Connect with us

Kerala

കരിപ്പൂര്‍: അടിയന്തര നടപടികള്‍ സ്വീകരിക്കണം- കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളം അടച്ചിടുമ്പോള്‍ യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ പുതുക്കി പണിയുന്നതിന് മെയ് ഒന്നു മുതല്‍ ഉച്ചക്ക് 12 മുതല്‍ രാത്രി എട്ടു മണിവരെ റണ്‍വേ അടച്ചിടാന്‍ പോകുകയാണ്. 15 മാസമെങ്കിലും എടുത്തുകൊണ്ടേ ഈ പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഈ കാലയളവില്‍ വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് ഉണ്ടാവുക. ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനകമ്പനികള്‍ പലതും വലിയ വിമാനങ്ങളാണ് പൊതുവില്‍ ഉപയോഗിക്കുന്നത്. വിമാനങ്ങളിലാവട്ടെ നിറയെ യാത്രക്കാരുമുണ്ട്. വലിയ വിമാനം ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ റണ്‍വേയുടെ പണി പൂര്‍ത്തിയാകുന്നതുവരെ ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തിയെങ്കില്‍ മാത്രമേ യാത്രക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇത് ഈ മേഖലയിലെ യാത്രക്കാരില്‍ വലിയ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഹജ്ജ് തീര്‍ഥാടനം ഈ കാലയളവിലാണ് നടക്കുന്നത് എന്നതിനാല്‍ അത്തരം തീര്‍ഥാടകര്‍ക്കും ഇത് ഗൗരവകരമായ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥിതിയാണുള്ളത്.
ഗള്‍ഫ് മേഖലയില്‍ ഏറെ പേര്‍ ജോലി ചെയ്യുന്ന പ്രദേശമാണ് മലബാര്‍. അതിനാല്‍ തന്നെ ഇത് വലിയ ആശങ്ക ഉയര്‍ത്തി കഴിഞ്ഞിട്ടുണ്ട്. നമ്മുടെ നാടിന്റെ വികസനത്തിന് വലിയ സംഭാവന നല്‍കുന്ന പ്രവാസികളുടെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഒട്ടും അമാന്തം ഉണ്ടാകാന്‍ പാടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.