Connect with us

National

ഡോ. എം എ എച്ച് അസ്ഹരിയുടെ പര്യടനം സമാപിച്ചു

Published

|

Last Updated

അഹ്്മദാബാദ്: മര്‍കസ് ദേശീയ വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പുതിയ പദ്ധതികളുമായി മര്‍കസ് ഗുജറാത്ത് സ്ഥാപനങ്ങളില്‍ മര്‍കസ് ഡയറക്ടര്‍ ഡോ. എം എ എച്ച് അസ്ഹരി നടത്തിയ വാര്‍ഷിക സന്ദര്‍ശനം സമാപിച്ചു. അഹമ്മദാബാദ്, ബറോഡ, ബറൂച്ച, സൂറത്ത്, രാജ്‌കോട്ട്, ഗോണ്ടല്‍, ഉപ്പ്‌ലേട്ട, ദോറാജി, കേഡ തുടങ്ങിയ ജില്ലകളില്‍ നടത്തിയ അഞ്ച് ദിവസത്തെ പര്യടനത്തില്‍ സ്വീകരണ സമ്മേളനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
അഹമ്മദാബാദിലെ പട്ടേല്‍ മൈതാനിയില്‍ ചേര്‍ന്ന മുഅല്ലിം സമ്മേളനത്തില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്രസകളിലെ അധ്യാപകരുമായി ഡോ.അസ്ഹരി സംവദിച്ചു. അഹ്്മദാബാദ് ശാഹി മസ്ജിദ് ഇമാം ഹാഫിസ് യൂസഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു.
ബറോഡ ജില്ലയിലെ ഖര്‍ജനില്‍ മര്‍കസ് പബ്ലിക് സ്‌കൂളില്‍ ചേര്‍ന്ന സ്വീകരണ സംഗമത്തില്‍ സയ്യിദ് ഷൗക്കത്തലി അശ്‌റഫി മര്‍കസ് ഡയറക്ടര്‍ക്ക് ഷാളണിയിച്ചു. മദനി വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സയ്യിദ് അഷ്‌റഫി പ്രസംഗിച്ചു. ഗോണ്ടല്‍ ജില്ലയില്‍ ചേര്‍ന്ന പൗരസ്വീകരണത്തിന് ഗോണ്ടല്‍ മുസ്്‌ലിം ജമാഅത്ത് നേതൃത്വം നല്‍കി. ഗോണ്ടലില്‍ പുതുതായി നിര്‍മിക്കുന്ന മര്‍കസ് പബ്ലിക്ക് സ്‌കൂളിന്റെ നിര്‍മാണോദ്ഘാടനം ഡോ. എം എ.എച്ച് അസ്ഹരി നിര്‍വഹിച്ചു. ഗോണ്ടലില്‍ നടന്ന സമൂഹവിവാഹം ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി.
സാവല്‍ കുണ്ട്‌ലയില്‍ പ്രദേശത്തെ ഫൈസേ മുസ്തഫ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സ്വീകരണം സമ്മേളനത്തില്‍ ഹാഫിസ് മൗലാനാ മുഹമ്മദ് സ്വാദിഖ് അധ്യക്ഷത വഹിച്ചു. മെറൂച്ച് ജില്ലയിലെ ചാല്‍ച്ചവേല്‍ മര്‍കസ് പബ്ലിക് സ്‌കൂളില്‍ ഹാജി അബ്ദുല്‍ സലീം മര്‍കസ് ഡയറക്ടറെ സ്വീകരിച്ചു. വാഗ്രയില്‍ ഹാജി ഇംതിയാസ് അധ്യക്ഷത വഹിച്ചു. ബനേഡയിലെ മക്കര്‍പുരയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ ഹാജി യൂസുഫ് ശൈഖ് അധ്യക്ഷത വഹിച്ചു.
ഉപ്പ്‌ലേട്ടയില്‍ വിശാലമായ ഭൂപ്രദേശത്ത് മര്‍കസ് നിര്‍മിക്കുന്ന ഇംഗ്ലീഷ് സ്‌കൂളിന്റെ തറക്കല്ലിടല്‍ കര്‍മവും മര്‍കസ് ഡയറക്ടര്‍ നിര്‍വഹിച്ചു. രാജ്‌കോട്ടിലെ ആസ്ഥാനെ തുര്‍ക്കിയ്യയില്‍ നടന്ന സ്വീകരണ സമ്മേളനത്തിലെ ജനപങ്കാളിത്തം ശ്രദ്ധേയമായി. കേഡ ജില്ലയിലെ സ്വീകരണ സംഗമത്തോടെ പര്യടനത്തിന് സമാപനം കുറിച്ചു. ഹാജി മാമന്‍ പട്ടേല്‍ അധ്യക്ഷനായിരുന്നു. കഴിഞ്ഞ ഒരു ദശകത്തോളമായി ഗുജറാത്തില്‍ മര്‍കസ് ഏറ്റെടുത്ത് നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മര്‍കസ് ഡയറക്ടറുടെ ഈ സന്ദര്‍ശനം പുതിയ ഉണര്‍വ് നല്‍കിയെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഹസ്‌റത്ത് ബഷീര്‍ നിസാമി പറഞ്ഞു. പര്യടന പരിപാടികള്‍ക്ക് ഉബൈദ് നൂറാനി, ഹാജി ശഫീഖ് അബ്ദുറഹ്മാന്‍ അലി സഖാഫി, ഗഫൂര്‍ സഖാഫി, സ്വാദിഖ് സഖാഫി, അബൂബക്കര്‍ നൂറാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ നവീകരണ പരിപാടികള്‍ക്കും ഡോ. അസ്ഹരി തുടക്കം കുറിച്ചു.

 

Latest