Connect with us

Editorial

വഞ്ചനാ കുറ്റത്തില്‍ ഗവര്‍ണറും

Published

|

Last Updated

നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാന ഗവര്‍ണര്‍ക്ക് സ്ഥാനം രാജിവെച്ച് ഒഴിയേണ്ടിവന്നു. വഞ്ചനാ കുറ്റത്തിന് കേസെടുത്തതിനെ തുടര്‍ന്ന് മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിനാണ് രാജിവെച്ചൊഴിയേണ്ടിവന്നത്. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലേക്ക് നിയമനം നടത്തുന്ന മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാം ബോര്‍ഡി (എം പി പി ഇ ബി)ന്റെ പ്രവര്‍ത്തനങ്ങളില്‍ വഴിവിട്ട് ഇടപെട്ടു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തത്. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം യാദവിനോട് രാജി ആവശ്യപ്പെട്ടിരുന്നു. ഏതായാലും ഇനി സാധാ പൗരനെന്ന നിലയില്‍ യാദവിനെതിരെ നടപടിയെടുക്കാന്‍ തടസമില്ല. വനം വകുപ്പില്‍ ഗാര്‍ഡുമാരായി മൂന്ന് പേരെ നിയമിക്കാന്‍ ഗവര്‍ണറായിരിക്കെ രാം നരേഷ് യാദവ് ശിപാര്‍ശ ചെയ്തു എന്നാണ് ആരോപണം. എം പി പി ഇ ബി നടത്തിയ എഴുത്ത് പരീക്ഷയില്‍ ഇവരുടെ വിജയം ഉറപ്പാക്കാന്‍ ഔദ്യോഗിക ലെറ്റര്‍ പേഡില്‍ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയെന്നും ആരോപണമുണ്ട്. വിവിധ വകുപ്പുകളില്‍ നടത്തിയ മൂന്നര ലക്ഷത്തോളം നിയമനങ്ങളില്‍ 228 എണ്ണത്തില്‍ അഴിമതി നടന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് മുന്‍ സാങ്കേതിക വിദ്യാഭ്യാസമന്ത്രി ലക്ഷ്മികാന്ത് ശര്‍മയടക്കം 129 പേരെ പ്രത്യേക അന്വേഷണ സംഘം ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏതായാലും ഒരു ഗവര്‍ണര്‍ക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നാണ് അറിയുന്നത്.
സംസ്ഥാനങ്ങളില്‍ രാഷ്ട്രപതിയുടെ പ്രതിപുരുഷന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗവര്‍ണര്‍ക്ക് ഏറെ പരിരക്ഷകളും പരിഗണനകളുമുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ യു പി എ സര്‍ക്കാറാണ് മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന യാദവിനെ 2011ല്‍ മധ്യപ്രദേശില്‍ ഗവര്‍ണരായി നിയമിച്ചത്. 2016 സെപ്തംബര്‍ വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു. സ്ഥാനം രാജി വെച്ചിരിക്കെ യാദവിനെതിരെ അറസ്റ്റ് അടക്കമുള്ള ശക്തമായ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. അതിനിടയില്‍ പ്രശ്‌നം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണമുണ്ട്. മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ശിവരാജ് സിംഗ് ചൗഹാനും നിയമന അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് പ്രക്ഷോഭം തന്നെ ആരംഭിച്ച്കഴിഞ്ഞു. നിയമസഭാ നടപടികള്‍ താറുമാറായിരിക്കുകയാണ്.
ഏത് പാര്‍ട്ടി ഭരിച്ചാലും ഏത് നേതാവ് പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഗവര്‍ണരൊ ആയാലും അഴിമതിയുടെ കാര്യത്തില്‍ ആരും പിന്നിലല്ലെന്ന ചിന്താഗതി ഇപ്പോള്‍ തന്നെ ജനങ്ങളില്‍ ശക്തമാണ്. അധികാരസ്ഥാനങ്ങളിലിരുന്ന ചെറിയൊരു വിഭാഗത്തിന്റെ ചെയ്തികളാണ് ഇങ്ങനെയൊരു ചിന്തക്ക് വഴിവെച്ചത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ ദുഷ്‌പേര് മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും മേല്‍ വന്നുപതിക്കുകയായിരുന്നു. അഴിമതി ആരോപണങ്ങള്‍ക്ക് പലപ്പോഴും അടിസ്ഥാനമില്ലെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും ആരോപണ വിധേയരായ നിരപരാധികള്‍ പേറേണ്ടിവന്ന അപമാനഭാരവും അനുഭവിച്ച മനോദുഃഖവും ആര്‍ക്ക് തീര്‍ത്ത്‌കൊടുക്കാനാകും. കേരളത്തില്‍ പതിറ്റാണ്ടുകള്‍ തന്നെ നീറിപ്പുകഞ്ഞുനിന്ന പാമോലിന്‍ കേസില്‍ ഒടുവില്‍ രാജ്യത്തെ പരമോന്നതകോടതി നടത്തിയ നിരീക്ഷണം തന്നെ ഉദാഹരണം.
ആഗോളവത്കരണവും ഉദാരവത്കരണവുമെല്ലാം രാജ്യത്ത് അരങ്ങ് തകര്‍ത്താടുകയാണ്. അതിന്റെ ഒരു പുതിയ ഉപോത്പ്പന്നമാണ് “കോര്‍പ്പറേറ്റ് ചാരവൃത്തി”. പ്രധാനമന്ത്രിയുടെ ഓഫീസിലടക്കം പല മന്ത്രാലയങ്ങളിലും കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിയുക്തരായവരുണ്ട്. അവര്‍ക്ക് മുന്നില്‍ ഏത് രഹസ്യ അറയും തുറക്കപ്പെടുന്നു. ബജറ്റ് രേഖകള്‍ പോലും ചോര്‍ത്തുന്നുവെന്ന ആരോപണം ശക്തമാണ്. കോര്‍പ്പറേറ്റ് ചാരവൃത്തി കേസില്‍ ഉന്നതോദ്യോഗസ്ഥരടക്കം 16 പേര്‍ ഇതിനകം അറസ്റ്റിലായിരിക്കുന്നു. അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നവര്‍ക്കിടയില്‍ തന്നെ കള്ളനാണയങ്ങളുണ്ട്. മധ്യപ്രദേശ് ഗവര്‍ണരായിരുന്ന രാം നരേഷ് യാദവിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പോലും അതാണ് സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ യോഗ്യരായവര്‍ക്ക് മാത്രം നിയമനം ലഭിക്കുന്നുവെന്ന് വിശ്വസിക്കാനാണ് നമുക്കെല്ലാം ആഗ്രഹം. സര്‍ക്കാര്‍ നിയമന ഏജന്‍സികളായ പി എസ് സി, എം പി പി ഇ ബി തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ നാം പാവനമായി കാണുന്നതും അതുകൊണ്ടാണ്. എന്നാല്‍ മധ്യപ്രദേശില്‍ ഇങ്ങനെയൊരു സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നത് ഭരണഘടനയുടെ കാവല്‍ക്കാരനെന്ന് വിവക്ഷിക്കുന്ന ഗവര്‍ണര്‍തന്നെയാണെന്നത് ആരേയും നടുക്കുന്നതാണ്. “എല്ലാം ഒരു വിശ്വാസമല്ലേ” എന്ന് പറഞ്ഞ് കൈകഴുകുന്നത് കൊടും പാതകമാണ്. കുറ്റവാളികള്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം.

Latest