സി പി ഐ രാഷ്ട്രീയ പ്രമേയത്തില്‍ സി പി എമ്മിന് വിമര്‍ശനം

Posted on: February 27, 2015 10:21 pm | Last updated: February 28, 2015 at 12:21 am

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ശക്തമായ ്രപക്ഷോഭം നടത്തുന്ന കാര്യത്തില്‍ മുന്നണി നേതൃത്വം പരാജയപ്പെട്ടെന്നും, ഇക്കാര്യത്തില്‍ ഇടതു മുന്നണിയിലെ പ്രധാന കക്ഷിയായ സി പി എം കൈകൊണ്ട നിലപാടുകള്‍ മുന്നണിക്ക് ദോഷം ചെയ്‌തെന്നും സി പി ഐയുടെ രാഷ്ട്രീയ പ്രമേയ റിപ്പോര്‍ട്ട്. 94 പേജുള്ള റിപ്പോര്‍ട്ടില്‍ മുന്നണി ബന്ധങ്ങളെക്കുറിച്ചും തിരഞ്ഞെടുപ്പിനെക്കുറിച്ചുമുള്ള വിലയിരുത്തലിലാണ് സി പി എമ്മിനെതിരെ പേരെടുത്ത വിമര്‍ശനം നടത്തിയിട്ടുള്ളത്.
സി പി എമ്മിന്റെ ഏകപക്ഷീയ നിലപാടുകളും ധാര്‍ഷ്ഠ്യം നിറഞ്ഞ സമീപനവുമാണ് എല്‍ ഡി എഫില്‍ കക്ഷികളുടെ കൊഴിഞ്ഞുപോക്കിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനവുമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തെ സി പി എം നേതാവിന്റെ മോശം പരമാമര്‍ശം ഇടതു വോട്ടുകളെ ബാധിച്ചെന്നും. ആര്‍ എസ് പിയുടെ മാറ്റം മുന്നണിക്ക് ക്ഷതമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആര്‍ എസ് പി ഇടതുസഖ്യം ഉപേക്ഷിച്ചത് മുന്നണി ദുര്‍ബലമാണെന്ന ചര്‍ച്ചക്ക് ശക്തി കൂട്ടിയെന്നും റിപ്പോര്‍ട്ടു കുറ്റപ്പെടുത്തുന്നു.
കൊല്ലത്തും ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലും ആര്‍ എസ് പിയുടെ വിട്ടുപോക്ക് വിജയത്തെ ബാധിച്ചു. 2009ല്‍ ജനതാദളും 2014 ലെ തിരഞ്ഞെടുപ്പില്‍ ആര്‍ എസ് പിയും മുന്നണിയില്‍ നിന്ന് വിട്ടു യു ഡി എഫിലെത്തി. സീറ്റിന്റെ കാര്യത്തില്‍ സി പി എമ്മുമായി തെറ്റിയാണ് ജനതാദളും ആര്‍ എസ് പിയും മുന്നണി വിട്ടത്. രണ്ടിനും സമാനതകള്‍ ഏറെയാണെന്നും റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. എല്‍ ഡി എഫില്‍ ജനാധിപത്യം ആവശ്യമാണ്.
നെയ്യാറ്റിന്‍കരയില്‍ സി പി എമ്മില്‍ നിന്ന് കോണ്‍്രഗസിെലത്തിയ െശല്‍വരാജിന്റെ വിജയത്തിന് ടി പി ചന്ദ്രശേഖരന്‍ വധവും തെരഞ്ഞെടുപ്പ് ദിവസം ടി പി ചന്ദ്രശേഖരന്റെ വീട് വി എസ് സന്ദര്‍ശിച്ചതും എം എം മണിയുടെ വിവാദ ്രപസംഗവും വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. സി പി എം മുന്നണിയില്‍ കാട്ടുന്ന മുഷ്‌കിനെ നേരിടാന്‍ സി പി ഐ മാത്രമേയുള്ളൂ. കൂടെയുള്ള മറ്റ് ഘടകകക്ഷികള്‍ ദൂര്‍ബലരാണ്. ന്യായമായ അവകാശങ്ങള്‍ ലഭിക്കുന്നതിന് പലപ്പോഴും കടുത്ത നിലപാട് സ്വീകരിക്കേണ്ടതായി വന്നിട്ടുണ്ട്. നാമമാത്ര കക്ഷികള്‍ മാത്രമുള്ള എല്‍ ഡി എഫിന്റെ അടിത്തറ വിപുലീകരിക്കുകയും ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തി കൊണ്ടു വരണമെന്നും സി പി ഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സോളാര്‍ സമരം പെടുന്നനെ പിന്‍വലിച്ചത് സഖാക്കളിലും പൊതുജനങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കിയെന്നും സര്‍ക്കാരുമായി ഉണ്ടായ അഡ്ജസ്റ്റുമെന്റാണ് സമരം നിര്‍ത്താന്‍ കാരണമായതെന്ന അഭിപ്രായം ഉയര്‍ന്നതായും പരാമര്‍ശമുണ്ട്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതിലും ഗുരുതരമായ വീഴ്ച സംഭവിച്ചതായുള്ള സ്വയം വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.