കോടികള്‍ പിരിച്ചെടുത്ത് ചിട്ടി ഉടമസ്ഥര്‍ മുങ്ങി

Posted on: March 11, 2015 11:31 am | Last updated: March 11, 2015 at 11:31 am
SHARE

കാളികാവ്: വന്‍ ലാഭം ഓഫര്‍ ചെയ്ത് നടത്തിയ അനധികൃത ചിട്ടിയില്‍ ചേര്‍ന്നവര്‍ വെട്ടിലായി. കാളികാവിലെ കുഞ്ഞൂസ് ഗ്രൂപ്പ് എന്ന പേരില്‍ നടത്തുന്ന സ്ഥാപനം പൂട്ടി ഉടമസ്ഥര്‍ മുങ്ങിയതോടെയാണ് ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ വഞ്ചിതരായത്. ഗൃഹോപകരണങ്ങള്‍ തവണ വ്യവസ്ഥയില്‍ നല്‍കി തുടങ്ങിയ സ്ഥാപനം പിന്നീട് റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ കൂടി ഇറങ്ങിയിരുന്നു.
കൂടാതെ തവണ വ്യവസ്ഥയില്‍ പണം പിരിച്ച് ചിട്ടി നടത്തുകയും പണം തിരികെ നല്‍കുകയും ചെയ്യുകയും ചെയ്തിരുന്നു. വീടുകളില്‍ എത്തിയാണ് പണം പിരിച്ചെടുത്തിരുന്നത്. ഏജന്റുമാരെ നിയമിച്ചാണ് പണം പിരിവ് നടത്തിയിരുന്നത്. നിരവധി സേവനങ്ങളും കുഞ്ഞൂസ് ചെയ്ത് വന്നിരുന്നു. ഇതോടെ ജനങ്ങളുടെ വിശ്വാസം കയ്യിലെടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം പൂട്ടിയാണ് സഹോദരങ്ങളായ ഉടമകള്‍ മുങ്ങിയത്. കുറി പൊളിഞ്ഞതറിഞ്ഞ് കഴിഞ്ഞ ദിവസം കടയിലെത്തിയ ആളുകള്‍ക്ക് ഷോപ്പുടമയുടെ സഹായികള്‍ ഗൃഹോപകരണങ്ങള്‍ നല്‍കിയിരുന്നു. വിവരമറിഞ്ഞ് നൂറ് കണക്കിനാളുകള്‍ എത്തിയതോടെ പോലീസെത്തി കടപൂട്ടുകയായിരുന്നു. പിന്നീട് പരാതിയുമായി സ്റ്റേഷനിലെത്തിയ ആളുകളില്‍ നിന്ന് പരാതി സ്വീകരിക്കാതെ ഈമാസം പത്താം തീയതി വരെ കാത്തിരിക്കാന്‍ എസ് ഐ ടി ഉസ്മാന്‍ പറഞ്ഞിരുന്നു. പ്രത്യേകം പുസ്തകങ്ങള്‍ തയ്യാറാക്കിയാണ് പിരിവ് നടത്തിയിരുന്നത്.
പോലീസിന്റെ നിര്‍ദേശപ്രകാരം ഇന്നലെ കാളികാവ് സ്റ്റേഷനിലെത്തിയ ആളുകള്‍ക്ക് എസ് ഐ യെ കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ക്ഷുഭിതരായ ജനക്കൂട്ടം കാളികവ്- വണ്ടൂര്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് കാളികാവ് ഗ്രേഡ് എസ് ഐ അജിതിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. പോലീസിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ ആദ്യം സമരക്കാര്‍ തയ്യാറായില്ല. പിന്നീട് സി ഐ എത്തി സമരക്കാരെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും പരാതി കേള്‍ക്കുകയും ചെയ്തു. ചിട്ടിയില്‍ പെട്ട് വഞ്ചിതരായ ആളുകള്‍ ഓരോരുത്തരായി പരാതി പറയുകയും മൊഴിരേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. അറുപതിലേറെ പേരുടെ മൊഴിരേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാവരുടേയും മൊഴിയെടുക്കാന്‍ ഏതാനും ദിവസം കൂടി വേണ്ടിവരുമെന്ന് സി ഐ പറഞ്ഞു.
കാളികാവ്, ചോക്കാട്, കരുവാരകുണ്ട്, തുവ്വൂര്‍, വണ്ടൂര്‍, തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നുള്ള സ്ത്രീകളാണ് കൂടുതലായും ചിട്ടിയില്‍ ചേര്‍ന്ന് വഞ്ചിതരായിരിക്കുന്നത്. പറമ്പത്ത് മുജീബ്(36) എന്നയാളുടേയും സഹോദരന്‍ മുഹമ്മദാലി(44) എന്നയാളുടെ പേരിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഇതിനിടെ ആമപ്പൊയിലിലെ മുജീബും കുടുംബവും താമസിക്കുന്ന വീട് കരുവാരകുണ്ട് പോലീസ് പൂട്ടി. കാളികാവില്‍ വേറെയും നിരവധി ചിട്ടികള്‍ നടക്കുന്നുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.