സിഡ്‌നിയില്‍ ഇന്ത്യന്‍ ഐ ടി കണ്‍സല്‍ട്ടന്റിനെ കുത്തിക്കൊന്നു

Posted on: March 9, 2015 1:00 am | Last updated: March 9, 2015 at 10:05 am
SHARE

prabha-bangaluruമെല്‍ബണ്‍: ആസ്‌ത്രേലിയയിലെ സിഡ്‌നിയില്‍ ഇന്ത്യക്കാരിയായ ഐ ടി കണ്‍സല്‍ട്ടന്റ് കുത്തേറ്റ് മരിച്ചു. ബംഗളൂരു സ്വദേശി പ്രഭാ അരുണ്‍ കുമാര്‍ (41) ആണ് മരിച്ചത്. സിഡ്‌നിയിലെ പ്രാന്തപ്രദേശമായ വെസ്റ്റ്മീഡിലെ വീട്ടില്‍ നിന്ന് 300 മീറ്റര്‍ അകലെ ഫോണില്‍ സംസാരിക്കുമ്പോഴാണ് പ്രഭക്ക് കുത്തേറ്റത്. ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവര്‍. കത്തിയുമായെത്തിയ അജ്ഞാതനായ അക്രമി പ്രഭയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആക്രമിക്കപ്പെട്ട വിവരം പ്രഭ തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ പ്രദേശത്ത് വീട്ടമ്മയെ കഴിഞ്ഞ ദിവസം ഇതേ രീതിയില്‍ ആക്രമിച്ചിരുന്നു. അക്രമ സംഭവങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച സ്ഥലമാണ് വെസ്റ്റ് മീഡിലെ പറമാറ്റ പാര്‍ക്ക്. പലപ്പോഴും കാല്‍നടയാത്രക്കാരെ തടഞ്ഞു നിര്‍ത്തി കത്തി കാട്ടി വിരട്ടിയ ശേഷം അക്രമികള്‍ പണം ആവശ്യപ്പെടാറുള്ളത് ഇവിടെ നിത്യസംഭവമാണെന്ന് പ്രഭയുടെ ഒരു സുഹൃത്ത് ദ ഡെയ്‌ലി ടെലഗ്രാഫ് പത്രത്തോട് പറഞ്ഞു. അക്രമികളെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.