Connect with us

Malappuram

മക്കളെ കൊന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന് തടവും പിഴയും

Published

|

Last Updated

മഞ്ചേരി: ഏഴ്, ഒമ്പത് വയസു പ്രായമായ മക്കളെ കരിങ്കല്‍ ക്വാറിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഭര്‍ത്താവിനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി അഞ്ചു വര്‍ഷത്തെ കഠിന തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പുളിക്കല്‍ സിയാംകണ്ടം കല്ലയില്‍മൂല ചെമ്മന്‍കോട് കോയ ഉമ്മര്‍ കോയ (43)യെയാണ് ജഡ്ജി കെ സുഭദ്രാമ്മ ശിക്ഷിച്ചത്. 2009 ഒക്‌ടോബര്‍ നാലിന് രാത്രിയാണ് സംഭവം. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭാര്യ പാലപ്പറ്റ പുതിയത്ത് സുഹ്‌റാബി(29)യെ പ്രതി ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നു. ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണം.
ഇന്ത്യന്‍ ശിക്ഷാ നിയമം 306 വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണക്ക് അഞ്ചു വര്‍ഷം കഠിന തടവ്, 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവ്, 498 എ വകുപ്പ് പ്രകാരം ഭാര്യയെ പീഡിപ്പിച്ചതിന് രണ്ടു വര്‍ഷം കഠിന തടവ്,10000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
23 സാക്ഷികളില്‍ 18 പേരെ വിസ്തരിച്ചു. പ്രതിയുടെ മൂത്തമകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ വിചാരണ വേളയില്‍ കൂറൂമാറിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐ കെ യൂനുസ് സലീം ഹാജരായി.

---- facebook comment plugin here -----