായിരുന്ന മുത്തയ്യ മുരളീധരന്‍ സിഡ്‌നിയില്‍ രണ്ടാം ബാറ്റ് ചെയ്യുന്നത് അപകടമാണെന്ന് ചൂണ്ടിക്കാട്ടുന്നു. നോക്കൗട്ടിന്റെ സമ്മര്‍ദം മുഴുവന്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാകും. സിഡ്‌നിയില്‍ ആദ്യം ബാറ്റ് ചെയ്ത ടീമിന്റെ വിജയശതമാനം 58 ആണ് – കണക്കുകള്‍ നിരത്തുന്നു മുത്തയ്യ.
പൂള്‍ മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ നാല് വിജയങ്ങളും ആദ്യം ബാറ്റ് ചെയ്തപ്പോഴായിരുന്നു. അയര്‍ലാന്‍ഡിനെതിരെ 411ഉം വെസ്റ്റിന്‍ഡീസിനെതിരെ 408ഉം യു എ ഇക്കെതിരെ 341ഉം സിംബാബ്‌വെക്കെതിരെ 339ഉം ദക്ഷിണാഫ്രിക്ക സ്‌കോര്‍ ചെയ്തു. അതേ സമയം, ലക്ഷ്യം പിന്തുടര്‍ന്നപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് പതറി. ഇന്ത്യ ഉയര്‍ത്തിയ 307 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടിയാസ് 177ല്‍ ആള്‍ ഔട്ടായി. പാക്കിസ്ഥാന്റെ 222 റണ്‍സ് പോലും പിന്തുടരാന്‍ അവര്‍ക്കായില്ല. 202ന് ആള്‍ ഔട്ടാവുകയായിരുന്നു. ഈ വസ്തുതകള്‍ മനസ്സിലാക്കിക്കൊണ്ട് കൂടിയാണ് മുത്തയ്യയുടെ ഉപദേശം.
ഫസ്റ്റ്ബാറ്റിംഗില്‍ മുന്നൂറിലേറെ റണ്‍സെടുക്കുവാന്‍ നിലവിലെ സാഹചര്യത്തില്‍ പ്രയാസമില്ല. ലക്ഷ്യം പിന്തുടര്‍ന്നവര്‍ക്കാണെങ്കില്‍ എല്ലാ പന്തിലും റണ്‍സെടുക്കാനുള്ള സമ്മര്‍ദമുണ്ടാകും. വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കാനുള്ള കെല്‍പ്പുള്ളവര്‍ക്കേ നോക്കൗട്ട് കടക്കാനാകൂ. ദക്ഷിണാഫ്രിക്കക്ക് ചരിത്രം എതിരാണ്. ശ്രീലങ്ക കുറേക്കൂടി മെച്ചമാണ്. കഴിഞ്ഞ വര്‍ഷം ടി20 ലോകകിരീടം. കഴിഞ്ഞ രണ്ട് ഏകദിന ലോകകപ്പ് ഫൈനലിലും കളിച്ചു. ഇത് വലിയ ടൂര്‍ണമെന്റുകളില്‍ ലങ്കക്കുള്ള മേധാവിത്വം അടിവരയിടുന്നു.
ഡിവില്ലേഴ്‌സ് ഫസ്റ്റ് ബാറ്റിംഗില്‍ വരുന്നതും രണ്ടാം ബാറ്റിംഗില്‍ വരുന്നതും വ്യത്യസ്തമാണ്. ചേസ് ചെയ്യുമ്പോള്‍ 80-3 എന്ന നിലയിലാണെങ്കില്‍ ഡിവില്ലേഴ്‌സിന് സ്വതസിദ്ധ ശൈലിയില്‍ റണ്‍സടിച്ചുകൂട്ടാന്‍ സാധിച്ചെന്നു വരില്ല.
ലങ്കക്ക് മുന്‍തൂക്കം : കിവി കോച്ച്
ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കക്ക് മേല്‍ ശ്രീലങ്കക്കാണ് മേല്‍ക്കോയ്മയെന്ന് ന്യൂസിലാന്‍ഡ് കോച്ച് മൈക് ഹെസന്‍. പക്ഷേ, ടോസിനെ അനുസരിച്ചിരിക്കും മത്സരഫലമെന്നും ഹെസന്‍ ചൂണ്ടിക്കാട്ടുന്നു. സിഡ്‌നിയിലെ മത്സരം ആവേശകരമായിരിക്കും. രണ്ടും മികച്ച ടീം. ആദ്യം ബാറ്റ് ചെയ്താല്‍ ശ്രീലങ്ക മത്സരം വരുതിയിലാക്കുമെന്നും കിവീസ് കോച്ച് പറഞ്ഞു. ലോകകപ്പിന് മുന്നോടിയായി ശ്രീലങ്കക്കെതിരെ ഏകദിന പരമ്പര കളിച്ചിരുന്നു ന്യൂസിലാന്‍ഡ്. 4-2ന് ലങ്ക തോറ്റെങ്കിലും ടീമിന്റെ കരുത്തിനെ കുറിച്ച് ഹെസന് നല്ല ബോധ്യം.
ക്വാര്‍ട്ടറില്‍ ന്യൂസിലാന്‍ഡിന്റെ എതിരാളി വെസ്റ്റിന്‍ഡീസാണ്. താരതമ്യേന ദുര്‍ബലരെ എതിരായി ലഭിച്ചതിന്റെ ആവേശത്തിലാണ് കിവീസ്. ഈ മത്സരവിജയികള്‍ ശ്രീലങ്ക-ദക്ഷിണാഫ്രിക്ക ക്വാര്‍ട്ടര്‍ വിജയികളുമായിട്ടാണ് സെമി കളിക്കേണ്ടത്.
തട്ടിയും മുട്ടിയും ക്വാര്‍ട്ടറിലെത്തിയ വെസ്റ്റിന്‍ഡീസിനെ നിസാരമായി കാണുവാന്‍ മൈക്കല്‍ ഹെസന്‍ ഒരുക്കമല്ല. ക്രിസ് ഗെയ്‌ലിനെ പോലെ മത്സരം ഒറ്റക്ക് തട്ടിയെടുക്കാന്‍ പോന്നവര്‍ ആ നിരയിലുണ്ട്. പാക്കിസ്ഥാനെതിരെ 150 റണ്‍സിന് തുരത്തി വിന്‍ഡീസ് സൂചന നല്‍കിയിട്ടുണ്ടെന്നും കിവീസ് കോച്ച്.

പേടി മാറ്റാന്‍ സാഹസികനെ കൂട്ടുപിടിച്ചു

ലോകകപ്പ് നേടാതെ ഇനി വയ്യ. ദക്ഷിണാഫ്രിക്കന്‍ കളിക്കാരുടെ മനസ്ഥിതിയാണിത്. അതിന് വേണ്ടി അവര്‍ കാര്യമായിട്ട് തന്നെ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ലോകപ്രശസ്ത സാഹസികയാത്രികനായ മൈക്ക് ഹോണിന്റെ സേവനം തേടിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ടീം. 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിലും ദക്ഷിണാഫ്രിക്കക്കാരനായ ഹോണിന്റെ മാന്ത്രിക സാന്നിധ്യമുണ്ടായിരുന്നു. അന്നത്തെ പരിശീലകനായ ഗാരി കേഴ്സ്റ്റനാണ് ഹോണിനെ കൊണ്ടുവന്നത്. കേഴ്സ്റ്റനിപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഉപദേശകനായി കൂടെയുണ്ട്. 2014ലെ ഫിഫ ലോകചാമ്പ്യന്മാരായ ജര്‍മന്‍ ടീമും ഹോണിന്റെ സേവനം തേടിയിരുന്നു.
സമ്മര്‍ദസാഹചര്യങ്ങളെ അതിജീവിക്കുന്നതിനുള്ള തന്ത്രങ്ങളാണ് ഹോണ്‍ കളിക്കാര്‍ക്ക് പകര്‍ന്നു നല്‍കുന്നത്. തന്റെ ജീവിതാനുഭവങ്ങളും താന്‍ എങ്ങനെ പ്രതിസന്ധികളെ തരണം ചെയ്തുവെന്നും ഹോണ്‍ കളിക്കാരോട് വിശദീകരിച്ചു. ക്വാര്‍ട്ടര്‍ഫൈനലിന് മുന്നോടിയായി ഹോണ്‍ നെറ്റ് പ്രാകടീസ് വേളയില്‍ സജീവമായി.
1992ല്‍ മഴയാണ് ദക്ഷിണാഫ്രിക്കയുടെ സ്വപ്‌നം തകര്‍ത്തത്. 1999ല്‍ റണ്ണൗട്ടില്‍ പ്രതീക്ഷകള്‍ വീണുടഞ്ഞു. ആതിഥേയരായ 2003ല്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമമായിരുന്നു വില്ലന്‍. കഴിഞ്ഞ തവണയാവട്ടെ ക്വാര്‍ട്ടറിന് ന്യൂസീലന്‍ഡിന് മുന്നില്‍ കീഴടങ്ങി. ഓരോ ലോകകപ്പിലും പടിക്കല്‍ കലമുടക്കുന്നവരായി ദക്ഷിണാഫ്രിക്ക മാറി.

Latest