Connect with us

National

പാര്‍ക് സ്ട്രീറ്റ് ബലാത്സംഗ ഇര മരിച്ചു

Published

|

Last Updated

കൊല്‍ക്കത്ത: പാര്‍ക് സ്ട്രീറ്റ് കൂട്ടബലാത്സംഗ ഇര സുസേറ്റ് ജോര്‍ദാന്‍ നിര്യാതയായി. നാല്‍പ്പതുകാരിയായ സുസേറ്റ് ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് മരിച്ചത്. അസുഖബാധയെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജോര്‍ദാനെ ആശുപത്രിയിലാക്കിയത്. ഇന്നലെ രാവിലെയാണ് അന്ത്യം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ അസുഖത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
2012 ഫെബ്രുവരിയിലാണ് രാജ്യത്തെയാകെ പ്രതിഷേധിച്ച കൂട്ട ബലാത്സംഗം നടന്നത്. പാര്‍ക് സ്ട്രീറ്റില്‍ ഓടുന്ന വാഹനത്തിലായിരുന്നു ബലാത്സംഗം. ഒരുസംഘമാളുകള്‍ യുവതിയെ തോക്ക് ചൂണ്ടി കാറില്‍ കയറ്റി ഓടിച്ച് പോകുകയായിരുന്നു. യുവതിയെ മൃഗീയമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം അവരെ ഗുരുതരാവസ്ഥയില്‍ റോഡില്‍ തള്ളുകയായിരുന്നു. തന്റെ സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ സി പി എം നടത്തിയ ഗൂഢാലോചനയുടെ ഭാഗമെന്ന് തൃണമൂല്‍ മോധവിയും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ആരോപിച്ചതോടെ സംഭവത്തിന് രാഷ്ട്രീയ മാനം കൈവന്നു. കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ പ്രസ്താവനക്കെതിരെ യുവതി രംഗത്ത് വന്നതും ശ്രദ്ധേയമാണ്. യുവതിയുടെ സ്വഭാവശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം പി കകോലി ഘോഷ് ദസ്തിദാര്‍, ഈ സംഭവം പരസ്പര സമ്മതത്തോടുകൂടിയ ലൈംഗിക ഇടപാടിനെ തുടര്‍ന്നുള്ളതര്‍ക്കമാണെന്ന് ആരോപിച്ചിരുന്നു. അഞ്ച് പേര്‍ക്കെതിരെയുള്ള കുറ്റപത്രത്തില്‍ മൂന്ന് പേര്‍ ജയിലിലാണ്. പ്രധാന പ്രതിയേയും മറ്റൊരാളെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.
ബലാത്സംഗത്തെ അതിജീവിച്ച വ്യക്തിയെ എങ്ങനെ “ഇര” എന്ന് വിളിക്കാമെന്ന് ചോദിച്ച ജോര്‍ദാന്‍ 2013ല്‍ തന്റെ പേര് ലോകത്തെ അറിയിച്ചു. കൊല്‍ക്കത്തയുടെ തെരുവിലൂടെ ബലാത്സംഗങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എതിരെ പ്രതിഷേധവുമായി മാര്‍ച്ച് നടത്തി അവര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ബലാത്സംഗത്തിന് ഇരകളായ മറ്റ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും ജോര്‍ദാന്‍ ഏര്‍പ്പെട്ടിരുന്നു. ഒരു വെബ്‌സൈറ്റിന് വേണ്ടി വനിതാ കൗണ്‍സലിംഗ് സെല്‍ നടത്തിയിരുന്നു. കൗമാരക്കാരായ രണ്ട് കുട്ടികളുടെ മാതാവാണ്.

Latest