Connect with us

National

സി ബി ഐയെ സര്‍ക്കാര്‍ എന്തുകൊണ്ട് വിശ്വാസത്തിലെടുക്കുന്നില്ല: ചിദംബരം

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരി കേസില്‍ സി ബി ഐയുടെ നിഗമനത്തില്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിചിദംബരം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ ക്രിമിനല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ തെളിവുകളൊന്നുമില്ലെന്നാണ് സി ബി ഐ കണ്ടെത്തിയത്. സി ബി ഐയുടെ നിഷ്പക്ഷതയെ സര്‍ക്കാര്‍ മാനിക്കുന്നുണ്ടെങ്കില്‍ ഈ നിഗമനത്തോടൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്ന് ചിദംബരം പറഞ്ഞു. കല്‍ക്കരി കേസില്‍ മന്‍മോഹന്‍ സിംഗിനെ പ്രതി ചേര്‍ക്കണണമെന്ന സി ബി ഐ പ്രത്യേക കോടതിയുടെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര അന്വേഷണ ഏജന്‍സിയെന്ന നിലയില്‍ സി ബി ഐയെ സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. അങ്ങനെയെങ്കില്‍ സി ബി ഐ മന്‍മോഹന്‍ സിംഗിനെ കുറ്റവിമുക്തനാക്കിയതിനെ പിന്തുണച്ച് രംഗത്തെത്തുകയാണ് ചെയ്യേണ്ടതെന്ന് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ചിദംബരം പറഞ്ഞു. സിംഗിന് മേല്‍ ഒരു കുറ്റവും ചുമത്താന്‍ സി ബി ഐ തയ്യാറായിട്ടില്ല. എന്നിട്ടും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 319 പ്രകാരം മന്‍മോഹന്‍ സിംഗിനെതിരെ കോടതി സമന്‍സ് അയച്ചിരിക്കുകയാണ്. മന്‍മോഹന്‍ സിംഗിന്റെ സത്യസന്ധതയും വിശ്വസ്തതയും ലോകം മുഴുവന്‍ അംഗീകരിച്ചതാണ്. എന്നാല്‍ ന്യായാധിപന്‍മാരെ ബഹുമാനിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന് ഉള്ളത്. എന്നാല്‍ അവര്‍ക്ക് തെറ്റ് പറ്റിയ എത്രയോ സന്ദര്‍ഭങ്ങള്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട് എന്ന വസ്തുത മറക്കാനാകില്ല- ചിദംബരം പറഞ്ഞു. കോടതിയില്‍ സിംഗിന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Latest