കരിങ്കല്‍ ക്വാറി സമരം: നിര്‍മാണ മേഖല സ്തംഭനത്തില്‍

Posted on: March 6, 2015 9:49 am | Last updated: March 6, 2015 at 9:49 am
SHARE

കുറ്റിയാടി: കരിങ്കല്‍-ചെങ്കല്‍ ക്വാറി മേഖലയില്‍ മൂന്നാഴ്ചയോളമായി നടന്നു വരുന്ന സമരം കാരണം നിര്‍മാണ മേഖല സ്തംഭനാവസ്ഥയില്‍.
കെട്ടിട നിര്‍മാണത്തിനും റോഡ് പണികള്‍ക്കും ആവശ്യമായ കരിങ്കല്‍ ഉത്പന്നങ്ങള്‍ കിട്ടാതായതോടെ ഈ മേഖലയെ ആശ്രയിക്കുന്ന നൂറു കണക്കിനാളുകള്‍ തൊഴിലില്ലാതെ വിഷമത്തിലാണ്. ചെറുകിട ക്വാറി ഉടമകള്‍ സമരം തുടരുന്നതാണ് കുറ്റിയാടി മേഖലയില്‍ പ്രതിസന്ധി രൂക്ഷമാക്കിയത്. നിര്‍മാണ മേഖലയെ ആശ്രയിക്കുന്ന നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ പണിയില്ലാതെ നാട്ടിലേക്ക് തിരിച്ചു പോയിക്കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷാവസാനത്തില്‍ പൂര്‍ത്തിയാക്കേണ്ട പല നിര്‍മാണ പ്രവൃത്തികളും നിലച്ചിരിക്കുകയാണ്.
പല സ്ഥലങ്ങളിലും റോഡ് അറ്റകുറ്റപ്പണി ഉള്‍പ്പെടെ പാതിവഴിയിലാണ്. ചെങ്കല്‍ ലഭിക്കാതാതായതോടെ വീട് നിര്‍മാണവും നിലച്ചു. ത്രിതല പഞ്ചായത്തുകളുടെ സാമ്പത്തിക സഹായത്തോടെ തുടങ്ങിയ വീട് നിര്‍മാണം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കിയാലെ അനുവദിച്ച തുക പാസ്സാകുകയുള്ളൂ. നിര്‍മാണ പ്രവൃത്തികള്‍ നിലച്ചതോടെ ഉത്തരം സഹായങ്ങള്‍ പ്രതീക്ഷിച്ച് വീട് നിര്‍മാണം തുടങ്ങി അദ്യ ഘട്ടത്തിലെത്തിയവരും വെട്ടിലായിരിക്കയാണ്.