Connect with us

Malappuram

സുന്നിചലനങ്ങള്‍ ദേശീയതലത്തില്‍ ശക്തമാക്കും: ദേശീയ പ്രതിനിധി സമ്മേളനം

Published

|

Last Updated

താജുല്‍ഉലമാ നഗര്‍: അഹ്‌ലുസ്സുന്നയുടെ മഹിതമായ ആശയങ്ങളെ രാജ്യത്താകമാനം വ്യാപിപ്പിക്കുന്നതിന് ദൃഢ പ്രതിജ്ഞയെടുത്ത് ദേശീയ പ്രതിനിധികളുടെ സമ്മേളനം. രാജ്യത്തെ മുസ്‌ലിംകളില്‍ തൊണ്ണൂറ് ശതമാനം പേരും സുന്നികളാണ്. ഇവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളുണ്ടാകണം. ഭരണതലത്തില്‍ സ്വാധീനം ചെലുത്തി മുസ്‌ലിം സമൂഹത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഇതുവഴി സാധ്യമാകുമെന്നും മുസ്‌ലിം ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (എം ഒ ഐ) ദേശീയ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
കാശ്മീര്‍ ഉള്‍പ്പെടെയുള്ള ഇരുപത്തിരണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സുന്നി യുവ ജനസംഘത്തിന് കീഴില്‍ രാജ്യത്താകമാനം ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ ദിശ കാണിക്കുന്നതിനാണ് എം യു ഐ പ്രവര്‍ത്തിക്കുന്നത്. ഇതിലുള്‍പ്പെട്ട പ്രതിനിധികളാണ് എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിനെത്തിയത്. എം യു ഐ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫര്‍ഹത്ത് മിയാ ഖാന്‍ ഉത്തര്‍പ്രദേശ് ഉദ്ഘാടനം ചെയ്തു. കേരളത്തിലേത് പോലെ മറ്റ് സംസ്ഥാനങ്ങളിലും ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ ഇസ്‌ലാമിന് മികച്ച അടിത്തറയാണുള്ളത്. അതിന് പര്യാപ്തമായ പണ്ഡിതന്‍മാരും നിരവധിയുണ്ട് കേരളത്തില്‍. കാന്തപുരത്തിന്റെയും അബ്ദുല്‍ ഹകീം അസ്ഹരിയുടെയും നേതൃത്വത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കും ശക്തമായ പിന്തുണ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഇസ്‌ലാം പ്രചരിപ്പിച്ചവരുമായി ബന്ധമുള്ളവരാണ് കേരളത്തിലെ പണ്ഡിതന്‍മാരെന്നും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദഅ്‌വയുടെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ക്ലാസെടുത്തു. മുസ്‌ലിംകള്‍ വ്യവസ്ഥാപിതമായി സംഘടിക്കണമെന്നും പ്രവര്‍ത്ത രീതിയില്‍ മാറ്റം വരുത്തി ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലുള്ളത് പോലെ വിവിധ മതങ്ങളിലുള്ളവര്‍ സാഹോദര്യത്തോടെ ജീവിക്കണം. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിവിധ മത വിഭാഗങ്ങള്‍ വേര്‍പ്പെട്ട് ജീവിക്കുന്നതായാണ് കാണുന്നത്. ഒരുകാലത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പണ്ഡിതന്‍മാരാണ് കേരളത്തിലെത്തി ഇസ്‌ലാമിക പ്രബോധനം നടത്തിയത്. ഇന്ന് ഇതില്‍ മാറ്റം വന്നിരിക്കുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകളുടെ നിലവിലുള്ള സംഘടനാ സംവിധാനത്തില്‍ നിന്ന് മാറ്റം വരുത്തി കേരളത്തില്‍ നിന്നുള്ള പണ്ഡിത നേതൃത്വവുമായി ആലോചിച്ച് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് അബ്ദുര്‍റഹ്മാന്‍ അഹ്‌സനി കായല്‍പട്ടണം അധ്യക്ഷത വഹിച്ചു. ദഅ്‌വത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ അഡ്വ. ഇസ്മാഈല്‍ വഫ, ഇസ്‌ലാം എന്ന വിഷയത്തില്‍ ഹസൈനാര്‍ നദ്‌വി ആന്‍ഡമാന്‍, അഹ്‌ലുസ്സുന്ന എന്ന വിഷയത്തില്‍ മുഹമ്മദ് ഉവൈസ് മന്‍സരി ഹുബ്ലി, സംഘാടനം ശൗക്കത്ത് ബുഖാരി കാശ്മീര്‍, ദേശീയ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്തം ഡോ. അബൂബക്കര്‍ പത്തംകുളം, പ്രവൃത്തിപഥം മുസ്തഫ കോഡൂര്‍, വിഷന്‍ ആന്‍ഡ് മിഷന്‍ എന്ന വിഷയം യൂസുഫ് മിസ്ബാഹി അവതരിപ്പിച്ചു. സുഹൈര്‍ നൂറാനി, എന്‍ അലി അബ്ദുല്ല, ആര്‍ പി ഹുസൈന്‍ പ്രസംഗിച്ചു. സയ്യിദ് ഫസല്‍ വാടാനപ്പള്ളി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

Latest