Connect with us

Kerala

യുവജനക്ഷേമ ബോര്‍ഡ് രക്ത ദാന ക്യാമ്പ് ആരംഭിക്കും

Published

|

Last Updated

തിരുവനന്തപുരം: രക്തം വേണ്ടവര്‍ക്ക് സഹായ ഹസ്തവുമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്. എന്‍ എസ് എസ് ടെക്‌നിക്കല്‍ സെല്ലിന്റെ സഹകരണത്തോടെ ജീവദായിനി ജീവകാരുണ്യ എന്ന പേരിലാണ് ഇതിനായി പദ്ധതി നടപ്പാക്കുന്നത്. രക്തം ആവശ്യമുള്ളവര്‍ക്കും രക്തം ലഭ്യമാക്കുന്നതിനും, രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവരുടെ പേരും വിവരങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്ന പദ്ധതിയാണിത്. ക്യാമ്പസുകളിലൂടെയും യൂത്ത് ക്ലബ്ബുകളിലൂടെയുമാണ് പദ്ധതി നടപ്പാക്കുക.
സംസ്ഥാനവ്യാപകമായി ഘട്ടം ഘട്ടമായി രക്തം ദാനം ചെയ്യുന്ന യുവജനങ്ങളുടെ പേരും മറ്റ് വിവരങ്ങളും രേഖപ്പെടുത്തും. കൂടാതെ രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ വിവരങ്ങളും പദ്ധതിയില്‍ രേഖപ്പെടുത്തും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ശേഖരിച്ച് ഓണ്‍ലൈന്‍ ഡയറക്ടറിക്ക് രൂപം നല്‍കും. സംസ്ഥാനത്ത് എവിടെ നിന്നും രക്തം ആവശ്യമുള്ളവര്‍ക്ക് ജില്ലയും, രക്തഗ്രൂപ്പും ഓണ്‍ലൈനില്‍ എന്റര്‍ ചെയ്ത് രക്തം നല്‍കാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്താനാകും. ഇതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍, സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ പ്രവര്‍ത്തനം സാധ്യമാക്കും. ആര്‍ സി സി, മെഡിക്കല്‍ കോളജുകള്‍, മറ്റ് ഗവണ്‍മെന്റ് ആശൂപത്രികള്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നത്. രക്തദാന ക്യാമ്പ് സംഘടിപ്പിക്കാന്‍ സന്നദ്ധരായ എന്‍ എസ് എസ് യൂനിറ്റുകള്‍, യൂത്ത് ക്ലബ്ബുകള്‍ എന്നിവര്‍ക്ക് യുവജനക്ഷേമ ബോര്‍ഡ് സാമ്പത്തിക സഹായം നല്‍കുന്നതാണെന്നും സംസ്ഥാന വ്യാപകമായി ഇതിന്റെ പ്രചരണത്തിനായുള്ള പരിപാടികള്‍ ആരംഭിച്ചതായും ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി എസ് പ്രശാന്ത് അറിയിച്ചു.