അംബേദ്കര്‍ കോളനിയില്‍ രോഗങ്ങളാല്‍ വലഞ്ഞ് 24 കുടുംബങ്ങള്‍

Posted on: March 10, 2015 6:00 am | Last updated: March 9, 2015 at 11:30 pm
SHARE

tsy chembukadave tribal colony story (1)താമരശ്ശേരി: കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് അംബേദ്കര്‍ ആദിവാസി കോളനിയില്‍ കുടിവെള്ളവും രോഗത്തിന് ചികിത്സയുമില്ലാതെ ഒരുകൂട്ടം മനുഷ്യരുടെ ദുരിത ജീവിതം. ശരീരത്തിലാകമാനം വ്രണങ്ങളുമായി കഴിയുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വേദന കടിച്ചമര്‍ത്തിയാണ് ദിനങ്ങള്‍ തള്ളിനീക്കുന്നത്. പണിയ വിഭാഗത്തില്‍പ്പെട്ട 24 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പ്രായമായവരും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ വിവിധ രോഗത്തിന്റെ പിടിയിലാണ്. 35 കാരിയായ നീലിയുടെ ഇരു കൈകളും പൂര്‍ണമായും തൊലിയുരിഞ്ഞ നിലയിലാണ്. വലതു കൈയില്‍ നിന്ന് രക്തവും നീരും പൊട്ടിയൊലിക്കുന്നു. വേദന അസഹ്യമാവുമ്പോള്‍ പച്ചമരുന്നുകള്‍ പുരട്ടും. നീലിയുടെ മകന്റെ മകളുടെ ദേഹത്തും തലയിലും വലിയ വ്രണങ്ങളുണ്ട്. ഇതിനൊന്നും ചികിത്സ ലഭിക്കുന്നില്ല. കോളനിയിലെ മറ്റു പലര്‍ക്കും ഇത്തരത്തില്‍ വ്രണങ്ങളും ചൊറിച്ചിലുമുണ്ട്. ചികിത്സ തേടാത്തതിനാല്‍ ഇവ മറ്റുള്ളവരിലേക്കും പകരുന്നു. അരിവാള്‍ രോഗം ബാധിച്ച കുട്ടി അടുത്തിടെ ദിവസങ്ങളോളം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കുടിവെള്ള വിതരണത്തിനായി രണ്ട് തവണ സ്ഥാപിച്ച പൈപ്പുകള്‍ എല്ലാ വീട്ടുമുറ്റത്തും ഉണ്ട്. വീടുകള്‍ക്കു മുകളില്‍ ഫൈബര്‍ ടാങ്കുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുടിവെള്ളം ഇവര്‍ക്ക് കിട്ടാക്കനിയാണ്. തുഷാരഗിരിയിലെ പമ്പ്ഹൗസില്‍ നിന്നാണ് ഇവിടേക്ക് വെള്ളം എത്തിച്ചിരുന്നത്. ബില്‍ അടക്കാത്തതിനാല്‍ ഇവിടേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. പിന്നീട് ചെമ്പുകടവ് കോളനിക്ക് മാത്രമായി പുതിയ കുടിവെള്ള പദ്ധതി എന്ന പേരില്‍ വീണ്ടും പൈപ്പുകള്‍ സ്ഥാപിച്ചത് ഒരു വര്‍ഷം മുമ്പാണ്. കോളനിയുടെ താഴ്ഭാഗത്ത് കിണറും സ്ഥാപിച്ചു. എന്നാല്‍, വൈദ്യുതി ലഭ്യമാക്കാനോ പമ്പ്‌സെറ്റ് സ്ഥാപിക്കാനോ നടപടി ഉണ്ടായില്ല. പാറക്കെട്ടിനടിയില്‍ നിന്നുള്ള ചെറിയ നീരൊഴുക്കില്‍ ഓസ് സ്ഥാപിച്ചാണ് ഇവര്‍ വെള്ളം ശേഖരിക്കുന്നത്. ഒരു ബക്കറ്റ് വെള്ളം ശേഖരിക്കണമെങ്കില്‍ ഏറെ നേരം കാത്തുനില്‍ക്കണം. വേനല്‍ കനത്തതോടെ വെള്ളം ലഭിക്കുന്നത് വല്ലപ്പോഴും മാത്രം.
പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി ഉള്‍പ്പെടെ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച ഇരുപതോളം കുട്ടികളുണ്ട് ഇവിടെ. കോളനിക്കു സമീപത്തുതന്നെ യു പി സ്‌കൂള്‍ ഉണ്ടെങ്കിലും ആദിവാസി വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കാന്‍ ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റോ ഗ്രാമപഞ്ചായത്ത് അധികൃതരോ നടപടി സ്വീകരിക്കുന്നില്ല. അങ്കണ്‍വാടിയും കോളനിയോടു ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ആദിവാസി കോളനിയില്‍ നിന്നുള്ള കുട്ടികള്‍ ഇവിടേക്ക് കയറുന്നില്ല. ആദിവാസി ക്ഷേമത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പേരിന് മാത്രം കോളനി കയറിയിറങ്ങി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ഇവിടെ ആദിവാസികള്‍ കൂടുതുല്‍ പിന്നോട്ട് തള്ളപ്പെടുകയാണ്.