Connect with us

Malappuram

ചമ്രവട്ടം പദ്ധതി: യു ഡി എഫ് സമരം പദ്ധതി തകര്‍ക്കാനെന്ന് കെ ടി ജലീല്‍

Published

|

Last Updated

പൊന്നാനി: ചമ്രവട്ടം പദ്ധതിക്ക് പരിഹരിക്കാനാവാത്ത സാങ്കേതിക പിശകുകളൊന്നും ഇല്ലെന്നിരിക്കെ പദ്ധതിക്കെതിരായി യു ഡി എഫ് നടത്തുന്ന സമരാഭാസങ്ങള്‍ പദ്ധതിയെ തകര്‍ക്കാന്‍ ലക്ഷ്യംവെച്ചുളളതാണെന്ന് കെ ടി ജലീല്‍ എം എല്‍ എ പ്രസ്താവനയില്‍ പറഞ്ഞു.
ഏതൊരു പദ്ധതിയുടെയും നിരീക്ഷണ കാലയളവില്‍ സംഭവിക്കാവുന്നതേ ഇവിടെയും സംഭവിച്ചിട്ടുളളൂ. രണ്ടു ഷട്ടറിന് താഴ്ന്ന ഭാഗങ്ങളിലൂടെയുളളചോര്‍ച്ച അത് കണ്ടയുടനെ തന്നെ സ്റ്റീല്‍ ഷീറ്റ് പൈലിംഗ് നടത്തി പരിഹരിക്കാമായിരുന്നു. അതിന് സര്‍ക്കാര്‍ തയ്യാറാവാത്തതാണ് ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചത്. അന്നത്തെ വകുപ്പു മന്ത്രിയും ഇന്നത്തെ യു ഡി എഫ് എം പിയുമായ എന്‍ കെ പ്രേമചന്ദ്രന്‍ പദ്ധതിയില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് തുറന്നുപറഞ്ഞിരിക്കെ ലീഗും കോണ്‍ഗ്രസും നടത്തുന്ന സമരങ്ങള്‍ വിരോധാഭാസമാണ്. വന്‍തോതില്‍ മണല്‍ അന്യ സംസ്ഥാനത്തേക്ക് കടത്തിയെന്ന ആക്ഷേപം ഏതു കമ്പനിക്കെതിരെയാണോ ലീഗും കോണ്‍ഗ്രസും ഉയര്‍ത്തിയിരിക്കുന്നത് അതേ കമ്പനിക്കു തന്നെയാണ് കേരള പൊതുമരാമത്ത് വകുപ്പ് 40 കോടി രൂപയുടെ അനുബന്ധ റോഡുകളുടെ നിര്‍മാണം ടെണ്ടര്‍ പോലും ക്ഷണിക്കാതെ നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളിലേക്ക് ഒരു നയാപൈസ പോലും അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് അഞ്ചിന് ജനകീയ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്നും എം എല്‍ എ അറിയിച്ചു.