മത്സ്യത്തൊഴിലാളി അപകട ഇന്‍ഷ്വറന്‍സ് പദ്ധതി തുടങ്ങി

Posted on: March 17, 2015 9:49 am | Last updated: March 17, 2015 at 9:49 am
SHARE

കോഴിക്കോട്: മത്സ്യത്തൊഴിലാളികള്‍ക്കായി 2015-16 വര്‍ഷത്തേക്ക് മത്സ്യഫെഡ് നടപ്പാക്കുന്ന അപകട ഇന്‍ഷൂറന്‍സ് പദ്ധതി പ്രവര്‍ത്തനം തുടങ്ങി. 150 രൂപയാണ് പുതിയ വാര്‍ഷിക പ്രീമിയം. അപകടംമൂലം മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ, സ്ഥിരമായ അവശതയുണ്ടാവുന്നവര്‍ക്ക് അഞ്ച് ലക്ഷം, അംഗവൈകല്യം സംഭവിച്ചാല്‍ രണ്ടര ലക്ഷം, ഒരു ലക്ഷം രൂപ വരെ ചികില്‍സാ സഹായം തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പദ്ധതി. മരണമടയുന്ന മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സഹായവും പദ്ധതിയിലൂടെ ലഭിക്കും. പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കും അഫിലിയേറ്റ് ചെയ്ത സ്വയംസഹായ സംഘം അംഗങ്ങള്‍ക്കും പദ്ധതിയില്‍ ചേരാം. ന്യൂ ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഈ മാസം 25നു മുമ്പ് ബന്ധപ്പെട്ട മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ പ്രീമിയം അടച്ച് മുഴുവന്‍ തൊഴിലാളികളും സ്വയംസഹായ ഗ്രൂപ്പ് അംഗങ്ങളും പദ്ധതിയില്‍ ചേരണമെന്ന് മല്‍സ്യഫെഡ് ജില്ലാ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മല്‍സ്യഫെഡിന്റെ ജില്ലാ ഓഫീസുമായോ ക്ലസ്റ്റര്‍ ഓഫീസുകളുമായോ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുമായോ ബന്ധപ്പെടണം.