Connect with us

Gulf

നിയമ സഹായം; കോഴിക്കോട് സ്വദേശി നാട്ടിലേക്ക് മടങ്ങി

Published

|

Last Updated

ഷാര്‍ജ: നിയമ കുരുക്കില്‍പെട്ട കോഴിക്കോട് നടുവന്നൂര്‍ സ്വദേശി അബ്ദുല്‍ ഹമീദ് കോടൊലി സൗജന്യ നിയമസഹായത്താല്‍ നാട്ടിലേക്ക് മടങ്ങി.
ഒന്നര വര്‍ഷമായി മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ കരീമിന്റെ ഉടമസ്ഥതയിലുള്ള ദുബൈയിലെ ഫനോന്‍ ഹോട്ട് ഫിഷ് റസ്റ്റോറന്റില്‍ വെയിറ്ററായി ജോലിനോക്കിവരുകയായിരുന്നു അബ്ദുല്‍ ഹമീദ്. ഒരു വര്‍ഷത്തിന് ശേഷം അവധിക്ക് നാട്ടിലേക്ക് പോകുകയും ഒരു മാസത്തിന് ശേഷം തിരികെ വരുകയും ചെയ്തു. എന്നാല്‍ തിരികെ വന്ന അബ്ദുല്‍ ഹമീദിനെ തൊഴിലുടമ ജോലിയില്‍ പ്രവേശിപ്പിച്ചില്ല. ഇതിനെ തുടര്‍ന്ന് വിസ റദ്ദാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പണം ആവശ്യപ്പെടുകയും ചെയ്തു.
ആവശ്യപ്പെട്ട പണം കൊടുക്കാന്‍ തയ്യാറായെങ്കിലും വിസ റദ്ദാക്കി നല്‍കിയില്ല. വിസ റദ്ദാക്കി കിട്ടുന്നതിനായി തൊഴില്‍ മന്ത്രാലയത്തെസമീപിച്ചപ്പോഴാണ് ഒളിച്ചോടിയതായി കാണിച്ച് പരാതി നല്‍കിയതായി അറിയുന്നത്.
തുടര്‍ന്ന് ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിനെ സമീപിച്ചു. ദ്രുതഗതിയില്‍ തന്നെ സൗജന്യ നിയമ സഹായ പദ്ധതിയിലൂടെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ ഒളിച്ചോടിയതായുള്ള പരാതിയില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനും വിസ റദ്ദാക്കുന്നതിനും വേണ്ട സഹായങ്ങള്‍ അഡ്വ. കെ എസ് അരുണ്‍, അഡ്വ. രമ്യ അരവിന്ദ്, അഡ്വ. രശ്മി ആര്‍ മുരളി അഡ്വ. ജാസ്മിന്‍ ഷമീര്‍ നിയമ പ്രതിനിധികളായ വിനോദ് കുമാര്‍, ഷെറിന്‍ നസീര്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കികൊടുക്കുകയായിരുന്നു. അബ്ദുല്‍ ഹമീദ് ഒളിച്ചോടിയതല്ലെന്നും വിസ റദ്ദാക്കി നല്‍കാതിരിക്കാന്‍ തൊഴിലുടമ കളവായി കൊടുത്ത പരാതിയാണെന്നും അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിലെ അഭിഭാഷക സംഘം ബോധ്യപ്പെടുത്തി. തുടര്‍ന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം അബ്ദുല്‍ ഹമീദിനെ ആജീവനാന്ത വിലക്ക് ഒഴിവാക്കി നോര്‍മല്‍ ക്യന്‍സലേഷന്‍ നടത്തി നാട്ടിലേക്ക് അയക്കാന്‍ നടപടി സ്വീകരിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest