Connect with us

Kozhikode

പകര്‍ച്ച വ്യാധി: ആരോഗ്യ വകുപ്പ് പരിശോധന നടത്തി

Published

|

Last Updated

കോഴിക്കോട്: പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ പ്രദേശത്തുള്ള മെഡിക്കല്‍ കോളജ്, പാളയം, ബീച്ച് എന്നിവിടങ്ങളിലെ ലബോറട്ടികളിലും, ഡെന്റല്‍ ക്ലിനിക്കുകളിലും പരിശോധന നടത്തി. സാംക്രമിക രോഗങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച രണ്ട് ലാബുകള്‍ ഇതേത്തുടര്‍ന്ന് അടച്ചുപൂട്ടി.
കാലാവധി കഴിഞ്ഞ റീ ഏജന്റുകള്‍, ടെസ്റ്റ്കിറ്റ്, സ്റ്റെയിന്‍സ് എന്നിവ പരിശോധനയില്‍ കണ്ടെത്തി. ലൈസന്‍സില്ലാതെയും ആവശ്യമായ മുന്‍കരുതലുകളില്ലാതെയും പ്രവര്‍ത്തിച്ച സ്ഥാപനങ്ങളും ബയോ മെഡിക്കല്‍ വേസ്റ്റ് സുരക്ഷിതമായി സംസ്‌കരിക്കുകയോ സൂചികള്‍ യഥാസമയം നശിപ്പിക്കുകയോ ചെയ്യാത്ത കേസുകളും പരിശോധനയില്‍ കണ്ടെത്തി. ലാബ് റീ ഏജന്റിന്റെ കൂടെ കീടനാശിനിയും കണ്ടെത്തി. കേന്ദ്രപുകയില വിരുദ്ധ നിയമത്തിന്റെ ഭാഗമായി പത്ത് സ്ഥാപനങ്ങളില്‍ നിന്ന് രണ്ടായിരം രൂപ പിഴ ഈടാക്കി. പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയില്‍ പകര്‍ച്ചവ്യാധികള്‍ സൃഷ്ടിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികളെടുക്കുമെന്ന് അഡീഷനല്‍ ഡി എം ഒ. ഡോ. എ സാബു അറിയിച്ചു.
ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ പി സി രാധാകൃഷ്ണന്‍, നാരായണന്‍ ചെറള, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഷിബു ആദായി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി ടി ഗണേഷന്‍, ലാബ് ടെക്‌നീഷ്യന്‍ ശിവദാസന്‍, അരുണ്‍ലാല്‍, ബബിത ആശ പരിശോധനക്ക് നേതൃത്വം നല്‍കി.

Latest