റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ കൊല: രണ്ട് പേര്‍ അറസ്റ്റില്‍

Posted on: March 8, 2015 11:04 am | Last updated: March 8, 2015 at 11:04 am
SHARE

RUSSIA-UKRAINE-POLITICS-ECONOMY-FILEമോസ്‌കോ : റഷ്യന്‍ പ്രതിപക്ഷ നേതാവ് ബോറിസ് നെത്സോംവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തലസ്ഥാനത്ത് പാലത്തിലൂടെ പെണ്‍സുഹൃത്തിനൊ പ്പം നടന്നുപോകവെയാണ് 55കാരനായ നെത്സോംവിന് പിറകില്‍നിന്ന് വെടിയേറ്റത്. അന്‍സോര്‍ ഗുബാഷെവ്, സാവുര്‍ ദദായേവ് എന്നിവരാണ് പിടിയിലായത്. ഇരുവരും ക്വാകസസ് മേഖലയിലുള്ളവരാണ്. കൊലപാതകം സംബന്ധിച്ച് അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണെന്നും എഫ് എസ് ബി ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് തലവന്‍ അലക്‌സാണ്ടര്‍ ബോട്‌നികോവ് ടെലിവിഷനില്‍ പറഞ്ഞു. പുടിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയായിരുന്ന നെത്സോംവിന്റെ കൊലപാതകം അന്താരാഷ്ട്രാതലത്തില്‍ അപലപിക്കപ്പെടുകയും പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത രോഷത്തിന് കാരണമാകുകയും ചെയ്തിരുന്നു. ബോരിസ് യെല്‍റ്റ്‌സിന്‍ കാലത്ത് ഉപപ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്ന നെത്സോംവ് ഒരു വലിയ സര്‍ക്കാര്‍ വിരുദ്ധ റാലി നയിക്കാന്‍ തയ്യാറെടുക്കവെ രണ്ട് ദിവസം മുമ്പാണ് കൊല്ലപ്പെട്ടത്. ഉക്രൈനിലെ റഷ്യന്‍ ഇടപെടലിനെതിരായാണ് പ്രധാനമായും റാലി നടത്താനിരുന്നത്. അതേസമയം പ്രതിപക്ഷ നേതാവിനെ കൊലപ്പെടുത്തിയിവരെ പിടികൂടാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പുടിന്‍ വാഗ്ദാനം ചെയ്തിരുന്നു. ഉക്രൈന്‍ വിഷയത്തില്‍ റഷ്യക്കെതിരെ തിരിഞ്ഞ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് പുടിന്‍ സഖ്യം സൂചിപ്പിച്ചിരുന്നു. ഇവര്‍ റഷ്യയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു. അതേ സമയം ഇപ്പോള്‍ പിടിയിലായവര്‍ വാടക കൊലയാളികളാണെന്നും ഇവര്‍ക്ക് ഉത്തരവ് നല്‍കിയവരെ കണ്ടെത്തേണ്ടതുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.