ലക്ഷദ്വീപില്‍ ടൂറിസം: ഭരണകൂടത്തിന്റെ തലതിരിഞ്ഞ നയങ്ങള്‍ക്കെതിരെ ബഹുജന പ്രക്ഷോഭം നടത്തും

Posted on: March 11, 2015 11:13 am | Last updated: March 11, 2015 at 11:13 am
SHARE

കോഴിക്കോട്: ഭരണഘടന ദ്വീപുകാര്‍ക്ക് നല്‍കുന്ന ഉറപ്പും എസ് ടി പ്രൊട്ടക്ഷന്‍ സംരക്ഷണനിയമവും നിലവിലെ മദ്യനിരോധവും കണക്കിലെടുത്തുവേണം ലക്ഷദ്വീപില്‍ ടൂറിസം നയം നടപ്പാക്കേണ്ടതെന്ന് കവരത്തി ലക്ഷദ്വീപ് ഷെഡ്യൂള്‍ഡ് ട്രൈബ് വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
1964ലെ ലക്ഷദ്വീപ് ഷെഡ്യൂള്‍ഡ് ട്രൈബ് സംരക്ഷണ നിയമം ദ്വീപുകാരുടെ ഭൂസ്വത്ത് അന്യാധീനപ്പെടാതെ സംരക്ഷിക്കാനും ദ്വീപിലെ സാമ്പത്തിക സാധ്യതകള്‍ ദ്വീപുകാര്‍ക്ക് നഷ്ടപ്പെടാതിരിക്കാനും വേണ്ടിയുള്ളതാണ്. ദ്വീപിലെ ഇപ്പോഴുള്ള ജീവിതോപാധികളില്‍ നിന്നുള്ള വരുമാനത്തെക്കാളും ടൂറിസത്തില്‍ നിന്ന് വരുമാനം കിട്ടുമെന്ന് ധാരണ പരത്തിയാണ് വന്‍കിട ടൂറിസം ഇവിടെ വികസനം ലക്ഷ്യമിടുന്നത്.
അതേസമയം ബംഗാരം ദ്വീപ് റിസോര്‍ട്ട് നടത്തിപ്പ് സംബന്ധിച്ച് കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ചില വന്‍കിട സ്ഥാപനങ്ങള്‍ കേസ് ഫയല്‍ ചെയ്ത് ശേഷമാണ് ദ്വീപിന് സ്വന്തമായി ടൂറിസം പോളിസിയില്ലെന്ന് ഭരണകൂടം കോടതിയില്‍ സമ്മതിച്ചത്. പൊതുജനങ്ങളുടെ അഭിപ്രായമറിയാന്‍ ഭരണകൂടം ഒരു നയം വെബ്‌സൈറ്റിലൂടെ പുറത്തിറക്കുകയും ചെയ്തു. ഇതനുസരിച്ച് ദ്വീപുകാരായ സംരംഭകര്‍ക്ക് അനുവദിച്ചത് ജനവാസമുള്ള ദ്വീപുകളില്‍ മൂന്ന് മുറിയോടു കൂടിയ ടൂറിസ്റ്റ് ഹോം ഉണ്ടാക്കാമെന്ന് മാത്രമാണ്.
ഇപ്പോള്‍ പരിസ്ഥിതി നിയമം കാറ്റില്‍ പറത്തികൊണ്ടാണ് റിസോര്‍ട്ടുകള്‍ പൊന്തുന്നത്. കൂടാതെ ബംഗാരം ദ്വീപില്‍ ഭരണകൂടം വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും നാളിതുവരെ അപേക്ഷിച്ച ആര്‍ക്കും കണക്ഷന്‍ നല്‍കിയിട്ടില്ല. ലക്ഷദ്വീപില്‍ ജനഹിതമനുസരിച്ച് ഭരണതലത്തില്‍ തീരുമാനമെടുക്കാന്‍ നിയമസഭയില്ലാത്തതിനാലാണ് ഭരണകൂടം ഇത്തരം നിലപാടുകളെടുക്കുന്നത്. ലക്ഷദ്വീപിലെ ജനവാസമുള്ളിടത്തും ഇല്ലാത്തിടത്തും റിസോര്‍ട്ടുകള്‍ സ്ഥാപിക്കാനുള്ള അവകാശം ദ്വീപുകാര്‍ക്ക് മാത്രമായി എസ് ടി സംരംക്ഷണനിയമപ്രകാരം പരിമിതപ്പെടുത്തണമെന്നും ദ്വീപുകള്‍ മദ്യമില്ലാത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളായി നിലനില്‍ക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഭരണകൂടം അവരുടെ നയങ്ങളുമായി മുന്നോട്ടു പോകുകയാണെങ്കില്‍ ഇതിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം നടത്തും.
ലക്ഷദ്വീപ് ഷെഡ്യൂള്‍ഡ് ട്രൈബ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് എ മിസ്ബാഹ്, അഡ്വ. കെ പി മുത്തുക്കോയ, എന്‍ കോയഹാജി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.